ഇന്ത്യയില്‍ ആദ്യത്തേത്, കണ്ണൂരിൽ കെൽട്രോണിന്റെ സൂപ്പർ കപ്പാസിറ്റർ ഫാക്ടറി, ലക്ഷ്യമിടുന്നത് ഓട്ടോമോട്ടീവ് രംഗത്ത് വന്‍ കുതിച്ചു ചാട്ടം

ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്‍പ്പാദകരിലൊന്നായി മാറുകയാണ് കെല്‍ട്രോണിന്റെ ലക്ഷ്യം
supercapacitor manufacturing centre- Keltron
Published on

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യുകയാണ് ഉല്‍പ്പാദന കേന്ദ്രത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പദ്ധതി ഐ.എസ്.ആർ.ഒ സഹകരണത്തോടെ

ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗമുളള ഘടകമാണ് സൂപ്പർ കപ്പാസിറ്റർ. ബാറ്ററികളേക്കാള്‍ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, റെന്യുവബിൾ എനർജി, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകളില്‍ ഉപയോഗ സാധ്യതകളുണ്ട്.

ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്‍പ്പാദകരിലൊന്നായി മാറുകയാണ് കെല്‍ട്രോണിന്റെ ലക്ഷ്യം.

സൂപ്പര്‍കപ്പാസിറ്ററിന്റെ പ്രത്യേകതകള്‍

ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളെയാണ് സൂപ്പര്‍കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍/ ഇലക്ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍ എന്നു വിളിക്കുന്നത്. ഓര്‍ഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കുന്നത്. വൈവിധ്യമാര്‍ന്ന ഘടന, കുറഞ്ഞ ചെലവ്, വളരെ വികസിത ഉപരിതല വിസ്തീര്‍ണ്ണം, സങ്കീര്‍ണ്ണമായ രൂപകല്‍പ്പന ആവശ്യമില്ലാത്ത ഉയര്‍ന്ന ഊര്‍ജ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയാണ് ആക്ടിവേറ്റഡ് കാര്‍ബണിന്റെ പ്രധാന പ്രത്യേകതകള്‍.

കണ്ണൂര്‍ കല്യാശ്ശേരി കെൽട്രോൺ കോംപണന്റ് കോംപ്ലക്സിലാണ് പുതിയ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. 42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 2000 സൂപ്പർകപ്പാസിറ്ററുകളാണ് പ്രതിദിന ഉല്‍പാദന ശേഷി. 4 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11 ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിന്റെ ഭാഗമായി പ്ലാന്റില്‍ സജ്ജീകരിച്ചിരിക്കുന്നു.

നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com