Begin typing your search above and press return to search.
ഡിജിറ്റല്‍ യുഗത്തിലും റീറ്റെയ്ല്‍ സ്റ്റോറുകളുടെ പ്രാധാന്യം കുറയില്ലെന്ന് ധനം സമിറ്റില്‍ വിദഗ്ധര്‍
ഡിജിറ്റല്‍ യുഗത്തിലും സാധാരണ കടകളുടെ പ്രാധാന്യം കുറയാനുള്ള സാഹചര്യമില്ലെന്ന് റിറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ ഹിതേഷ് ഭട്ട്. ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും 77 ശതമാനം ഉപഭോക്താക്കളും ഷോപ്പുകളില്‍ ചെന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നതെന്നും വില്‍പ്പന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഓമ്‌നിചാനല്‍ എന്നത് പ്രശ്‌നമാകുന്നില്ലെന്നും മികച്ച സാധനങ്ങളോ സേവനങ്ങളോ നല്‍കുന്നതിനുള്ള മീഡിയം എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജിഡിപിയുടെ 10 ശതമാനവും തൊഴിലവസരങ്ങളുടെ എട്ടു ശതമാനവും നല്‍കുന്നത് റീറ്റെയ്ല്‍ മേഖലയാണ്. ഓരോ വര്‍ഷവും 10 ശതമാനം വളരുകയും ചെയ്യുന്നു. എല്ലാ മേഖലകളിലും അവസരങ്ങള്‍ ഉണ്ട്. എല്ലാ മേഖലകളിലും ടെക്‌നോളജിയുടെ വരവ് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മറ്റും സഹായത്തോടെ വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകുന്നു. സോഷ്യല്‍ കൊമേഴ്‌സ് മേഖലയും വലിയ വളര്‍ച്ച നേടിയിട്ടുണ്ടെന്നും ഡോ. ഹിതേഷ് ഭട്ട് പറഞ്ഞു.
വേറിട്ട ചിന്താഗതി
ബിസിനസില്‍ വേറിട്ട സമീപനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍ക്കാനാവൂ എന്ന് റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകന്‍ ടിനി ഫിലിപ്പ്. ന്യൂ റൂള്‍സ് ഓഫ് റീറ്റെയ്ല്‍ ബ്രാന്‍ഡിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് പൊതുവായുള്ള ചിന്താഗതി പിന്തുടരുന്നവരാണ് പല സംരംഭകരും. എപ്പോഴും ഉല്‍പ്പാദനശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും സാമ്പത്തിക മേഖല കുതിക്കുന്ന സമയത്ത് പരമാവധി ബിസിനസ് വിപുലീകരണം നടത്തണമെന്നും വളര്‍ച്ചയ്ക്ക് വായ്പ അത്യാവശ്യമാണെന്നും വിപണി പങ്കാളിത്തം പരമാവധിയാക്കുക എന്നതുമൊക്കെ ഇത്തരത്തില്‍ ബിസിനസുകാര്‍ക്കിടയിലുള്ള തെറ്റായ ധാരണയാണ്.
നിലവിലെ സാഹചര്യം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും, തൊഴില്‍ ലഭ്യതയെ കുറിച്ചുമൊക്കെ പെരുപ്പിച്ച കണക്കുകളാണ് എടുത്തുകാട്ടുന്നതെന്നും ടിനി ഫിലിപ്പ് പറഞ്ഞു.
Next Story
Videos