കിറ്റ്കാറ്റും മഞ്ചും മാഗിയുമായി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തേരോട്ടത്തിനൊരുങ്ങി നെസ്‌ലെ

ബഹുരാഷ്ട്ര ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ നെസ്‌ലെ ഇപ്പോള്‍ ഇന്ത്യന്‍ ഉള്‍ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമാണ് ചെവിയോര്‍ക്കുന്നത്. രണ്ടുമിനിട്ടില്‍ വിശപ്പടക്കാന്‍ സഹായിക്കുന്ന മാഗിയും കുട്ടി മഞ്ചും ക്രഞ്ചിയായ കിറ്റ് കാറ്റും കുഞ്ഞുങ്ങള്‍ക്ക് രാത്രി സുഖമായുറങ്ങാന്‍ പത്തുരൂപ പായ്ക്കറ്റില്‍ മമ്മി പോക്കോ പാന്റും എത്തിച്ചു നല്‍കി നെസ്്‌ലെ ഇന്ത്യന്‍ ഗ്രാമീണരുടെ നിത്യ ജീവിതത്തിലേക്ക് പടര്‍ന്നുകയറുകയാണ്. 2024 ഓടെ 1.2 ലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉല്‍പ്പന്നങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെസ്‌ലെ ഇന്ത്യയുടെ പടയോട്ടം.

എഫ്എസ്എസ്എഐ 2015ല്‍ മാഗി ന്യൂഡില്‍സ് നിരോധിച്ചപ്പോള്‍ അഗ്നിപരീക്ഷ നേരിട്ട നെസ്‌ലെ ഇന്ത്യ, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ സാരഥിയുടെ കീഴില്‍ ഗ്രാമഹൃദയങ്ങള്‍ കീഴടക്കി ബിസിനസ് പതിന്മടങ്ങാക്കി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മാഗി പ്രതിസന്ധിയുടെ കാലത്താണ് നെസ്‌ലെ ഇന്ത്യയുടെ സാരഥ്യത്തിലേക്ക് സുരേഷ് നാരായണന്‍ എത്തുന്നത്. മാഗി കേസില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന ദിവസങ്ങളായിരുന്നു തന്റെ ജീവിതകാലത്തിലെ ഉറക്കമില്ലാത്ത ദിനങ്ങള്‍ എന്ന് പിന്നീടൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുള്ള സുരേഷ് നാരായണന്‍,
നെസ്‌ലെ
ഇന്ത്യ ടീമിന് ആത്മവിശ്വാസം പകര്‍ന്ന് മാഗി പ്രതിസന്ധിയില്‍ ഉലഞ്ഞ വിപണിയെ നേര്‍ദിശയിലാക്കിയാണ് വീണ്ടും മുന്നേറിയത്. ഇന്ത്യയില്‍ മാഗിക്ക് പുനര്‍ജന്മം നല്‍കിയ സുരേഷ് നാരായണന്‍ തന്റെ കരിയറില്‍ ഒരു ഘട്ടത്തില്‍ ജോലി ചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അതേ തന്ത്രമെടുത്താണ് ഇപ്പോള്‍ നെസ്‌ലെയെ ഇന്ത്യയില്‍ കൂടുതല്‍ വളര്‍ത്താന്‍ ഒരുങ്ങുന്നത്. 1981-97 കാലത്താണ് സുരേഷ് നാരായണന്‍ എച്ച് യു എല്ലിന് ഒപ്പമുണ്ടായിരുന്നത്.

നിലവില്‍ 7.935 അര്‍ബന്‍ ടൗണുകളില്‍ ശക്തമായ സാന്നിധ്യമായ നെസ്‌ലെ അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 2,600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ നെസ്്‌ലെ തിളങ്ങുന്നില്ല
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ശക്തമായ സാന്നിധ്യമായി വന്‍ ബിസിനസ് വാരിയെടുക്കുന്ന ആഗോള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നെസ്‌ലെയുടെ സ്ഥാനം ഏറെ പിന്നിലാണ്. ഇമാമിയുടെ സെയ്ല്‍സില്‍ 50 ശതമാനം ഗ്രാമങ്ങളില്‍ നിന്നുള്ള സംഭാവനയാണെങ്കില്‍ നെസ്‌ലെയുടെ സെയ്ല്‍സില്‍ ഇത് 25 ശതമാനം മാത്രമാണ്. ബ്രിട്ടാനിയ (40%), കോള്‍ഗേറ്റ് (40%), എച്ച് യു എല്‍ (40%), ബജാജ് കണ്‍സ്യൂമര്‍ കെയര്‍ (35%) മാരികോ (31%) എന്നിവയെല്ലാം ഇക്കാര്യത്തില്‍ നെസ്‌ലെയേക്കാള്‍ ഏറെ മുന്നിലാണ്.

എന്നാല്‍ ഈ കണക്കുകള്‍ തന്നെ അലോസരപ്പെടുത്തിന്നെല്ലെന്നാണ് സുരേഷ് നാരായണന്‍ പറയുന്നത്. ഗ്രാമീണ ഇന്ത്യയുടെ ഉയരുന്ന അഭിലാഷങ്ങളും ഉള്‍പ്രദേശങ്ങളില്‍ പോലും സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റുമെല്ലാം ലഭ്യമായതും നെസ്‌ലെയും ഭാവി പദ്ധതികള്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

നെസ്‌ലെയുടെ മാഗിയും മില്‍ക്ക്‌മെയ്ഡുമെല്ലാം അതത് ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലെ ജനറിക് നാമമായി മാറിയിട്ടുണ്ട്. ന്യൂഡില്‍സ് എന്നു പറയുന്നതിന് പകരം ജനങ്ങള്‍ ചോദിക്കുന്നത് മാഗിയാണ്. എന്നാല്‍ അത്തരമൊരു കരുത്ത് നെസ്‌ലെയുടെ മറ്റ് ബ്രാന്‍ഡുകള്‍ക്കില്ല. അതാകും ഗ്രാമവിപണികളിലെത്തുമ്പോള്‍ വെല്ലുവിളിയാകുന്ന ഘടകം.

പക്ഷേ കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ വിശ്വസ്തമായ ബ്രാന്‍ഡുകളിലേക്ക് തിരിയുന്നത് നെസ്‌ലെയ്ക്ക് മെച്ചമാകുമെന്ന ശുഭാപ്തിവിശ്വാസമാണ് സുരേഷ് നാരായണന് ഉള്ളത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഫോര്‍ബ്‌സ് ഇന്ത്യ)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it