ട്രെന്‍ഡായി പുരപ്പുറ സോളാര്‍, ലാഭകരമാകാന്‍ എത്ര സമയമെടുക്കും; അറിയാം വിശദാംശങ്ങള്‍

പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്

പുരപ്പുറ സോളാര്‍ കേരളത്തില്‍ അതിവേഗം വളരുകയാണ്. നിലവില്‍ പുരപ്പുറ സൗരോർജ ഉല്‍പ്പാദനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ഒന്നും മൂന്നും സ്ഥാനങ്ങളിലുളളത്. അടുത്തടുത്ത് വീടുകള്‍‌ ഉളള പ്രദേശമായതിനാല്‍ കേരളത്തില്‍ ധാരാളം സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാകുന്നു. ഭൂവിസ്തൃതി കൂടുതല്‍ ഉണ്ടെങ്കിലും പുരപ്പുറങ്ങള്‍ കുറവായത് മറ്റ് സംസ്ഥാനങ്ങളുടെ പരിമിതിയാണ്.
വ്യാവസായിക ഉൽപ്പാദനം ഉൾപ്പെടെ 1,350 മെഗാവാട്ടാണ് കേരളത്തിന്റെ സൗരോർജ വൈദ്യുതി ഉൽപ്പാദനം. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം സ്ഥാപിത ശേഷി ഏകദേശം 2,090 മെഗാവാട്ട് ആണ്. ഈ പ്രവണത തുടര്‍ന്നാല്‍ രണ്ട് വർഷത്തിനുള്ളിൽ സൗരോർജ ശേഷി ജലവൈദ്യുത പദ്ധതികളുടെ മൊത്തം സ്ഥാപിത ശേഷിയെ മറികടക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
സോളാര്‍ വൈദ്യുതിയിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവരുടെ പ്രധാന സംശയം സോളാര്‍ സിസ്റ്റങ്ങള്‍ ലാഭകരമാണോ എന്നതാണ്. സോളാര്‍ സിസ്റ്റങ്ങള്‍ ലാഭകരമാകാന്‍ എത്ര സമയം എടുക്കും? അത് പലരും ഉന്നയിക്കുന്ന ചോദ്യം. പരിശോധിക്കാം.

ഗാര്‍ഹിക ഉപയോക്താവ്

ഒരു ഗാര്‍ഹിക ഉപയോക്താവിനെ സംബന്ധിച്ച് പുരപ്പുറ സോളാര്‍ സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞാല്‍ നാല്, നാലര വര്‍ഷം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു കിട്ടുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. കൂടാതെ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതു വഴി കെ.എസ്.ഇ.ബി യുടെ ഇലക്ട്രിസിറ്റി ബില്‍ കുറയ്ക്കുന്നതില്‍ നിന്നുണ്ടാകുന്ന വരുമാനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
സോളാര്‍ സിസ്റ്റങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മിച്ച വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കിയാൽ അതും വരുമാനം. അത് യൂണിറ്റിന് 3.15 രൂപയായിരുന്നു ഈ വര്‍ഷം, അടുത്ത വര്‍ഷം നാല് രൂപ വരെയായിരിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുളള നേട്ടങ്ങള്‍ പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതിലൂടെ ഒരു ഗാര്‍ഹിക ഉപയോക്താവിന് സ്വന്തം. ഗാര്‍ഹിക ഉപയോക്താക്കള്‍ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലെ ഉപയോഗം കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള വൈദ്യുതിയുടെ ആവശ്യകത കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
ഇടത്തരം കുടുംബങ്ങള്‍ക്ക് (അഞ്ചോ, ആറോ അംഗങ്ങള്‍ ഉളളവര്‍) മൂന്ന് കിലോവാട്ട് സോളാര്‍ സിസ്റ്റമാണ് അഭികാമ്യം. 3 കിലോവാട്ട് സോളാര്‍ സിസ്റ്റം ഏകദേശം 12 യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുക. ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ച് 8-9 യൂണിറ്റാണ് സാധാരണ ഉപയോഗം. 3 കിലോവാട്ടിന്റെ സോളാർ സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് പ്രതിദിനം 3-4 യൂണിറ്റ് ലാഭം കിട്ടുകയാണ്. ഇത് ഒരു ഇലക്ട്രിക് വാഹനത്തിനായി (സ്കൂട്ടര്‍, കാര്‍ മുതലായവ) പ്രയോജനപ്പെടുത്താം.
ഒരു ഇ.വി കാറിന് ആവശ്യമായ വൈദ്യുതി 35-40 യൂണിറ്റ് വരെയാണ്. ആഴ്ചയില്‍ രണ്ട് തവണ ചാര്‍ജ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ ഏകദേശം 80 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. അതിനാല്‍ ഇ.വി കാര്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ 2 കിലോവാട്ട് സോളാര്‍ സിസ്റ്റം അധികമായി സ്ഥാപിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒരു ഇടത്തരം കുടുംബം ഇ.വി കാര്‍ കൂടി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 5 കിലോ വാട്ടിന്റെ സോളാര്‍ സിസ്റ്റം സ്ഥാപിക്കുകയായിരിക്കും അഭികാമ്യം.

