ഓസ്‌ട്രേലിയന്‍ നികുതി പരിഷ്‌കാരം; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നേട്ടം

സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശ വരുമാനത്തിന് (offshore income) ഇനി ഓസ്‌ട്രേലിയ നികുതി ചുമത്തില്ല. ശനിയാഴ്ച ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാണ് (ECTA) പുതിയ ഭേദഗതികള്‍ കൊണ്ടുവരുക. മെയ് മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമാവും നികുതി നിയമങ്ങള്‍ ഭേദഗതി ചെയ്യുക.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 1991ല്‍ ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയിലെ (ഡിടിഎഎ) അപാകത മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ ഓസ്‌ട്രേലിയ അധിക നികുതി ഇടാക്കുന്നുണ്ട്. ഉദാഹരണത്തിന് ഓസ്‌ട്രേലിയന്‍ ഉപഭോക്താവിന് വേണ്ടി, 50 ശതമാനം ജോലി ഇന്ത്യയിലും ബാക്കി ഓസ്‌ട്രേലിയിയിലും ആണ്‌ ചെയ്യുന്നെന്ന് കരുതുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ചെയ്യുന്ന 50 ശതമാനം ജോലിക്ക് ഇരുരാജ്യങ്ങളിലും നികുതി അടയ്ക്കണം. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോര്‍ട്ടില്‍ നടത്തിയ കേസ് 2018ല്‍ ടെക്ക് മഹീന്ദ്ര തോറ്റിരുന്നു.

നികുതി വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നേട്ടമാവും. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറോളമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിലവിലെ നികുതി വ്യവസ്ഥയില്‍ അധികം നല്‍കേണ്ടി വരുന്നത്.

പ്രതിവര്‍ഷം 4-8 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യന്‍ കമ്പനികള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നേടുന്നത്. ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കയറ്റുമതിയുടെ 3.1 ശതമാനം ഓസ്‌ട്രേലിയിലേക്കും ന്യൂസിലാന്‍ഡിലേക്കുമായാണ്. നേരത്തെ യുഎസ്, ചൈന, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുമായും സമാനമായ നികുതി പരിഷ്‌കാരം ഓസ്‌ട്രേലിയ കൊണ്ടുവന്നിരുന്നു.

Related Articles
Next Story
Videos
Share it