സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തില്‍, വേണ്ടത് സര്‍ക്കാര്‍ പിന്തുണ; പ്രതിസന്ധികളെപ്പറ്റി കെ.എ സിയാവുദ്ദീന് പറയാനുള്ളത്

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഒരുമിച്ച് നിന്ന് നേരിടുക എന്ന ലക്ഷ്യത്തോടെ 2017ല്‍ സ്ഥാപിതമായ സംഘടനയാണ് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രതിസന്ധിയുടെ തീരത്താണ്. വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളുടെ കടന്നുവരവ് മുതല്‍ ഓണ്‍ലൈന്‍ കമ്പനികളുടെ വെല്ലുവിളി വരെ നീളുന്നു അത്. വലിയൊരു മേഖലയെ പിടിച്ചുനിര്‍ത്തേണ്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഒരുമിച്ച് നിന്ന് നേരിടുക എന്ന ലക്ഷ്യത്തോടെ 2017ല്‍ സ്ഥാപിതമായ സംഘടനയാണ് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (SWAK). ഈ രംഗത്ത് ശക്തമായ പല ഇടപെടലുകളും നടത്താന്‍ സംഘടനയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു. കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് മേഖല നേരിടുന്ന പ്രതിസന്ധികളെപ്പറ്റി SWAK സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ സിയാവുദ്ദീന്‍ ധനംഓണ്‍ലൈനോട് സംസാരിക്കുന്നു.
സൂപ്പര്‍ മാര്‍ക്കറ്റ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
ഇന്നത്തെ കാലത്ത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നേരിടുന്ന പ്രതിസന്ധി പലവിധത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അശാസ്ത്രീയമായ ജി.എസ്.ടി നിയമങ്ങള്‍ പലപ്പോഴും ബിസിനസിനെ വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്. ജി.എസ്.ടിയില്‍ കൂടുതല്‍ എളുപ്പത്തിലുള്ള കാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളേറെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളുടെ ഫീസ് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വഴിയോര കച്ചവടക്കാര്‍ ഒരു രൂപ പോലും നികുതിയായി അടയ്ക്കാതെ കച്ചവടം നടത്തുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നവരിലേക്ക് ഭാരം കൂടുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാടകയില്‍ നടപ്പാക്കിയിരിക്കുന്ന 18 ശതമാനം ജി.എസ്.ടി പിന്‍വലിക്കാന്‍ അടിയന്തര നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇതിനൊപ്പം വൈദ്യുതി, വെള്ളം ചാര്‍ജുകള്‍ വര്‍ധിക്കുന്നതും ചെലവ് ഉയരാന്‍ കാരണമാകുന്നു.

വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളുടെ വരവും ഓണ്‍ലൈന്‍ ഭീമന്മാരുടെ മല്‍സരവും തിരിച്ചടിയാണോ?
ഇന്ത്യയിലെയും വിദേശത്തെയും സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളുടെ കടന്നുവരവ് തദ്ദേശീയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പ്രതിസന്ധിയാണ്. വലിയ തോതില്‍ വില കുറച്ചു കൊണ്ടുള്ള മത്സരം ഈ മേഖലയുടെ അതിജീവനത്തിന് വിഘാതം സൃഷ്ടിക്കുന്നു. സ്വിഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, അമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികള്‍ ന്യായമല്ലാത്ത മല്‍സരമാണ് നടത്തുന്നത്. ഇതിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണം. ഇല്ലാത്തപക്ഷം വലിയ തൊഴില്‍ നഷ്ടത്തിന് മേഖല സാക്ഷ്യം വഹിക്കും.
മാളുകള്‍ മറ്റെല്ലാ കച്ചവടക്കാരെ പോലെ തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പല ഉപയോക്താക്കളും ആദ്യ പര്‍ച്ചേസ് മാളുകളിലേക്ക് മാറ്റി. ഷോപ്പിംഗ് ഫാമിലി ഔട്ടിംഗ് ആയി മാറിയപ്പോള്‍ കച്ചവടത്തിനെ സാരമായി ബാധിച്ചു.
കോവിഡിനുശേഷം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടുന്ന പ്രവണതയുണ്ടോ?
കോവിഡ് കാലത്ത് പലരും വലിയ തോതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിരുന്നു. മാര്‍ക്കറ്റിനെ കുറിച്ച് പഠിക്കാതെ സൂപ്പര്‍ മാര്‍ക്കറ്റിന് തുടക്കമിട്ടവരില്‍ പലര്‍ക്കും അടച്ചുപൂട്ടേണ്ടി വന്നു. ഈ രംഗത്തെ പ്രതിസന്ധികളെക്കുറിച്ചുള്ള അജ്ഞതയായിരുന്നു കാരണം. കോവിഡ് ഈ മേഖലയുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടാക്കിയെങ്കിലും പലയിടത്തും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിലനില്‍പ്പാണ് അപകടത്തിലായത്. ഒരു ചെറിയ ടൗണില്‍ ആവശ്യത്തില്‍ കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരികയും പരസ്പരം മത്സരിച്ച് ആര്‍ക്കും ഗുണമില്ലാതെ അവസാനിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.
മാര്‍ജിന്‍ കാലോചിതമായി പരിഷ്‌കരിക്കാത്തത് നടത്തിപ്പിനെ എങ്ങനെ ബാധിക്കുന്നു?
വില്‍പനയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ നല്‍കുന്ന മാര്‍ജിന്‍ 8-10 ശതമാനം മാത്രമാണ്. എന്നാല്‍ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്താനുള്ള ചിലവ് 13 മുതല്‍ 16 ശതമാനം വരെയാണ്. ഇത്തരം കമ്പനികളുടെ കുറഞ്ഞ മാര്‍ജിനുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ പ്രതിസന്ധിയിലാക്കുന്നു.
അറിവുള്ള തൊഴിലാളികളെ ലഭിക്കുന്നതിലെ ബുദ്ധിമുട്ടാണ് മറ്റൊരു പ്രതിസന്ധി. നമ്മള്‍ അവരെ പരിശീലിപ്പിച്ചാല്‍ പോലും പലരും ആത്മാര്‍ത്ഥയോടെ നില്‍ക്കുന്നില്ല. ഇത് പ്രൊഡക്ടിവിറ്റിയെ കാര്യമായി ബാധിക്കുന്നു. തല്‍ഫലമായി കൂടുതല്‍ തൊഴിലാളികളെ ജോലിക്ക് വയ്‌ക്കേണ്ടതായി വരുന്നു. ചിലവ് വര്‍ധിക്കാന്‍ ഇതു കാരണമാകുന്നു. ഈ രംഗത്ത് എല്ലാവിധ ചിലവുകളും 30 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നു.
സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്?
സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സുകളും ഏക ലൈസന്‍സിനു കീഴില്‍ കൊണ്ടുവരണമെന്നത് ഈ മേഖലയിലുള്ളവരുടെ ദീര്‍ഘകാല ആവശ്യമാണ്. അശാസ്ത്രിയമായി നടപ്പാക്കിയിരിക്കുന്ന ജി.എസ്.ടി രീതികള്‍ പിന്‍വലിക്കുക, ഭക്ഷ്യ വകുപ്പിന്റെ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കി അതാത് സംസ്ഥാനങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ലാബുകള്‍ സ്ഥാപിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക, വഴിയോര കച്ചവടങ്ങള്‍ കര്‍ശനമായി നിരോധിക്കുക, കേരള കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നീ കാര്യങ്ങളാണ് സംഘടനയ്ക്ക് സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ളത്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it