ചെലവ്

3 കിലോവാട്ട് സിസ്റ്റങ്ങള്‍ക്ക് 2.30 ലക്ഷം മുതല്‍ 2.40 ലക്ഷം വരെയാണ് ചെലവ് ആകുക. ഇതില്‍ 78,000 രൂപ സബ്സിഡി കിഴിച്ച് 1.60 ലക്ഷം രൂപയാണ് ഉപയോക്താവ് യഥാര്‍ത്ഥത്തില്‍ കണ്ടെത്തേണ്ടി വരിക. ഈ തുക ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ബാങ്ക് ലോണായും എടുക്കാവുന്നതാണ്. ഇതിനായി പ്രമുഖ ബാങ്കുകള്‍ എല്ലാം തന്നെ ഈടുരഹിത വായ്പ നല്‍കുന്നുണ്ട്. പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ക്ക് 10 വര്‍ഷ കാലാവധിയില്‍ രണ്ടു ലക്ഷം രൂപ വരെ 7 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് നേരത്തെ ഇലക്ട്രിസിറ്റി ബില്ലില്‍ വന്നിരുന്ന തുക ലോണിന്റെ ഇ.എം.ഐ ആയി അടയ്ക്കാനും സാധിക്കും. ലോണ്‍ അടച്ചു തീര്‍ന്നാല്‍ പിന്നെ 25 വര്‍ഷത്തേക്ക് മറ്റു ചെലവുകളില്ലാതെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി സോളാര്‍ വൈദ്യുതി കിട്ടും.
5 കിലോവാട്ട് സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതിന് 3.40 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ നിന്ന് സബ്സിഡി കിഴിച്ച് ഉപയോക്താവ് കണ്ടെത്തേണ്ടി വരുന്ന തുക ഏകദേശം 2.60 ലക്ഷം രൂപയാണ്. വീടുകളുടെ പുരപ്പുറത്തിന്റെ ഘടനയനുസരിച്ച് സോളാര്‍ സിസ്റ്റം സ്ഥാപിക്കാനുളള തുകയില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. കേരളത്തില്‍ കൂടുതലായും ചെരിഞ്ഞ മേല്‍ക്കൂരകള്‍ (ട്രെസ് ചെയ്ത പുരപ്പുറങ്ങള്‍) ആയതിനാല്‍ ഫ്ലാറ്റായ പുരപ്പുറത്തേക്കാള്‍ ചെലവ് അല്‍പ്പം കൂടുതലാവും.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ചൂട് (സൂര്യപ്രകാശം) നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷവും അതുപോലുളള ചൂടാണ് പ്രതീക്ഷിക്കുന്നത്. ചൂട് വര്‍ധിക്കുമ്പോള്‍ സ്വഭാവികമായും എയര്‍ കണ്ടിഷന്‍ ഉപകരണങ്ങളുടെ ഉപയോഗവും കൂടും. കഴിഞ്ഞ വര്‍ഷം 6 ലക്ഷത്തിലധികം എ.സി കളാണ് കേരളത്തില്‍ വിറ്റുപോയത്. ഈ വര്‍ഷവും സമാനരീതിയിലുളള ഉപയോഗമാണ് പ്രതീക്ഷിക്കുന്നത്. ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളില്‍ എ.സി കളുടെ ഉപയോഗം വളരെ കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇങ്ങനെയുളള കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പൈസയുടെ കാര്യം മാത്രമല്ല സോളാര്‍ സിസ്റ്റങ്ങള്‍ നല്‍കുന്ന സുഖ സൗകര്യങ്ങളും വളരെയധികം വലുതാണ്.
മറ്റൊരു കാര്യം കെ.എസ്.ഇ.ബി യുടെ ഉപഭോക്താക്കള്‍ക്കുളള പ്രതിമാസ ബില്ലുകളും കൂടുകയാണ് എന്നതാണ്. കഴിഞ്ഞ ഡിസംബര്‍ 1 നാണ് വൈദ്യുതി താരിഫ് വര്‍ധിപ്പിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തേക്കുളള വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശ പ്രകാരം എല്ലാ ഉപഭോക്താക്കള്‍ക്കും ടി.ഒ.ഡി മീറ്ററിംഗ് (ടൈം ഓഫ് ദ ഡേ താരിഫ്) പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പീക്ക്, ഓഫ് പീക്ക്, നോര്‍മല്‍ എന്നിങ്ങനെയാണ് ടി.ഒ.ഡി താരിഫ്. വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ പീക്ക്, രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ ഓഫ് പീക്ക്, രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ നോര്‍മല്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. പീക്ക് സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ചാര്‍ജ് വരും. അതായത് എ.സി ഉപയോഗം പീക്ക് സമയങ്ങളിലാണ് കൂടുതലെങ്കില്‍ ആ ഉപഭോക്താവിന് കൂടുതല്‍ ചാര്‍ജ് വരും. നെറ്റ് മീറ്ററിംഗ് സൗകര്യം ഉളളതുകൊണ്ടാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുന്നത്.

