പുരപ്പുറ സോളാർ പദ്ധതികള്‍ക്ക് വേഗത കൂടും, രണ്ട് പുതിയ പേയ്‌മെൻ്റ് രീതികൾക്ക് അംഗീകാരം നല്‍കി മന്ത്രാലയം

പേയ്‌മെൻ്റ് സുരക്ഷയും സബ്‌സിഡി അനുവദിക്കുന്നതും ഉറപ്പാക്കുകയാണ് ലക്ഷ്യം

പുരപ്പുറ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് രണ്ട് പുതിയ പേയ്‌മെൻ്റ് രീതികൾ അനുവദിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പുനരുപയോഗ ഊർജ മന്ത്രാലയം. സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് പേയ്‌മെൻ്റ് സുരക്ഷയും സബ്‌സിഡി അനുവദിക്കുന്നതും ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ മാർഗനിർദ്ദേശം അനുസരിച്ച് റിന്യൂവബിൾ എനർജി സർവീസ് കമ്പനി (റെസ്‌കോ) വഴിയും യൂട്ടിലിറ്റി ലെഡ് അഗ്രഗേഷൻ മോഡലുകൾ (യു.എല്‍.എ) വഴിയും പണമിടപാടുകൾ നടത്താവുന്നതാണ്. പ്രധാനമന്ത്രി-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി പദ്ധതിക്ക് കീഴില്‍ സോളാര്‍ സ്ഥാപിക്കുന്നതിനാണ് ഇവ ബാധകം.
റെസ്‌കോ മോഡലിന് കീഴിൽ മൂന്നാം കക്ഷി സ്ഥാപനങ്ങളാണ് പുരപ്പുറ സോളാർ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നത്. മുൻകൂർ ചെലവുകൾ വഹിക്കാതെ ഉപഭോഗം ചെയ്യുന്ന വൈദ്യുതിക്ക് മാത്രം കുടുംബങ്ങള്‍ പണം നൽകിയാല്‍ മതിയാകും. യു.എല്‍.എ മോഡലിന് കീഴിൽ വൈദ്യുതി വിതരണ കമ്പനികളോ സംസ്ഥാനങ്ങള്‍ നിയമിക്കുന്ന സ്ഥാപനങ്ങളോ ആണ് കുടുംബങ്ങൾക്ക് വേണ്ടി മേൽക്കൂര സോളാർ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ പേയ്‌മെൻ്റ് സെക്യൂരിറ്റി മെക്കാനിസത്തിനായി 100 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവച്ചിട്ടുണ്ട്.
ഉപയോക്താക്കൾ ദേശീയ പോർട്ടലിലൂടെ (https://www.pmsuryaghar.gov.in/) നടപ്പിലാക്കുന്ന നിലവിലുള്ള രീതിക്ക് (കാപെക്‌സ് മോഡ്) പുറമെയാണ് ഈ മാർഗനിർദ്ദേശങ്ങൾ. പി.എം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ ഏകദേശം 1.45 കോടി രജിസ്ട്രേഷനുകളും 6.34 ലക്ഷം ഇൻസ്റ്റലേഷനുകളും നടന്നതായാണ് മന്ത്രാലയം കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ അറിയിച്ചത്.
Related Articles
Next Story
Videos
Share it