റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രത്യാശയുടെ കിരണം, 2030 ഓടെ ഇന്ത്യയിലെ പ്രതിശീര്‍ഷ റബ്ബര്‍ ഉപഭോഗം ഒന്നര മടങ്ങ് വര്‍ധിക്കുമെന്ന് ഐ.ആര്‍.ഐ ചെയര്‍മാന്‍

2030 ഓടെ ഇന്ത്യയുടെ മൊത്തം റബ്ബര്‍ ഉപഭോഗം 1.8 ദശലക്ഷം ടണ്ണില്‍ നിന്ന് 3.6 ദശലക്ഷം ടണ്ണായി ഉയരും. രാജ്യത്തെ പ്രതിശീര്‍ഷ റബ്ബര്‍ ഉപഭോഗം നിലവിലെ 1.3 കിലോയില്‍ നിന്ന് 2.5 കിലോഗ്രാമായി ഉയരുമെന്നും ഇന്ത്യന്‍ റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്‍.ഐ) ചെയര്‍മാന്‍ ഡോ. ആര്‍. മുഖോപാധ്യായ പറഞ്ഞു. കൊച്ചിയില്‍ റബ്ബര്‍കോണ്‍ 2024 ന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പരിശീലനവും വൈദഗ്ധ്യവും നേടിയ 10 ലക്ഷം മനുഷ്യവിഭശേഷിയുടെ ആവശ്യകതയാണ് ഉളളത്. ലോകമെമ്പാടുമുള്ള ടയറുകള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യ സംരക്ഷണം, പാദരക്ഷകള്‍, മറ്റ്
റബർ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രാഥമിക
വിതരണക്കാരായി 2030 ഓടെ ഇന്ത്യ ഉയര്‍ന്നുവരുമെന്നും ഡോ. മുഖോപാധ്യായ പറഞ്ഞു.
2027 ഓടെ ആഗോള റബ്ബര്‍ ഉല്‍പ്പന്ന വിപണി 504 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നതെന്ന് ജെ.കെ ടയേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ അന്‍ഷുമാന്‍ സിംഘാനിയ പറഞ്ഞു. 2023 ല്‍ 400 ബില്യണ്‍ ഡോളറായിരുന്ന വ്യവസായം 2024 ല്‍ 432 ബില്യണ്‍ ഡോളറായി വളര്‍ന്നു. സംയോജിത വാര്‍ഷിക വളര്‍ച്ച 8 ശതമാനമാണ്. ആഗോള റബ്ബര്‍ സമ്പദ് വ്യവസ്ഥയില്‍ 6 ശതമാനം ഇന്ത്യന്‍ റബ്ബര്‍ വ്യവസായത്തിന്റെ സംഭാവനയാണെന്നും സിംഘാനിയ പറഞ്ഞു.
ഡിസംബര്‍ 5 മുതല്‍ 7 വരെ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര റബ്ബർ സമ്മേളനം റബ്ബർകോൺ 2024 അഗ്‌നി മിസൈലിന്റെ മുന്‍ പ്രോജക്ട് ഡയറക്ടറും നിലവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്റെ വൈസ് ചാന്‍സലറുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു.
മൈസൂരുവിലെ ജെ.എസ്.എസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഐ.ആര്‍.ഐ 500 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്‌നോളജിയിലെ മികവിന്റെ കേന്ദ്രം 2025 ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, യു.കെ, യു.എസ്.എ, കാനഡ, ബെല്‍ജിയം, ചൈന, ശ്രീലങ്ക, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 90 വിദഗ്ധരുടെ പ്രബന്ധങ്ങളും 18 പോസ്റ്റര്‍ അവതരണങ്ങളുമാണ് ഉളളത്.
Related Articles
Next Story
Videos
Share it