Begin typing your search above and press return to search.
സ്വാഭാവിക റബ്ബറിന് വെല്ലുവിളികളില്ലെന്ന് ഐ.ആർ.ഐ ചെയർമാൻ ഡോ. ആർ. മുഖോപാധ്യായ
സ്വാഭാവിക റബ്ബറിന് യാതൊരുവിധ ഭീഷണികളുമില്ലെന്ന് ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ആര്‍.ഐ) ചെയര്‍മാന്‍ ഡോ. ആർ. മുഖോപാധ്യായ പറഞ്ഞു. സ്വാഭാവിക റബ്ബറിന് സമാനമല്ല സിന്തറ്റിക്ക് റബ്ബര്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. സിന്തറ്റിക്ക് റബ്ബറിന് ചില മേഖലകളില്‍ പ്രയോജനമുണ്ട്. എന്നാല്‍ സ്വാഭാവിക റബ്ബറിന് ഒഴിച്ചുകൂടാനാവാത്ത ഉപയോഗങ്ങളുണ്ടെന്നും അതിനാല്‍ സ്വാഭാവിക റബ്ബറിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും ആര്‍. മുഖോപാധ്യായ പറഞ്ഞു.
ഐ.ആര്‍.ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റബ്ബർ സമ്മേളനം റബ്ബർകോൺ 2024 (RUBBERCON 2024) ഡിസംബർ 5 മുതൽ 7 വരെ എറണാകുളം ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ റബ്ബർ കോൺഫറൻസ് ഓർഗനൈസേഷന്റെ (IRCO) സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ റബ്ബർ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ മിസൈൽ വനിത എന്നറിയപ്പെടുന്ന എയറോനോട്ടിക്കൽ സിസ്റ്റംസ് മുൻ പ്രോജക്ട് ഡയറക്ടറര്‍ ഡോ. ടെസ്സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ.കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ വിശിഷ്ടാതിഥിയാകും.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിര റബ്ബര്‍ വികസനമാണ് ഐ.ആര്‍.ഐ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ട അന്താരാഷ്ട്ര നിലവാരമുളള സാങ്കേതിക സംവിധാനവും ഗവേഷണവും ഐ.ആര്‍.ഐ സജ്ജമാക്കും. റബ്ബര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഐ.ആര്‍.ഐ തുറന്നു കാണിക്കുമെന്നും ആര്‍. മുഖോപാധ്യായ പറഞ്ഞു.
ടയര്‍ ഇതര വ്യവസായത്തിന്റെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൈസൂരുവില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള പഠനകേന്ദ്രം ഐ.ആര്‍.ഐ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ടയര്‍ വ്യവസായം പല കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോയതെന്ന് റബ്ബർകോൺ 2024 ചീഫ് കൺവീനർ പി.കെ. മുഹമ്മദ് പറഞ്ഞു. മുന്‍കാലങ്ങളില്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്തിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് ഇലക്ട്രോണിക്-ഡിജിറ്റല്‍ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
അടുത്ത കാലഘട്ടം റബ്ബറിനെ സംബന്ധിച്ച് സുസ്ഥിരതയുടെ കാലഘട്ടമായിരിക്കുമെന്നും അതിനുവേണ്ട ആഴത്തിലുളള അറിവിന് വെളിച്ചം വീശുന്ന 90 ഓളം പേപ്പറുകള്‍ റബ്ബർകോണില്‍ അവതരിപ്പിക്കുമെന്നും പി.കെ. മുഹമ്മദ് പറഞ്ഞു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുളള വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.
Next Story
Videos