കേരള റീട്ടെയില്‍ കോണ്‍ക്ലേവ് 24നും 25നും കോവളത്ത്; വ്യാപാര മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ചയാകും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന കേരള റീട്ടെയില്‍ കോണ്‍ക്ലേവ് ഒക്ടോബര്‍ 24, 25 തീയതികളില്‍ തിരുവനന്തപുരം കോവളത്തെ ഉദയ് സമുദ്ര ലീഷര്‍ ബീച്ച് ഹോട്ടലില്‍ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അദ്ധ്യക്ഷനാകും. ഐ.ഐ.എം അഹമ്മദാബാദ് മുന്‍ പ്രൊഫസറും മാര്‍ക്കറ്റ് ഗുരുവുമായ പ്രൊഫ. എബ്രഹാം കോശി, അമേരിക്കയിലെ പ്യൂര്‍ട്ടോ റികോ യൂണിവേഴ്‌സിറ്റി, യു.കെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജസ്റ്റിന്‍ പോള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ഡോ. ബിന്ദു കെ. നമ്പ്യാര്‍ (എസ്.ബി.ഐ സ്റ്റാഫ് കോളേജ്, ഹൈദരാബാദ്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. കുഞ്ഞാവുഹാജി, ട്രഷറര്‍ എസ്. ദേവരാജന്‍, കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍ ബാബു കോട്ടയില്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
വ്യാപാര നയം വേണം: രാജു അപ്‌സര
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ് ചെറുകിട വ്യാപാര മേഖല. 14 ലക്ഷത്തിലേറെ ചെറുകിട വ്യാപാരികളും 50 ലക്ഷത്തോളം തൊഴിലാളികളും കേരളത്തിലുണ്ട്. എന്നാല്‍, കേരളത്തില്‍ ഇതുവരെ ഒരു വ്യാപാരനയം സര്‍ക്കാരിന് ഉണ്ടായിട്ടില്ല. ഈ മേഖലയെ കുറിച്ച് പഠനങ്ങളും നടന്നിട്ടില്ല. ഈ പോരായ്മകള്‍ പരിഹരിക്കുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര
ധനംഓണ്‍ലൈന്‍.കോമിനോട്
പറഞ്ഞു.
ലക്ഷ്യം നയരൂപീകരണവും ക്ഷേമവും
റീട്ടെയില്‍ വ്യാപാര മേഖലയിലെ പ്രതിസന്ധികളും വെല്ലുവിളികളും എന്ന വിഷയത്തിലൂന്നിയുള്ള കോണ്‍ക്ലേവ് പ്രധാനമായും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ബാബു കോട്ടയില്‍ പറഞ്ഞു. വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ വിശകലനം ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തി നടപ്പാക്കുകയുമാണ് ലക്ഷ്യം.
ഇതിന് രണ്ട് കാര്യങ്ങളാണ് പ്രധാനമായുമുള്ളത്. ഒന്ന്, വ്യാപാരികളുടെ നിലനില്‍പ്പും ക്ഷേമവും ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നയരൂപീകരണമാണ്. ഡിജിറ്റല്‍, ഓണ്‍ലൈന്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍ തുടങ്ങിയവയെ കുറിച്ച് ബോധവത്കരിച്ച് വ്യാപാരികളെ പുതിയ കാലത്തിന് അനുസൃതമായി സജ്ജമാക്കുകയെന്നതാണ് രണ്ടാമത്തേത്. ഈ ലക്ഷ്യങ്ങള്‍ വച്ച് സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളും വ്യാപാരികള്‍ക്കായി സംഘടിപ്പിക്കുമെന്ന് ബാബു കോട്ടയില്‍ പറഞ്ഞു. തിരുവനന്തപുരത്തിന് ശേഷം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ക്ലാസുകള്‍.
നിര്‍ണായക വിഷയങ്ങളില്‍ സെമിനാര്‍, സംവാദം
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ വിദഗ്ദ്ധര്‍ സംബന്ധിക്കുന്ന സെമിനാറുകളും നടക്കും. 24ന് രാവിലെ 11.30ന് ആഗോള റീട്ടെയില്‍ വ്യാപാരത്തില്‍ ചെറുകിട വ്യാപാരികളുടെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അമേരിക്കയിലെ പ്യൂര്‍ട്ടോ റികോ യൂണിവേഴ്‌സിറ്റി, യു.കെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജസ്റ്റിന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബിന്ദു കെ. നമ്പ്യാര്‍ (എസ്.ബി.ഐ സ്റ്റാഫ് കോളേജ്, ഹൈദരാബാദ്) പ്രബന്ധം അവതരിപ്പിക്കും.
ഉച്ചയ്ക്ക് രണ്ടിന് രാഷ്ട്രീയ നയ സമീപനങ്ങളും റീട്ടെയില്‍ മേഖലയുടെ അതിജീവനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.എന്‍. ഹരിലാല്‍ മുഖ്യാതിഥിയാകും. എല്‍.എം. ഥാപ്പര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് - പഞ്ചാബ് പ്രൊഫസര്‍ ശ്രീകുമാര്‍ ബി. പിള്ള പ്രബന്ധം അവതരിപ്പിക്കും.
വൈകിട്ട് 3.30ന് നടക്കുന്ന ആഗോള വാണിജ്യ ഭൂപടത്തില്‍ ചെറുകിട വ്യാപാരികളുടെ ചരിത്രവും വര്‍ത്തമാന സാഹചര്യങ്ങളും എന്ന വിഷയത്തിലെ സെമിനാറില്‍ ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. പ്രൊഫ. എബ്രഹാം കോശി (ഐ.ഐ.എം, ഹൈദരാബാദ്) മുഖ്യ പ്രഭാഷണം നടത്തും.
25ന് രാവിലെ 9ന് സമ്പദ്ഘടനയുടെ ഗതിവിഗതികളും ചെറുകിട വ്യാപാരികളും - ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് മുഖ്യാതിഥിയാകും. പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ (ഐ.ഐ.എം, കോഴിക്കോട്) പ്രബന്ധം അവതരിപ്പിക്കും.
രാവിലെ 11ന് രാഷ്ട്രീയ നയങ്ങളുടെ പ്രത്യാഘാതങ്ങളും അതിജീവനത്തിന്റെ സമവാക്യങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. ശ്രീകുമാര്‍ നായര്‍ (എച്ച്.ഡി.എഫ്.സി ബാങ്ക് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്) പ്രബന്ധം അവതരിപ്പിക്കും.
ഉച്ചയ്ക്ക് രണ്ടിന് പുത്തന്‍ ട്രെന്‍ഡുകളും പുതിയ രീതികളും ലോകത്തുണ്ടാക്കിയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സഞ്ചാരിയും വ്‌ളോഗറുമായ ബൈജു എന്‍. നായര്‍ മുഖ്യാതിഥിയാകും. കൊച്ചിയിലെ എസ്.എസ്. കണ്‍സള്‍ട്ടിംഗ് സഹസ്ഥാപകനും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ അനീഷ് അരവിന്ദ് പ്രബന്ധാവതരണം നടത്തും. തുടര്‍ന്ന് വൈകിട്ട് 4ന് സമാപന സമ്മേളനം നടക്കും.
Related Articles
Next Story
Videos
Share it