Begin typing your search above and press return to search.
ഒഎന്‍ഡിസിയുടെ ഭാഗമായി ചെറുകിടക്കാര്‍ക്കും വളരാം: എങ്ങനെ?
ഒഎന്‍ഡിസി എന്ന ആശയം എങ്ങനെയാണ് ഉണ്ടായത്?
ഇന്റര്‍നെറ്റ് തുടങ്ങിയ കാലത്ത് അത് വളരെ ജനാധിപത്യ പരമായിരുന്നു. എന്നാല്‍ ഇ-കൊമേഴ്‌സ് വന്നപ്പോള്‍ അതിലൊരു വ്യത്യാസം വന്നു. സെല്ലറെയും ബയറെയും ഒരേയിടത്ത് ഉള്‍പ്പെടുത്തി അവര്‍ ഒരു പ്ലാറ്റ്‌ഫോമുണ്ടാക്കി. ആ പ്ലാറ്റ്‌ഫോമിലെ ബയര്‍ക്ക് ആ പ്ലാറ്റ്‌ഫോമിലെ സെല്ലറുടെ അടുത്ത് നിന്നേ വാങ്ങാനാവൂ. ആ പ്ലാറ്റ്‌ഫോമിലെ സെല്ലര്‍ക്ക് ആ പ്ലാറ്റ്‌ഫോമിലെ ബയര്‍ക്ക് മാത്രമേ വില്‍ക്കാനാവൂ.
അവിടെ ഏകാധിപത്യം കൂടുതലായിരിക്കും. ഇത് ഇന്ത്യയില്‍ മാത്രമല്ല, എല്ലാ രാജ്യത്തും ഇങ്ങനെയാണ്. ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ആശങ്കാകുലരുമാണ്. അതിന്റെ ഭാഗമായാണ് ഇതു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ, അമേരിക്കയില്‍ 'അമേരിക്കന്‍ ഇന്നൊവേഷന്‍ ആന്‍ഡ് ചോയ്‌സ് ഓണ്‍ലൈന്‍ ആക്ട്' നിവലില്‍ വന്നത്. റെഗുലേഷനൊക്കെ വേണമെന്നു തന്നെ തീരുമാനിക്കുമ്പോഴും, 'ടെക്‌നോളജി, മാര്‍ക്കറ്റ് വിത്ത് എനേബ്‌ളിംഗ് പോളിസി' എന്ന ഇന്ത്യയുടെ ആശയമാണ് ഒഎന്‍ഡിസിയില്‍ എത്തിയത്.
ഓപ്പണ്‍ നെറ്റ്വര്‍ക്ക് എന്ന ആശയം ഇന്ത്യയില്‍ പൊങ്ങിവരുന്ന സന്ദര്‍ഭത്തിലാണ് യുപിഐ ഉണ്ടായത്. ഈ സമയത്താണ് കോവിഡും വന്നത്. വില്‍പ്പനയും എത്തിച്ചുകൊടുക്കലും എല്ലാം നിലച്ചു. ഇതോടെ വാണിജ്യ മന്ത്രാലയം യോഗം ചേര്‍ന്ന്, ഒരു പരിഹാര ഫോര്‍മുലയ്ക്കായി ശക്തമായി ആലോചിച്ചു.
മഹാമാരിക്കാലത്തെ നേരിടാനുള്ള പരിഹാരം എന്നതിലുപരി, ഭാവി മുന്നില്‍ക്കണ്ടുള്ള പരിഹാര ഫോര്‍മുലയാണ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഒഎന്‍ഡിസിയുടെ പ്രോട്ടോക്കോള്‍ ഉണ്ടാക്കിയത്. ഇതിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ അടുത്തു നിന്നടക്കം വലിയ പിന്തുണ ലഭിച്ചു. അങ്ങനെയാണ് ഇത് വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാര്‍ ഒഎന്‍ഡിസിക്കൊപ്പം വരുമോ?
