Begin typing your search above and press return to search.
ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, കാരണം വിലകുറഞ്ഞ ഇറക്കുമതി
ആഭ്യന്തര സ്റ്റീൽ വ്യവസായത്തിൻ്റെ ഉല്‍പ്പാദനം ഈ സാമ്പത്തിക വര്‍ഷത്തില്‍ നാല് വർഷത്തിനിടെ ആദ്യമായി 80 ശതമാനത്തിൽ താഴെയാകാൻ പോകുന്നു. വിലകുറഞ്ഞ സ്റ്റീല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഇതിന് കാരണം. ഇന്ത്യന്‍ സ്റ്റീൽ കമ്പനികളുടെ വരുമാനം നിലവിലുള്ള നിലവാരത്തിൽ നിന്ന് ഉയർന്നില്ലെങ്കിൽ, കമ്പനികളുടെ പുതിയ ശേഷി കൂട്ടിച്ചേർക്കൽ പദ്ധതികൾ ഇഴയാന്‍ സാധ്യതയുണ്ടെന്നും റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആർ.എ വ്യക്തമാക്കുന്നു.
കൊവിഡിന് ശേഷമുളള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2021-22 നും 2023-24 നും ഇടയിൽ ഇന്ത്യന്‍ കമ്പനികള്‍ക്ക് 80 ശതമാനത്തിന് മുകളിൽ ഉല്‍പ്പാദന ശേഷി കൈവരിക്കാന്‍ സാധിച്ചിരുന്നു. മികച്ച ഡിമാന്‍ഡും ശക്തമായ നിക്ഷേപങ്ങളുമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടായിരുന്നത്.
വിലകുറഞ്ഞ ഇറക്കുമതിയിലെ സമീപകാല കുതിച്ചുചാട്ടമാണ് ആഭ്യന്തര സ്റ്റീൽ കമ്പനികള്‍ക്ക് തിരിച്ചടി ആയിരിക്കുന്നത്. സ്റ്റീലിന് ആഗോളതലത്തിൽ വലിയ ഡിമാന്‍ഡാണ് ഉളളത്. അതുകൊണ്ടു തന്നെ ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിൻ്റെ ബിസിനസ് വര്‍ധിക്കുന്നതില്‍ അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങള്‍ നിർണായക പങ്കാണ് വഹിക്കുന്നത്.
ചൈനയിലെ സമ്പദ് രംഗം വല്ലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. ഇതിനാല്‍ ഇന്ത്യയടക്കമുളള മറ്റ് മുൻനിര ആഗോള സ്റ്റീൽ ഉപഭോഗ രാജ്യങ്ങളിലേക്ക് അവര്‍ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുകയായിരുന്നു.
7.5 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയാണ് നിലവിൽ ഇറക്കുമതിക്ക് ചുമത്തുന്നത്. 2015-2016 ല്‍ സ്റ്റീല്‍ വിപണി അസ്ഥിരമായിരുന്ന സമയത്ത് മറ്റു നികുതികള്‍ ചുമത്തിയിരുന്നു. ആന്റി-ഡമ്പിംഗ് ഡ്യൂട്ടി, സേഫ്ഗാർഡ് ഡ്യൂട്ടി, മിനിമം ഇറക്കുമതി വില തുടങ്ങി താരിഫ് പരിരക്ഷണ നടപടികള്‍ ഇപ്പോള്‍ ചുമത്തുന്നില്ല. ഇത് വിദേശ സ്റ്റീല്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുളള പ്രവേശനം എളുപ്പമാക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos