കേരളത്തിലെ ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കായി വ്യാപാരനയം ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വ്യാപാരി വ്യവസായി എകോപന സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള റീട്ടെയില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട-ഇടത്തരം മേഖലയും വ്യാപാരികളും നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അധ്യക്ഷനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനുമായി സഹകരിച്ചാണ് വ്യാപാരികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പഠിച്ച് പരിഹാരം കണ്ടെത്താനുള്ള കരട് നയം രൂപീകരിക്കുക.
സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളാണ് ചെറുകിട-ഇടത്തരം വ്യാപാരികൾ. 14 ലക്ഷത്തിലധികം ചെറുകിട വ്യാപാരികളും 50 ലക്ഷത്തോളം തൊഴിലാളികളും കേരളത്തിലുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ ഒരു വ്യാപാര നയം സര്‍ക്കാരിന് ഇല്ലാത്തത് പോരായ്മയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ വ്യാപാര മേഖലയെ കുറിച്ച് പഠനവും ഇതുവരെ നടന്നിട്ടില്ല.
ഈ പോരായ്മ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് തിരുവനന്തപുരത്ത് റീട്ടെയില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. വ്യാപാര നയം അനിവാര്യമാണെന്ന് കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കവേ രാജു അപ്‌സര അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ്, വ്യാപാരനയം പരിഗണിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഡോ. തോമസ് ഐസക്കിനെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ സമിതിയുടെ അധ്യക്ഷനായും നിയോഗിച്ചു.
കോണ്‍ക്ലേവില്‍ പ്രതിപാദിപ്പിക്കപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയാകും വ്യാപാര നയ രൂപീകരണം. കരടുനയ രൂപീകരണത്തിനായി കോഴിക്കോട് ഐ.ഐ.എമ്മിന്റെ സഹകരണവും തേടുമെന്ന് രാജു അപ്‌സര
'ധനം ഓൺലൈൻ.കോമിനോട്' പറഞ്ഞു.
സെമിനാറുകളും സംവാദങ്ങളും
രണ്ട് ദിവസമായി നടന്ന കോണ്‍ക്ലേവില്‍ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും നടന്നു. ഡോ.ടി.എം. തോമസ് ഐസക്, ഐ.ഐ.എം അഹമ്മദാബാദ് മുന്‍ പ്രൊഫസറും മാര്‍ക്കറ്റിംഗ് ഗുരുവുമായ പ്രൊഫ. അബ്രഹാം കോശി, പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ (ഐ.ഐ.എം, കോഴിക്കോട്), എച്ച്.ഡി.എഫ്.സി ബാങ്ക് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബൈജു എം. നായര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഗോപകുമാര്‍, അമേരിക്കയിലെ പ്യൂര്‍ട്ടോ റികോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജസ്റ്റിന്‍ പോള്‍, ഡോ. ബിന്ദു കെ. നമ്പ്യാര്‍ (എസ്.ബി.ഐ സ്റ്റാപ് കോളേജ്, ഹൈദരാബാദ്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. കുഞ്ഞാവുഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സെക്രട്ടറി ബാബു കോട്ടയില്‍, ട്രഷറര്‍ എസ്. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.