വരുമോന്ന് ചോദിച്ചാല്‍, അവര്‍ക്കിഷ്ടം കാണില്ല. ഞങ്ങള്‍ വളരെ നന്നായി നടത്തുന്നുണ്ടല്ലോയെന്ന് ബിഗ് പ്ലെയേഴ്‌സ് പറയും. പക്ഷേ, അത് വളരെ ചുരുക്കം പേര്‍ക്കേയുള്ളൂ എന്നതാണ് പ്രശ്‌നം. ചെറുകിടക്കാരൊന്നും അതിന്റെയകത്ത് പ്രസക്തമേയല്ല. ഒഎന്‍ഡിസിയില്‍ വരാന്‍ എല്ലാവരും നിര്‍ബന്ധിതരാവും. അത് ഏതെങ്കിലും നിയമം കൊണ്ടോ മറ്റോ അല്ല. മറിച്ച്, മാര്‍ക്കറ്റ് ഫോഴ്‌സ് അതിനവരെ നിര്‍ബന്ധിതരാക്കും.
ഇപ്പോള്‍ തന്നെ ഇക്കൂട്ടത്തില്‍ മൂന്നാമനെന്ന് പറയാവുന്ന സ്‌നാപ്ഡീല്‍ ഒഎന്‍ഡിസിക്കൊപ്പം ചേര്‍ന്നു. ഇതുമായി ചേര്‍ന്നുപോകുന്നതാക്കാന്‍ തങ്ങളുടെ സ്ട്രാറ്റജി റീഡിസൈന്‍ ചെയ്യുകയാണെന്ന് നേരത്തെ പേടിഎമ്മും പ്രഖ്യാപിച്ചിരുന്നു. വമ്പന്മാര്‍ക്ക് ഇതില്‍ ചേരുകയെന്നല്ലാതെ വേറൊരു ഓപ്ഷനില്ല. കാരണം, ഇത് എല്ലാവര്‍ക്കും ഉപകാരപ്രദമാണ്.
ആരെയും ഉപദ്രവിക്കുകയും ചെയ്യുന്നില്ല. അത്തരത്തില്‍ ഒരേയൊരു ഓപ്ഷന്‍ ഇതാണ്.
മൊത്തവില്‍പ്പനക്കാരന് ചില്ലറവില്‍പ്പനക്കാരനേക്കാള്‍ വില കുറച്ച് കൊടുക്കാനാവും. അതെങ്ങനെയാവും ഒഎന്‍ഡിസിയില്‍ പ്രതിഫലിക്കുക?
മൊത്തവില്‍പ്പനക്കാരന്റെ കടയേക്കാള്‍ അടുത്തായിരിക്കാം ചിലപ്പോള്‍ ചില്ലറക്കാരന്റെ കട. അപ്പോള്‍ അവര്‍ക്ക് നേരിട്ടുപോയി കൊണ്ടുകൊടുക്കാനും വില കുറച്ച് കൊടുക്കാനുമാവും. അത്തരത്തിലുള്ള ബിസിനസ് മോഡലാണ് ഇതില്‍ നടക്കുന്നത്. പുതിയൊരു ടെക്‌നോളജി കടന്നുവരുമ്പോള്‍ സ്വാഭാവികമായും ചിലതിനെ ഡിസ്‌റപ്റ്റ് ചെയ്യും.
പല ആളുകളും അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്തുവരും. മറ്റേതൊന്ന് പോലെയും ചിലര്‍ വലുതാവും. ചിലര്‍ക്ക് പുറത്തുപോവേണ്ടിയും വരും. ഒഎന്‍ഡിസി അവസരം തരും. അതിനര്‍ത്ഥം എല്ലാവര്‍ക്കും ഒരുപോലെ വീതിച്ചുകൊടുക്കും എന്നല്ല. അത് ജനാധിപത്യപരമല്ല. കഴിവുള്ളവന് ന്യായമായി മത്സരിക്കാനുള്ള അവസരം കൊടുക്കണം എന്നതാണ് നയം.
ഇടപാടിലെ വിശ്വാസ്യത, ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെ ക്വാളിറ്റി, ക്വാണ്ടിറ്റി തുടങ്ങിയവ ഉറപ്പാക്കുക എങ്ങനെയാണ്?
ഇപ്പോഴുള്ള മികച്ച പ്ലാറ്റ്‌ഫോമുകളെല്ലാം ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പോലെയാണ്. ചെറിയൊരു പ്രശ്‌നം പറ്റിയാല്‍ പരിഹാരവും മികച്ചതായിരിക്കും. അതിനു സമാനമായിരിക്കില്ല പെട്ടിക്കടയിലെ സേവനം. ഈ പൈസയ്ക്ക് ഇത്രയേ കിട്ടുള്ളൂ എന്ന് പെട്ടിക്കടക്കാരന് ഉപയോക്താവിനോട് പറയാനാവും. അതുപോലെ, അവരവര്‍ വാഗ്ദാനം ചെയ്യുന്ന ഉത്തരവാദിത്തം നിറവേറ്റിപ്പിക്കുകയെന്ന കാര്യമാണ് ഒഎന്‍ഡിസി ചെയ്യുന്നത്.
