ഏപ്രില്‍ 24 ഓടെ 14 പുതിയ ഷോറൂമുകള്‍ തുറക്കാനൊരുങ്ങി കല്യാണ്‍ ജ്വല്ലേഴ്‌സ്

പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂര്‍ത്തിയാക്കി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന ആദ്യ വികസന പദ്ധതിയുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്. ഏപ്രില്‍ 24-ഓടെ കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകള്‍ തുറക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

ഇതുവഴി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (2021-2022 ആദ്യ പാദം) തന്നെ റീറ്റെയില്‍ സാന്നിധ്യം 13 ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു.കൂടാതെ ആദ്യപാദത്തില്‍ പ്രവര്‍ത്തന മൂലധനം 500 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐ.പി.ഒ. വഴി 1,175 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

പുതുതായി ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ വന്‍കിട നഗരങ്ങള്‍ക്കു പുറമെ, നോയ്ഡ, നാസിക്, ഗുജറാത്തിലെ ജാംനഗര്‍, മധുര, തിരുച്ചിറപ്പള്ളി, തെലങ്കാനയില്‍ കമ്മം, കരിംനഗര്‍, കേരളത്തില്‍ പത്തനംതിട്ട എന്നിവിടങ്ങളിലായിരിക്കും ഷോറൂമുകള്‍ തുറക്കുക.

രാജ്യവ്യാപകമായി കല്യാണിന്റെ സാന്നിധ്യമുറപ്പിക്കുന്നത് കൂടിയാണ് ജ്വല്ലറി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിലവില്‍ 107 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്സിനുള്ളത്, ഗള്‍ഫ് രാജ്യങ്ങളില്‍ 30 ഷോറൂമുകളും. പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നതോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 151 ആകും. കമ്പനിയുടെ അടിത്തറ ശക്തമാക്കാനാണ് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it