Begin typing your search above and press return to search.
ഗ്രോസറി ഓണ്‍ലൈന്‍ വില്‍പ്പന വളരുന്നതായി റിപ്പോര്‍ട്ട്
ട്ടടുത്ത ചെറുകിട പലചരക്കുകടകളെ മാത്രം ആശ്രയിച്ചിരുന്ന ആളുകള്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ തിരിയുന്നതായി പഠന റിപ്പോര്‍ട്ട്. ബിഒഎഫ്എ ഗ്ലോബല്‍ റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഫാഷന്‍, ഗ്രോസറി, ഹെല്‍ത്ത് ടെക് മേഖലയിലെ വേഗത്തിലുള്ള ഇ കൊമേഴ്‌സ് വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഗ്രോസറി സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുന്നത് സാധാരണയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് കാലയളവിലാണ് ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ വാങ്ങളുകളിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും ഗ്രോസറി സാധനങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങുന്നത് തുടരുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ജിയോമാര്‍ട്ടില്‍ നിന്ന് 29 ശതമാനം പേരും ബിഗ് ബാസ്‌ക്കറ്റില്‍ നിന്ന് 28 ശതമാനം പേരും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് 17 ശതമാനം പേരും പലചരക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ മാത്രമാണ് ഓഫ്‌ലൈന്‍ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും, അടുത്തിടെ കമ്പനികള്‍ ഏര്‍പ്പെടുത്തിയ 10 മിനുട്ട് ഡെലിവറിയുടെ സൗകര്യം പ്രയോജനപ്പെടുത്തിയവരാണ്.
അതേസമയം ഫാഷന്‍ രംഗത്ത് മിന്ത്രയെയും ഫാര്‍മസി രംഗത്ത് ഫാംഈസിയെയും ആണ് ഓണ്‍ലൈന്‍ രംഗത്ത് ഉപഭോക്താക്കള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.
37 ശതമാനം ഉപഭോക്താക്കളും ഫാംഈസിയെ ആശ്രയിക്കുമ്പോള്‍ അപ്പോളോ 247 (17 ശതമാനം), മെഡ്പ്ലസ്, നെറ്റ് മെഡ്‌സ് (12 ശതമാനം വീതം) എന്നിവയില്‍ നിന്ന് മരുന്ന് വാങ്ങുന്നു. എന്നാല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളെ ആശ്രയിക്കുന്നത് 12 ശതമാനം പേര്‍ മാത്രമാണ്.
മധ്യവര്‍ഗ വിഭാഗത്തില്‍ പെട്ട 1000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയിരിക്കുന്നത്. പകുതി വീതം പുരുഷന്മാരും സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. 35 ശതമാനം പേരും 18നും 29നും ഇടയില്‍ പ്രായമുള്ളവും 37 ശതമാനം പേര്‍ 30-44 പ്രായമുള്ളവരുമാണ്. 45-60 വയസ്സിനിടയിലുള്ള 19 ശതമാനം പേരും സര്‍വേയില്‍ പങ്കെടുത്തു.
Next Story
Videos