എന്തുകൊണ്ട് കൊമേഴ്സ്യല്‍ ഉപഭോക്താക്കള്‍ സോളാറിലേക്ക് മാറണം

ഗാര്‍ഹിക ഉപയോക്താക്കള്‍ മാത്രമല്ല വാണിജ്യ ഉപയോക്താക്കൾക്കും സോളാർ സിസ്റ്റം നല്ലതാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നാല് വര്‍ഷം കൊണ്ടാണ് മുടക്കു മുതല്‍ തിരിച്ചു കിട്ടുന്നത് എങ്കില്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന്, മൂന്നര വര്‍ഷം കൊണ്ട് മുടക്കു മുതല്‍ തിരിച്ചു കിട്ടുകയാണ്. കൊമേഴ്സ്യല്‍ ഉപയോക്താക്കള്‍ക്ക് സബ്സിഡി ഇല്ല എന്നത് ഒരു പോരായ്മയാണ്. എന്നാല്‍ ആദ്യമാസത്തില്‍ തന്നെ ജി.എസ്.ടി ഇന്‍പുട്ട് സ്ഥാപനങ്ങള്‍ക്ക് എടുക്കാവുന്നതാണ്. അതായത് 10 ലക്ഷം രൂപയ്ക്ക് സോളാര്‍ സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ
ഇന്‍സ്റ്റലേഷന്‍ ചെലവിന്റെ
18 ശതമാനം ജി.എസ്.ടി അവര്‍ക്ക് കുറയ്ക്കാന്‍ സാധിക്കും.
കൂടാതെ കൊമേഴ്സ്യല്‍ ഉപയോക്താക്കളുടെ കെ.എസ്.ഇ.ബി താരിഫ് വളരെ കൂടുതലാണ്. സോളാര്‍ സിസ്റ്റങ്ങളിലൂടെയുളള വൈദ്യുതിയുമായി തട്ടിക്കിഴിക്കുന്നതിലൂടെ അവരുടെ വൈദ്യുതി ഉപഭോഗം താഴേക്ക് മാറുകയാണ്. സ്ഥാപനങ്ങള്‍ക്ക് 9.5-10 രൂപ താരിഫ് നിരക്കാണ് ഉളളത്. കെ.എസ്.ഇ.ബി യില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്നത് കുറച്ച് സോളാര്‍ വൈദ്യുതിയിലേക്ക് കൂടുതലായി മാറുന്നതോടെ അവര്‍ക്ക് മാസമുളള ബില്ലില്‍ വളരെയധികം കുറവാണ് ഉണ്ടാകുക.
സോളാര്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യ കൊല്ലം തന്നെ നികുതി ഇളവിന് അപേക്ഷിക്കാവുന്നതാണ്. 30 ശതമാനം ഇന്‍കംടാക്സ് കൊടുക്കുന്ന കമ്പനിയാണെങ്കില്‍ നികുതി അടയ്ക്കേണ്ട തുകയില്‍ നിന്ന് സോളാര്‍ വെച്ചതിന്റെ 40 ശതമാനം അവര്‍ക്ക് കുറയ്ക്കാന്‍ സാധിക്കും. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 40 ശതമാനവും മൂന്നാം വര്‍ഷം 20 ശതമാനവും ഇത്തരത്തില്‍ കുറച്ചു നല്‍കിയാല്‍ മതി. സോളാര്‍ വെക്കുന്ന കൊമേഴ്സ്യല്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ്.
കൊമേഴ്സ്യല്‍ ഉപഭോക്താക്കള്‍ക്ക് നോണ്‍ ഡൊമസ്റ്റിക് കണ്ടന്റ് റിക്വേര്‍ഡ് (നോണ്‍ ഡി.സി.ആര്‍) വിഭാഗത്തിലുളള പാനലുകള്‍ എടുത്താല്‍ മതി. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുളള ഡി.സി.ആര്‍ പാനലുകളും നോണ്‍ ഡി.സി.ആര്‍ പാനലുകളും തമ്മില്‍ വലിയ വില വ്യത്യാസമുണ്ട്. നോണ്‍ ഡി.സി.ആര്‍ വെച്ചാല്‍ മതി എന്നതിനാല്‍ സോളാര്‍ സ്ഥാപിക്കുന്നതിനുളള വിലയില്‍ നല്ലൊരു വ്യത്യാസം ലഭിക്കുന്നതാണ്.
കമ്പനികള്‍ പ്രധാനമായും പകല്‍ സമയങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ രാത്രി ഉപയോഗം വളരെ കുറവായിരിക്കും. അതിനാല്‍ രാത്രിയില്‍ ഇവര്‍ക്ക് കെ.എസ്.ഇ.ബി വൈദ്യതി എടുക്കേണ്ട ആവശ്യം വരുന്നില്ല. കൊമേഴ്സ്യല്‍ ഉപയോക്താക്കള്‍ക്ക് പകല്‍ സമയങ്ങളില്‍ സോളാറില്‍ നിന്നുളള വൈദ്യുതി എടുക്കാവുന്നതാണ്, കൂടാതെ മിച്ചമുളള വൈദ്യുതി വില്‍ക്കാനും സാധിക്കും.