എല്ലാവരെയും ഫൈവ് സ്റ്റാര്‍ ആക്കുകയല്ല ചെയ്യുക. എല്ലാവര്‍ക്കും കാണാവുന്ന പൊതു മാനദണ്ഡം ഒഎന്‍ഡിസിയിലുണ്ട്. അത് പാലിക്കാതിരിക്കുന്നവര്‍ എന്തായാലും പുറത്താവും.
യുപിഐയുമായാണല്ലോ താരതമ്യം ചെയ്യുന്നത്. എന്നാല്‍ യുപിഐയ്യേക്കാള്‍ തര്‍ക്ക സാധ്യത വളരെ കൂടുതലാണ്. ഇത് പരിഹരിക്കുന്നത് ആരായിരിക്കും?
ഏത് ബിസിനസിലും ഡിസ്പ്യൂട്ട് കാണും. സാധാരണപോലെ ഇ-കൊമേഴ്‌സ്, ഉപഭോക്തൃസംരക്ഷണ നിയമങ്ങളൊക്കെ തന്നെയാണ് ഇതിനും ബാധകമാവുന്നത്. ഒഎന്‍ഡിസിക്കായി മാത്രം പ്രത്യേകിച്ചൊരു നിയമമില്ല. എന്നാല്‍, കൂടുതല്‍ കൂടുതല്‍ ടെക്‌നി
ക്കലി ട്രാക്ക് ചെയ്യാവുന്നതായതു കൊണ്ട്, കൂടുതല്‍ തെളിവുകള്‍ ലഭ്യമാവുകയും നല്ല പരിഹാര ഫോര്‍മുല കൊണ്ടുവരാനാവുകയും ചെയ്യും.
സാധനം പോയോ, വന്നോ തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഡിജിറ്റലായി തന്നെ മികച്ച രീതിയില്‍ പരിഹരിക്കാനാകും. അതേ സെല്ലര്‍ ആപ്പില്‍ തന്നെ പ്രശ്‌നപരിഹാരത്തിന് ഓപ്ഷനുണ്ട്. അങ്ങനെ സെറ്റില്‍ ആയില്ലെങ്കില്‍ നിലവില്‍ ആളുകള്‍ ഉപഭോക്തൃ കോടതിയില്‍ പോവുകയാണല്ലോ ചെയ്യുന്നത്. അത് തന്നെ ഇവിടെയുമാവാം. പക്ഷേ, കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ഫ്രേംവര്‍ക്കും പ്ലാറ്റ്‌ഫോമും തയ്യാറാക്കുന്നുണ്ട്. അഞ്ചാറു മാസത്തിനുള്ളില്‍ അതും നിലവില്‍ വരും. ഈ രംഗത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നല്ല; എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ മികച്ച പരിഹാരങ്ങളുണ്ടാവും.
ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഏത് മുന്‍ഗണനയിലാണ് സെര്‍ച്ച് റിസള്‍ട്ട് ലഭ്യമാവുക? നിലവിലുള്ളതില്‍ നിന്ന് എന്താണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
നിങ്ങള്‍ രണ്ട് ഗെയ്റ്റുകള്‍ മാത്രമുള്ള മാളില്‍ പോവുകയാണെന്ന് സങ്കല്‍പ്പിക്കൂ. മാളിനകത്തുള്ള ഒരു കടക്കാരന്‍ സെക്യൂരിറ്റിക്കാരന് കൈക്കൂലി കൊടുത്ത്, തുണിത്തരം വാങ്ങാനെത്തുന്ന എല്ലാവരെയും ഇങ്ങോട്ട് അയക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കും. എന്നാല്‍ ആയിരം ഗെയ്റ്റുകളുള്ള മാള്‍ ആണെങ്കിലോ? ആര്‍ക്ക് കൈക്കൂലി കൊടുക്കും? നടക്കില്ല. അതുപോലെയാണ് ഒഎന്‍ഡിസിയും.
ഉപഭോക്താക്കള്‍ ബയര്‍ ആപ്പിലാണ് സാധനങ്ങള്‍ വാങ്ങാനെത്തുക.
