അംബാനിയുടെ തട്ടകത്തിൽ കയറി കളിക്കാൻ യൂസഫലിയും ലുലു ഗ്രൂപ്പും, വാണിജ്യ നഗരത്തിൽ ഉയരുമോ വൻ മാൾ?

പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി നേതൃത്വം നല്‍കുന്ന യു.എ.ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മുംബൈയിലേക്കും കടക്കാന്‍ പദ്ധതിയിടുന്നു. വാണിജ്യ നഗരമായ മുംബൈയുടെ ഹൃദയത്തില്‍ ഷോപ്പിംഗ് മാളോ, ഹൈപ്പര്‍ മാര്‍ക്കറ്റോ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ലുലു ഷോപ്പിംഗ് മാളുകളുടെ ഡയറക്ടര്‍ ഷിബു ഫിലിപ്സ് പറഞ്ഞു. മുംബൈയില്‍ നടക്കുന്ന മാപിക് ഇന്ത്യ 2024 എന്ന റീട്ടെയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

മുംബൈയില്‍ ഞങ്ങളുടെ ടീം ഭൂമി നോക്കുന്നുണ്ട്. ലഭിക്കുന്ന ഭൂമിക്കനുസരിച്ച് ഷോപ്പിംഗ് മാളോ, ഹൈപ്പര്‍ മാര്‍ക്കറ്റോ എന്നത് തീരുമാനിക്കും. മുംബൈക്ക് പുറമെ ഡല്‍ഹി-എന്‍.സി.ആര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും കടക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്. നോയിഡയിലെ ഭൂമിക്കായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നടക്കുന്നത് 19,000 കോടിയുടെ പദ്ധതികള്‍

രാജ്യത്ത് കൂടുതല്‍ മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ 2022ല്‍ 19,000 കോടിയുടെ പദ്ധതി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും വാരണാസി, പ്രയാഗ് രാജ് , ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ലുലുവിന്റെ വിവിധ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ ഇന്ത്യയിലെ എട്ട് നഗരങ്ങളിലാണ് ലുലു മാളുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍, പാലക്കാട്, കോഴിക്കോട്ട് എന്നിവിടങ്ങളിലും ബംഗളൂരു, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലുമാണ് മാളുകളുള്ളത്. കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ മാള്‍ കോഴിക്കോട്ട് തുറന്നത്. ഈ വര്‍ഷം തന്നെ കോട്ടയത്തെ മാളും തുറക്കും.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ കഴിഞ്ഞ വര്‍ഷം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നിരുന്നു. ഇതിന് പുറമെ ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും പഴം, പച്ചക്കറി എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള എക്സ്പോര്‍ട്ട് ഹബ്ബുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.

വമ്പന്‍ മാള്‍ അഹമ്മദാബാദില്‍

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഏതാണ്ട് 4,000 കോടി രൂപ ചെലവിട്ട് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. ഇതിനായി അഹമ്മദാബാദ് എസ്.പി റോഡില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്ഥലം 519 കോടി രൂപ മുടക്കി ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.
മുംബൈയില്‍ സ്ഥലം ലഭിച്ചാല്‍ ഏറ്റവും വലിയ മാള്‍ ഇവിടെ തുറക്കുമോ എന്നതാണ് ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിയടക്കമുള്ള വമ്പന്‍മാരുടെ തട്ടകമാണ് മുംബൈ.
യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ജി.സി.സി, ഈജിപ്ത്, ഇന്ത്യ, എന്നിവിടങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും കമ്പനി നടത്തുന്നുണ്ട്.
Related Articles
Next Story
Videos
Share it