കുതിച്ച് ചാട്ടത്തിന് ഇന്ത്യയുടെ റീറ്റെയ്ല്‍ രംഗം; അതിസമ്പന്നരുടെ എണ്ണത്തിലും മുന്നേറ്റം

ദേശീയ, രാജ്യാന്തരതലത്തിലുള്ള ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റീറ്റെയ്ല്‍ രംഗത്തിന്റെ വലുപ്പം രണ്ട് ട്രില്യണ്‍ ഡോളറിലെത്താനുള്ള സാഹചര്യമുണ്ടെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (ബി.സി.ജി) റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 830 ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള റീറ്റെയ്ല്‍ രംഗം അടുത്ത ഒരു ദശാബ്ദത്തില്‍ 9-10 ശതമാനം നിരക്കില്‍ വളരുമെന്നാണ് പ്രതീക്ഷ.
നിലവില്‍ റീറ്റെയ്ല്‍ രംഗം, പ്രത്യേകിച്ച് ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗ്രോസറി, എഫ്.എം.സി.ജി, മെഡിക്കല്‍ ഗുഡ്‌സ്, ക്യു.എസ്.ആര്‍ (ക്വിക് സര്‍വീസ് റെസ്റ്റൊറന്റ്‌സ്) തുടങ്ങിയ മേഖലകളിലെ വില്‍പ്പനയില്‍ വേഗതക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പം, വരുമാനത്തില്‍ വന്ന കുറവ്, ഉയര്‍ന്ന നേട്ടം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലേക്കുള്ള ചുവടുമാറ്റം, ചെലവിടുന്നതിനേക്കാള്‍ കൂടുതല്‍ നിക്ഷേപത്തിന് കൊടുക്കുന്ന പ്രാധാന്യം എന്നിവയാണ് ഇതിന് പിന്നിലെ ചില സുപ്രധാന കാരണങ്ങള്‍.
സ്ഥിതിമാറുമെന്ന് വിദഗ്ധര്‍
പക്ഷേ വിദഗ്ധര്‍ പറയുന്നത് നിലവിലെ സ്ഥിതി മാറുമെന്നാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ വരുന്ന വര്‍ധന, ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുക എന്നതില്‍ നിന്ന് മാറി പുതിയ അനുഭവങ്ങള്‍ക്കായി പണം മുടക്കുന്ന അവസ്ഥ, രണ്ടാംനിര, മൂന്നാംനിര പട്ടണങ്ങളില്‍ നിന്നുള്ള ഡിമാഡ് അതിവേഗം വളരുന്നത് എന്നിവയാണ് ഇതിനുള്ള കാരണങ്ങള്‍.
അത്യാഡംബര, ആഡംബര ബ്രാന്‍ഡുകളുടെ ഡിമാന്‍ഡില്‍ കരുത്തുറ്റ കുതിപ്പായിരുന്നു ഇതിനുമുന്‍പ് കണ്ടിരുന്ന പ്രവണത. വര്‍ധിക്കുന്ന മധ്യവര്‍ഗം-മേല്‍ത്തട്ടിലുള്ള വര്‍ഗം, ഓഹരി വിപണിയിലെ കുതിപ്പ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായത്, വിദേശയാത്രകള്‍ വര്‍ധിച്ചത് എന്നിവയെല്ലാം ഈ ചുവടുമാറ്റത്തിന് കാരണമായി. വില്‍പ്പനയും മാര്‍ജിനും കൂട്ടാന്‍ നിരവധി കമ്പനികള്‍ പ്രീമിയം ഉത്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും തുടങ്ങി. ഉദാഹരണത്തിന് പേഴ്‌സണല്‍ കെയര്‍ മേഖലയില്‍ ഐ.ടി.സി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിപണിയിലെത്തിച്ച പുതിയ ഉത്പന്നങ്ങളില്‍ മൂന്നില്‍ രണ്ട് പ്രീമിയം വിഭാഗത്തില്‍ പെട്ടതായിരുന്നു.
അതിസമ്പന്നര്‍ കൂടുന്നു
നൈറ്റ് ഫ്രാങ്കിന്റെ പഠനം പറയുന്നത്, 2023നും 2028നുമിടയില്‍ ഇന്ത്യയില്‍ 30 മില്യണ്‍ ഡോളറിലേറെ ആസ്തിയുള്ള അതിസമ്പന്നരുടെ എണ്ണത്തില്‍ ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നാണ്. ഇത് റീറ്റെയ്‌ലേഴ്‌സിന് മുന്നില്‍ വലിയൊരു സാധ്യത തുറന്നിടും. ഉയരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ മൂല്യവര്‍ധനയ്ക്കായി അഞ്ച് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ബി.സി.ജി റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നത്. ബിസിനസ് മോഡല്‍ പുനര്‍നിര്‍വചിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവങ്ങള്‍ പകരാന്‍ ഡിജിറ്റല്‍, എ.ഐ സാങ്കേതികവിദ്യകള്‍ അനുയോജ്യമായ വിധത്തില്‍ ഉള്‍ക്കൊള്ളിക്കുക, എ.ഐ ഉപയോഗിച്ച് വാല്യു ചെയ്ന്‍ പരമാവധി ഉപയോഗപ്രദമാക്കുക, തന്ത്രപരമായ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുക, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കാനായി പ്രാദേശികവത്കരണ തന്ത്രങ്ങള്‍ (ലോക്കലൈസേഷന്‍) സ്വാംശീകരിക്കുക എന്നിവയാണത്.
ഇതെല്ലാം വെളിപ്പെടുത്തുന്നത്, ശരിയായ നയങ്ങളും കൃത്യമായ ചുവടുവയ്പുകളും കൊണ്ട് വരുംവര്‍ഷങ്ങളില്‍ റീറ്റെയ്ല്‍ മേഖലയെ അനിതരസാധാരണമായ വളര്‍ച്ചാദിശയിലെത്തിക്കാന്‍ നമ്മുടെ റീറ്റെയ്‌ലേഴ്‌സിന് സാധിക്കുമെന്നാണ്.


(This article was originally published in Dhanam Business Magazine March 31st Issue)
Related Articles
Next Story
Videos
Share it