Begin typing your search above and press return to search.
വീടിന്റെ വിസ്തീര്‍ണം 1,000 ചതുരശ്രയടി കവിഞ്ഞാല്‍ സൗരോര്‍ജ പാനല്‍ നിര്‍ബന്ധം; ഇത് ലഖ്‌നോ മോഡല്‍
1,000 ചതുരശ്ര അടിയോ അതിൽ കൂടുതലോ ഉളള എല്ലാ വീടുകൾക്കും പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് ലഖ്‌നൗ ഡെവലപ്‌മെൻ്റ് അതോറിറ്റി (എൽ.ഡി.എ) നിർബന്ധമാക്കി. പി.എം സൂര്യ ഘർ പദ്ധതിക്ക് കീഴിലാണ് പുരപ്പുറ സോളാര്‍ സ്ഥാപിക്കേണ്ടത്. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
2,000 ചതുരശ്ര അടിയോ അതിൽ കൂടുതലോ ഉള്ള വീടുകള്‍ക്ക് നേരത്തെ പുരപ്പുറ സോളാർ നിര്‍ബന്ധമായിരുന്നു. സൗരോർജം വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര നഗര വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എൽ.ഡി.എ അറിയിച്ചു.
ഉത്തര്‍പ്രദേശ് സർക്കാരിൻ്റെ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (എൻ.ഇ.ഡി.എ) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എ നിർദ്ദേശം തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ പുതിയ കെട്ടിടങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ലഭിക്കുന്നതിന് മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.
ഊർജ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും
സൗരോർജം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. കൂടാതെ പരമ്പരാഗത ഊർജ സ്രോതസുകളായ ഫോസില്‍ ഇന്ധനങ്ങളിലുളള ആശ്രിതത്വം കുറയ്ക്കാനും ഇത് സഹായിക്കുന്നു. പുരപ്പുറ സോളാര്‍ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സബ്‌സിഡികൾ നൽകുന്നുണ്ട്. ഇത് വീട്ടുടമസ്ഥര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഡവലപ്പർമാർക്കും പദ്ധതി നടപ്പാക്കാന്‍ പ്രോത്സാഹനമേകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്തടുത്ത് വീടുകളുളള കേരളത്തിലും പുരപ്പുറ സോളാര്‍ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലഖ്‌നൗവിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ അവരുടെ എല്ലാ പുതിയ നിർമ്മാണങ്ങളിലും മേൽക്കൂര സോളാർ പാനലുകൾ നിർബന്ധമായും സ്ഥാപിക്കേണ്ടതുണ്ട്. എൽ.ഡി.എ യുടെ അധികാരപരിധിയിലുള്ള എല്ലാ ബഹുനില കെട്ടിടങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും 1,000 ചതുരശ്ര അടിയോ അതിൽ കൂടുതലുമുള്ള റെസിഡൻഷ്യൽ പ്ലോട്ടുകൾക്കും ഉത്തരവ് ബാധകമാണ്.
സോളാര്‍ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ലഖ്‌നൗയുടെ ഊർജ സംവിധാനത്തില്‍ കാര്യമായ പരിവർത്തനങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. പരിസ്ഥിതി സൗഹാര്‍ദപരവും സാമ്പത്തികമായി ലാഭകരവുമായ പദ്ധതിയാണ് സോളാറെന്നാണ് എൽ.ഡി.എ വ്യക്തമാക്കുന്നത്.
Next Story
Videos