പാനലുകള്‍ പുതിയ സാങ്കേതിക വിദ്യയില്‍

സാങ്കേതിക വിദ്യ വികസിച്ചതിനാല്‍ പുതിയ തരത്തിലുളള ടെക്നോളജനിയിലുളള പാനലുകളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ടോപ്‌കോൺ ബൈഫേഷ്യൽ പാനലുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തിലുളള പാനലുകളാണ് കൂടുതലായും കമ്പനികള്‍ ഇറക്കുന്നത്. സോളാര്‍ സിറ്റം സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കേണ്ട പാനലുകളുടെ എണ്ണം വളരെ കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. നേരത്തെ 1 കിലോവാട്ട് സിസ്റ്റത്തിന് 100 സ്ക്വയര്‍ ഫീറ്റ് പാനലുകളായിരുന്നു വേണ്ടിയിരുന്നത്. ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് പാനലുകള്‍ 50 സ്ക്വയര്‍ ഫീറ്റ് മതിയാകും എന്നത് മെച്ചമാണ്.
മുകളില്‍ പറഞ്ഞ സോളാര്‍ സിസ്റ്റങ്ങള്‍ ഓണ്‍ ഗ്രിഡ് പവര്‍ സിസ്റ്റത്തെ പറ്റിയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതായത് ഈ സിസ്റ്റത്തില്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ആയിരിക്കും സോളാര്‍ വൈദ്യുതി സംഭരിച്ചു വെക്കുക. സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വേഗം തന്നെ അതിനുളള നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. സോളാര്‍ പാനലുകളുടെ വില ജനുവരി മുതല്‍ കൂടുകയാണ്.
പുരപ്പുറ സോളാര്‍ സ്ഥാപിക്കുമ്പോള്‍ അംഗീകൃത ഇന്റഗ്രേറ്റേഴ്സിനെ (സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍) മാത്രം സമീപിക്കാന്‍ ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഗുണനിലവാരമുളള ഇന്‍സ്റ്റലേഷന്‍ പ്രക്രിയകളും ഉല്‍പ്പന്നങ്ങളുടെ വാറന്റിയും ഉറപ്പാക്കുന്നതിനായി അംഗീകൃത ഇന്റഗ്രേറ്റേഴ്സിന്റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാനത്ത് നിലവില്‍ 1.70 ലക്ഷത്തിലധികം ഉപയോക്താക്കളാണ് പുരപ്പുറ സോളാർ പദ്ധതി പ്രയോജനപ്പെടുത്തുന്നത്. പുറമെ നിന്ന് വൈദ്യതി വാങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നത് കേരളം ഇനിയും ഊര്‍ജ സ്വയം പര്യാപ്തതയിലേക്ക് അതിവേഗം വികസിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it