അവിടെ ബയേഴ്‌സ് മാത്രമല്ലേയുള്ളൂ. സെല്ലര്‍മാരില്ലല്ലോ. സെല്ലര്‍മാരുണ്ടെങ്കില്‍ പ്ലാറ്റ്‌ഫോമിന്, അവരെ മുമ്പില്‍ കൊണ്ടുവരാനും പണം വാങ്ങി മുന്‍ഗണന കൊടുക്കാനുമാകും. ഒഎന്‍ഡിസിയില്‍ അതു നടക്കില്ല. ആകെയുണ്ടാവുക ബയേഴ്‌സാണ്. അവരെയാണ് സഹായിക്കേണ്ടത്. മികച്ച ഫില്‍റ്റര്‍, മികച്ച സോര്‍ട്ടിംഗ് എന്നിവയൊക്കെ നല്‍കി ബയേഴ്‌സിന് മികച്ച ചോയ്‌സ് നല്‍കണം. എല്ലാം സുതാര്യമായിരിക്കും. താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മുന്‍ഗണന നല്‍കി ഉപഭോക്താവിനെ കബളിപ്പിക്കാനാവില്ല. മറ്റൊരു കാര്യം, ഓപ്പണ്‍ ആയതുകൊണ്ടു തന്നെ നിരവധി സോഷ്യല്‍ ഓഡിറ്റിംഗുകള്‍ ഉണ്ടാവുമെന്നതാണ്. അതിപ്പോഴുള്ള പ്ലാറ്റ്‌ഫോമുകളില്‍ സാധ്യമല്ല.
എന്താണ് ഭാവി വിപുലീകരണ പദ്ധതികള്‍?
ഒരു പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്ന പോലെ ചെണ്ടകൊട്ടിയുള്ള അവതരണമൊന്നും ഒഎന്‍ഡിസിയുടെ കാര്യത്തില്‍ നടക്കില്ല. കൂടുതല്‍ ഡൊമൈന്‍സ്, കൂടുതല്‍ നഗരങ്ങള്‍, കൂടുതല്‍ സെല്ലര്‍മാര്‍, കൂടുതല്‍ ബയര്‍ പ്ലാറ്റ്‌ഫോമുകള്‍... ഇങ്ങനെ സ്വാഭാവികമായി വളര്‍ച്ച കൈവരിക്കുന്നൊരു നെറ്റ്വര്‍ക്കായിരിക്കും ഇത്. തുടക്കത്തില്‍ അഞ്ച് നഗരങ്ങളിലായിരുന്നു പൈലറ്റ് ലോഞ്ച്. രണ്ടാം ഘട്ടത്തില്‍ അത് 22 നഗരങ്ങളിലായി. രണ്ടു മാസം കൂടി കഴിയുമ്പോള്‍ 2500 നഗരങ്ങളിലാവും. അങ്ങനെയൊരു യാത്രയായിരിക്കും ഒഎന്‍ഡിസിയുടേത്. എല്ലാ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതികളും തുടക്കത്തില്‍ മന്ദം മന്ദം നീങ്ങി, ഒരൊറ്റ കുതിപ്പാണുണ്ടാവുക.
എങ്ങനെ ഒഎന്‍ഡിസിയുടെ ഭാഗമാവാം?
പല രീതിയില്‍ ഇതിന്റെ ഭാഗമാവാം. വമ്പന്‍ കമ്പനികള്‍ക്കും, സ്വന്തമായി വെബ്‌സൈറ്റുണ്ടാക്കാനും മെയ്ന്റെയ്ന്‍ ചെയ്യാനും പണവും സാങ്കേതിക സഹായവും ഉള്ളവര്‍ക്കും സ്വന്തം നിലയ്ക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ നിങ്ങള്‍ വളരെ ചെറിയൊരു സെല്ലറാണെങ്കില്‍ കാറ്റലോഗ് മാത്രം മറ്റു ചെറിയ ഏജന്‍സികള്‍ക്ക് നല്‍കി ഇതിന്റെ ഭാഗമാവാം.
വ്യാപാരികള്‍ക്കായി ഒഎന്‍ഡിസി എല്ലാ ചൊവ്വാഴ്ചയും ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പുതുതായി വരുന്നവര്‍ക്ക് വേണമെങ്കില്‍ കേള്‍ക്കാം, മനസിലാക്കാം. ഉടനെ തന്നെ തുടങ്ങാന്‍ തയ്യാറാവുന്നവര്‍ക്ക് അവിടുന്ന് തന്നെ വേണ്ട നടപടികള്‍ ചെയ്തുകൊടുക്കും. അതുകഴിഞ്ഞ് അവര്‍ക്ക് തുടര്‍ച്ചയായി ഓണ്‍ലൈന്‍ ഹെല്‍പ്പ് സെഷന്‍ കൊടുക്കും.
