ഇതുകണ്ടോ അമേരിക്കനാ... അബിഡാസ്; ഡ്യൂപ്ലിക്കേറ്റുകളുടെ ഇന്ത്യമാര്‍ട്ട്, കുപ്രസിദ്ധ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വിപണികള്‍ ഇവയാണ്

ഇതുകണ്ടോ അമേരിക്കനാ... അബിഡാസ്, ഇപ്പോള്‍ ഇതിന്റെ ഡുപ്ലിക്കേറ്റ് ഇറങ്ങിയിട്ടുണ്ട് അഡിഡാസ്...എന്തുകൊണ്ടാണ് ഈ ഡയലോഗ് ഇന്ത്യക്കാരെ ഇത്രമാത്രം ചിരിപ്പിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒര്‍ജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ് സാധനങ്ങളും നമ്മളും തമ്മിലുള്ള ബന്ധം അത്രയേറെ വലുതാണെന്നതാണ് അതിനുള്ള ഉത്തരം. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഇത്തരത്തില്‍ വലിയ ബ്രാന്‍ഡുകളുടെ ലോഗോയൊക്കെയായി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഡൂപ്ലിക്കേറ്റ് സാധനങ്ങള്‍ കാണാം. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങല്‍ പലപ്പോഴും ബ്രാന്‍ഡുകള്‍ക്കും വലിയ വെല്ലുവിളി ആകാറുമുണ്ട്.

യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) പുറത്തിറക്കിയ വ്യാജ ഉല്‍പ്പന്നങ്ങളിലൂടെ കുപ്രസിദ്ധി നേടിയ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പടെ അഞ്ചെണ്ണം ഇന്ത്യയില്‍ നിന്നാണ്. രാജ്യത്തെ ജനപ്രിയ ഇ-കൊമേഴ്‌സ് കമ്പനി ഇന്ത്യമാര്‍ട്ട്.കോം ആണ് യുഎസ് പട്ടികയില്‍ ഇടം നേടിയ ആ പ്ലാറ്റ്‌ഫോം. ഇന്ത്യമാര്‍ട്ട്.കോമിനെ കൂടാതെ 41 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടിയുണ്ട് യുഎസ് ലിസ്റ്റില്‍. 35 ഓഫ് ലൈന്‍ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യം നാലാണ്. ഡല്‍ഹിയിലെ പ്രശസ്തമായ പാലിക ബസാര്‍, ടാങ്ക് റോഡ്, മുംബൈയിലെ ഹീരാ പന്ന, കൊല്‍ക്കത്തയിലെ കിദ്ദര്‍പോര്‍ എന്നിവയാണ് കുപ്രസിദ്ധ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത്.
വില്‍പ്പനക്കാരെ വെരിഫൈ ചെയ്യാനോ വ്യാജ ഉള്‍പ്പന്നങ്ങള്‍ തടയാനോ ഇന്ത്യമാര്‍ട്ട്.കോം ശ്രമിക്കുന്നില്ലെന്നാണ് യുഎസ്ടിആര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ്-ടു-ബിസിനസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യമാര്‍ട്ടില്‍ വ്യാജമരുന്നുകള്‍ പോലും വില്‍പ്പനയ്ക്ക് വെക്കുന്നുവെന്നാണ് യുഎസ്ടിആറിന്റെ ആരോപണം. പട്ടികയിലുള്ള മറ്റ് നാല് ഇന്ത്യന്‍ മാര്‍ക്കറ്റുകളും ദശകങ്ങളായി വ്യാജ ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ടവയാണ്.
ഇലക്ട്രോണിക്‌സ് മുതല്‍ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളില്‍ വരെ ഈ മാര്‍ക്കറ്റുകിളില്‍ വ്യാജന്മാരെ കണ്ടെത്താം. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാജ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് ഈ മാര്‍ക്കറ്റുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വ്യാജ ബ്രാന്‍ഡുകളിലെ ക്രീമുകള്‍ ഉള്‍പ്പടെയുള്ളവ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ജന സാന്ദ്രതയും വ്യജന്മാരുടെ സ്വാധീനവും കൃത്യമായ പരിശോധന നടത്തുന്നതില്‍ നിന്ന് അധികാരികളെ പിന്തിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
അമേരിക്കന്‍ വ്യാപാര നയം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചുമതലയുള്ള യുഎസ് സര്‍ക്കാരിന്റെ ഒരു ഏജന്‍സിയാണ് യുഎസ്ടിആര്‍.2011 മുതല്‍ ഇവര്‍ ലോകത്തെ കുപ്രസിദ്ധ മാര്‍ക്കറ്റുകളുടെ പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കുന്നുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും അമേരിക്കന്‍ ബിസിനസുകളെ സംരംക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് യുഎസ്ടിആറിന്റെ ലക്ഷ്യം.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it