ഇനി ഈ ചാനലിലായിരിക്കും പ്രമുഖ ക്രിക്കറ്റ് മത്സരങ്ങളെല്ലാം, നടക്കുന്നത് ഇന്ത്യൻ മാധ്യമ മേഖലയിലെ ഏറ്റവും വലിയ ലയനം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന കായിക മേഖല ക്രിക്കറ്റാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബി.സി.സി.ഐ. ബി.സി.സി.ഐയും ഐ.സി.സിയും നടത്തുന്ന ടൂര്‍ണമെന്റ്-ചാമ്പ്യന്‍ഷിപ്പുകളുടെ സംപ്രേഷണാവകാശം കോടിക്കണക്കിനു രൂപക്കാണ് വിറ്റുപോകുന്നത്.
ഈ സാഹചര്യത്തിലാണ് ഡിസ്നി സ്റ്റാറും റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള വയാകോം 18 ഉം തമ്മിലുളള ലയനം ശ്രദ്ധേയമാകുന്നത്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) അംഗീകാരം കൂടി ലഭിച്ചതോടെ ലയനത്തിനുളള പ്രധാന തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. 8.5 ബില്യൺ ഡോളർ മൂല്യമുള്ള ലയനത്തിലാണ് ഈ മാധ്യമ ഭീമന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കുക്കൂട്ടിയാല്‍ ഏകദേശം
71,239
കോടിയുടെ ലയനത്തിനാണ് ഇരുവരും സജ്ജരായിരിക്കുന്നത്.

പ്രധാന മത്സരങ്ങളെല്ലാം ഈ ചാനലുകളില്‍

ഐ.പി.എൽ, ഐ.സി.സി ലോക ചാമ്പ്യന്‍ഷിപ്പുകള്‍, എല്ലാ ഫോർമാറ്റുകളിലെയും പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉഭയകക്ഷി ക്രിക്കറ്റ് തുടങ്ങിഎല്ലാ പ്രധാന ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണാവകാശം ഈ രണ്ട് നെറ്റ്‌വർക്കുകളുമാണ് സ്വന്തമാക്കിയിട്ടുളളത്. ക്രിക്കറ്റില്‍ വരുമാനം എത്തുന്നതിന്റെ പ്രധാന മേഖല സംപ്രേഷണാവകാശമാണ്. 2023 ല്‍ ഇന്ത്യന്‍ കായിക വ്യവസായത്തിന്റെ 87 ശതമാനവും സംഭാവന ചെയ്തത് ക്രിക്കറ്റാണ്.
വയാകോം 18 ന്റെ വരവിന് മുമ്പായി എല്ലാ വലിയ മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്റ്റാർ ടി.വിയാണ് കൈവശം വച്ചിരുന്നത്. സ്റ്റാറിനോട് പ്രധാനമായും മത്സരിച്ചത് സോണി ടി.വി ആയിരുന്നു.

കൂടുതല്‍ ആളുകളും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു

ഡിജിറ്റൽ മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ എത്തുകയും മത്സരം കനക്കുകയും ചെയ്തതോടെ ചെറിയ പട്ടണങ്ങളിൽ പോലും ആളുകള്‍ക്ക് ഡാറ്റാ ചെലവുകൾ വലിയ തോതില്‍ താങ്ങാനാവുന്നതായി തീര്‍ന്നിട്ടുണ്ട്. കൂടുതല്‍ ജനങ്ങളും ക്രിക്കറ്റ് മത്സരങ്ങള്‍ പോലുളള വിനോദോപാധികള്‍ കാണാന്‍ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോഴുളളത്.
ഇതും ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായത്തില്‍ വരും കാലങ്ങളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുക. റിലയന്‍സ്, ഡിസ്നി പോലുളള വമ്പന്‍മാര്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് ഈ മേഖലയെ ശതകോടികളുടെ ബിസിനസ് വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കണക്കാക്കുന്നത്.
Related Articles
Next Story
Videos
Share it