ലക്ഷ്യം വളര്‍ച്ചവും ലാഭവും: ഫാല്‍ഗുനി നയാര്‍

വളര്‍ച്ചയും ലാഭവും ആണ് ലക്ഷ്യമെന്ന് നൈകയുടെ സ്ഥാപകയും സിഇഒയുമായ ഫാല്‍ഗുനി നയാര്‍. നിക്ഷേപങ്ങള്‍ തുടരുന്നതിനൊപ്പം ഭാവിയില്‍ വളര്‍ച്ചയിലും ലാഭത്തിലും സന്തുലിനം കൊണ്ടുവരും. ബ്യൂട്ടി, ഫാഷന്‍ ഇ-റീട്ടെയില്‍ കമ്പനിയായ നൈക മാര്‍ക്കറ്റിംഗിലും പുതിയ ഉപഭോക്താക്കളെ എത്തിക്കുന്നതിലും കൂടുതല്‍ ശ്രദ്ധിക്കുമെന്നും നയാര്‍ അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ ഫലങ്ങള്‍ വന്നതിന് പിന്നാലെയാണ് നയാറിൻ്റെ പ്രതികരണം. കഴിഞ്ഞ ഒക്ടോബര്‍ 28ന് നൈക പ്രാരംഭ ഓഹരി വില്‍പ്പന നടത്തിയതോടെ ഫാല്‍ഗുനി നയാറുടെ ആസ്തി ഒരുദിവസം കൊണ്ട് 27000 കോടി വര്‍ധിച്ചിരുന്നു.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ നൈകയുടെ ഏകീകൃത അറ്റാദായം 95 ശതമാനം ഇടിഞ്ഞ് 1.2 കോടിയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 27 കോടിയായിരുന്നു നൈകയുടെ ലാഭം. അതേസമയം കമ്പനിയുടെ വരുമാനം 47 ശതമാനം ഉയര്‍ന്ന് 885 കോടിയിലെത്തി. ആദ്യപാദത്തെക്കാള്‍ 8 ശതമാനം വളര്‍ച്ചയാണ് രണ്ടാംപാദ വരുമാനത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം 31.5 കോടിയായിരുന്ന മാര്‍ക്കറ്റിംഗ്, പരസ്യ ചെലവുകള്‍ 121.4 കോടിയായി രണ്ടാം പാദത്തില്‍ ഉയര്‍ന്നു. ഉത്സവ സീസണില്‍ മികച്ച വിപണിയാണ് ഉണ്ടായത്. ഡിസംബര്‍ പാദഫലത്തില്‍ അത് പ്രതിഫലിക്കുമെന്നും നയാര്‍ പറഞ്ഞു. നിലവിലെ വിപണി അടുത്ത വര്‍ഷം ഫെബ്രുവരിവരെ തുടരുമെന്നും അതിന് ശേഷമുള്ള വിവാഹ സീസണും നൈകയ്ക്ക് ഗുണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it