സൗദി അറേബ്യയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല വിപുലമാക്കാന്‍ ലുലു ഗ്രൂപ്പ്; രണ്ട് വര്‍ഷത്തിനുള്ളില്‍ സെഞ്ചുറി അടിക്കും
അബുദാബി ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിലൂടെ ജി.സി.സി രാജ്യങ്ങളിൽ ശോഭിക്കുന്ന ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് സൗദി അറേബ്യയിൽ വാണിജ്യ ശൃംഖല വിപുലമാക്കുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സൗദിയിൽ 100 ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യമാണ് ലുലു ഗ്രൂപ്പിന് ഉള്ളതെന്ന് ചെയർമാനും പ്രമുഖ മലയാളി പ്രവാസി വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. നിലവിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ 65 ലുലു ഹൈപ്പർ മാർക്കറ്റുകൾ ആണ് ഉള്ളത്. പുതിയ 35 എണ്ണം കൂടി ആരംഭിക്കുന്നതോടെ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് യൂസഫലി വ്യക്തമാക്കി. ദീപാവലിയോട് അനുബന്ധിച്ച് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സംഘടിപ്പിച്ച ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രദർശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുത്തു.
10,000 സ്വദേശികൾക്ക് തൊഴിൽ
സൗദിയിൽ 100 ഹൈപ്പർമാർക്കറ്റുകൾ വരുന്നതോടെ 10,000 സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയായി ലുലു ഗ്രൂപ്പ് മാറും. നിലവിൽ 3,800 സൗദി പൗരന്മാർക്ക് ആണ് തൊഴിൽ നൽകുന്നത്. സൗദി അറേബ്യയിൽ സ്വദേശിവൽക്കരണ നിയമപ്രകാരം സ്വദേശികൾക്ക് നിർബന്ധമായും സ്വകാര്യ കമ്പനികൾ നിയമനം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് മലയാളികളുടെ ഉടമയിലുള്ള കമ്പനികൾ നിലവിൽ സ്വദേശികളെ നിയമിച്ചു വരുന്നുണ്ട്. എന്നാൽ 10,000 പേർക്ക് തൊഴിൽ നൽകുന്ന ആദ്യ മലയാളി കമ്പനിയായി ലുലു ഗ്രൂപ്പ് മാറും.
'എം.എ യൂസഫലി റോവിംഗ് അംബാസഡർ'
എം.എ യൂസഫലി ഇന്ത്യയുടെ റോവിംഗ് അംബാസിഡർ ആണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ- സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നതിൽ ലുലു ഗ്രൂപ്പ് നിർണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങളെ ലോകരാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിൽ ലുലു ഗ്രൂപ്പ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഗ്രൂപ്പ് ഗൾഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയുടെ തനത് ഉൽപ്പന്നങ്ങളായ ലഡാക്ക് ആപ്പിൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, ജൈവ സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങി 50 ഉൽപ്പന്നങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നത്.