Begin typing your search above and press return to search.
₹ 2,200 കോടിയുടെ ഇടപാട്; മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ വ്യവസായ ഭൂമി സ്വന്തമാക്കി റിലയന്‍സ്
മഹാരാഷ്ട്രയിലെ 5,286 ഏക്കറിലധികം വരുന്ന ഏറ്റവും വലിയ വ്യാവസായിക ഭൂമി 2,200 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാങ്ങി. അർബൻ ഇൻഫ്രാസ്ട്രക്ചർ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സബ്‌സിഡിയറിയായ ദ്രോണഗിരി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (DIPL) നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡിൻ്റെ 74 ശതമാനം ഓഹരികളാണ് റിലയൻസ് ഇൻഡസ്ട്രീസിന് വിറ്റത്.
ഓഹരിക്ക് 28.50 രൂപ നിരക്കില്‍ 57.12 കോടി ഓഹരികൾ വാങ്ങിയതായി റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിപണിയെ അറിയിച്ചു. നവി മുംബൈ ഇൻ്റർനാഷണൽ എയർപോർട്ട്, ജവഹർലാൽ നെഹ്‌റു തുറമുഖം, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (അടൽ സേതു), മുംബൈ-പൂനെ ഹൈവേ എന്നിവയ്ക്ക് സമീപമാണ് ഭൂമിയുളളത്. തന്ത്രപ്രധാനമായ സ്ഥലത്താണ് ഈ വ്യവസായ മേഖല സ്ഥിതി ചെയ്യുന്നത്.
നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡില്‍ 74 ശതമാനം ഓഹരികളാണ് ദ്രോണഗിരി ഇൻഫ്രാസ്ട്രക്ചറിന് ഉളളത്. അർബൻ ഇൻഫ്രാസ്ട്രക്ചർ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ് ദ്രോണഗിരി ഇൻഫ്രാസ്ട്രക്ചറിലെ 99 ശതമാനം ഓഹരികളും. നവി മുംബൈ ഐ.ഐ.എ യിലെ (നവി മുംബൈ സെസ്) ശേഷിക്കുന്ന ഓഹരി സർക്കാർ ഏജൻസിയായ സിഡ്‌കോയുടെ കൈവശമാണ്.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, നവി മുംബൈ എയർപോർട്ട് എന്നീ രണ്ട് പ്രധാന നിര്‍മാണങ്ങള്‍ പ്രവർത്തനക്ഷമമായതിന് ശേഷം നവി മുംബൈ സെസിന് ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുണ്ടെന്നാണ് നേരത്തെ കണക്കാക്കപ്പെട്ടിരുന്നത്.
Next Story
Videos