കൂടാതെ കേരളത്തിലുടനീളം വര്‍ക്ക്‌ഷോപ്പുകളും ഹാക്കത്തോണുകളും നടക്കുന്നുണ്ട്.
ഇവിടങ്ങളിലൊക്കെ സൗജന്യമായി പങ്കെടുക്കാനും ഇതേപ്പറ്റി അറിയാനും മറ്റുള്ളവരുമായി ചേര്‍ന്നോ, സ്വന്തം നിലയിലോ ഇതിന്റെ ഭാഗാമാവാനും സാധിക്കും. ONDC.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. team@ondc.org എന്ന മെയ്ല്‍ ഐഡിയിലേക്ക് തങ്ങളുടെ സന്നദ്ധത അറിയിച്ചാല്‍ ചൊവ്വാഴ്ചകളിലുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
ധൈര്യം കിട്ടിയത് കേരളത്തില്‍ നിന്ന്
ഒഎന്‍ഡിസി എന്ന ആശയം വരുന്നതിനു മുമ്പേ തന്നെ കേരളത്തില്‍ സമാനമായൊരു ഓപ്പണ്‍ നെറ്റ്വര്‍ക്ക് പരീക്ഷിച്ചു വിജയിച്ചുകഴിഞ്ഞിരുന്നു. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സംരംഭമായ കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കാണ് (KOMN) ഒഎന്‍ഡിസിയുമായി മുന്നോട്ടുപോകാന്‍ ധൈര്യം പകര്‍ന്നതെന്ന് ടി കോശി വ്യക്തമാക്കുന്നു.
മെട്രോ ബുക്കിംഗ്, ബസ് ടിക്കറ്റ്, ഫെറി ടിക്കറ്റ് മുതല്‍ സൈക്കിള്‍ വായകയ്‌ക്കെടുക്കാന്‍ വരെ ഒരു ഓപ്പണ്‍ നെറ്റ്വര്‍ക്ക് എന്ന ആശയത്തിലാണ് KOMN ഉണ്ടായത്. കൂടാതെ, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്താനും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ അന്വേഷണങ്ങള്‍ക്കും നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്താം.
യാത്രി എന്ന ആപ്പും ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇതിനകം സമ്പൂര്‍ണ പരിശീലനം ലഭിച്ച 1200 ടാക്‌സി ഡ്രൈവര്‍മാര്‍ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 5000 റെയ്ഡ് പൂര്‍ത്തിയാക്കി.
ഒഎന്‍ഡിസി എന്തിന്?
ഇ-കൊമേഴ്‌സിന്റെ 60 ശതമാനവും ആമസോണും ഫ്‌ളിപ്കാര്‍ട്ടും നിയന്ത്രിക്കുന്നു ലോകത്തെ 44% ഇ-കൊമേഴ്‌സും 4 ചൈനീസ്
കമ്പനികള്‍ക്ക് ഇങ്ങനെ പോവുകയാണെങ്കില്‍, ഇന്ത്യയിലെ ഇ-കൊമേഴ്‌സിന്റെ 85% 4 കമ്പനികള്‍ കൈയ്യടക്കും നിലവിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെല്ലാം കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത് വികേന്ദ്രീകൃതമാക്കി, സുതാര്യവും ജനകീയവുമായ ഇ-കൊമേഴ്‌സ് സാധ്യമാക്കുകയാണ് ഒഎന്‍ഡിസിയുടെ ലക്ഷ്യം. വമ്പന്‍ കമ്പനികളെപ്പോലെ തന്നെ നാട്ടുമ്പുറത്തെ കടക്കാരനും കച്ചവടത്തിനുള്ള അവസരമൊരുക്കുന്നതിനായി ഓപ്പണായൊരു നെറ്റ്വര്‍ക്കാണ് ഒഎന്‍ഡിസി വിഭാവനം ചെയ്യുന്നത്. ഒപ്പം, കമ്പനികളുടെ സ്വാധീനമില്ലാതെ ഉപഭോക്താവിന് വാങ്ങാനുള്ള അവസരവും തുറന്നിടുന്നു.
Next Story
Videos