Begin typing your search above and press return to search.
10 കിലോവാട്ട് വരെ പുരപ്പുറ സോളാര്‍ തടസങ്ങളില്ലാതെ, സോളാര്‍ പദ്ധതി വ്യാപകമാക്കാന്‍ ഒരുങ്ങി കര്‍ണാടകയും
സോളാർ റൂഫ്‌ടോപ്പ് പാനലുകൾ സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉത്തരവിറക്കി കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.ഇ.ആർ.സി). പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജിലി യോജന പദ്ധതിയില്‍ കൂടുതൽ ആളുകളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് കമ്മീഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
10 കിലോവാട്ട് വരെയുളള പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഇനി ഓൺലൈൻ അപേക്ഷകൾ മതിയാകും. ഗാർഹിക ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുളള സോളാർ പവര്‍ സിസ്റ്റങ്ങള്‍ക്ക് ഇവ ബാധകമാണ്.
സോളാര്‍ പ്ലാൻ്റിൻ്റെ ശേഷിയുമായി പൊരുത്തപ്പെടുന്നതിന് ഉപയോക്താവിന് അനുവദിച്ച ലോഡ് ശേഷി വർദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ ഓട്ടോമാറ്റിക് ആയി ഉപയോക്താക്കളുടെ ലോഡ് ശേഷി ഉയര്‍ന്ന കിലോവാട്ടിലേക്ക് മാറുന്നതായിരിക്കും. അത്തരം സന്ദർഭങ്ങളിൽ വിതരണ ലൈനുകളുടെയോ ട്രാൻസ്ഫോർമറുകളുടെയോ ശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ വിതരണ ലൈസൻസി സ്വീകരിക്കേണ്ടതാണ്.
അനുവദനീയമായ ലോഡ് വർദ്ധിക്കുമ്പോൾ ബാധകമായ നിരക്കുകൾ അടയ്ക്കുക, അധിക സെക്യൂരിറ്റി നല്‍കുക, അധിക ലോഡിനായി വൈദ്യുതി വിതരണ കരാറുകളിൽ ഏർപ്പെടുക തുടങ്ങിയവ ചെയ്യേണ്ടത് ഉപയോക്താവാണ്. 10 കിലോവാട്ട് വരെയുളള സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് അപ്ലൈഡ് സിസ്റ്റം കപ്പാസിറ്റിക്ക് (ഡി.സി) 10 ശതമാനം വരെ കപ്പാസിറ്റി ടോളറൻസ് അനുവദിക്കുന്നതാണ്. ഇൻവെർട്ടറിൻ്റെ എ.സി ശേഷി അനുവദിച്ച ലോഡിനെക്കാള്‍ കൂടുതലാകാന്‍ പാടില്ല എന്ന നിബന്ധനയുമുണ്ട്.
ലോഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളിൽ നിന്ന് ആശങ്കകളും പരാതികളും ലഭിക്കുന്ന സാഹചര്യത്തിലാണ് കെഇആർസി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അനുവദിച്ച കുറഞ്ഞ ലോഡ് പരിഗണിക്കാതെ തന്നെ ഉപയോക്താവിന് 10 കിലോവാട്ട് വരെ സൗരോർജ വൈദ്യുതിക്ക് അപേക്ഷിക്കാമെന്നതാണ് പുതിയ ഉത്തരവിന്റെ പ്രത്യേകത.
Next Story
Videos