Oxygen : റീറ്റെയ്ല്‍ രംഗത്ത് വ്യത്യസ്തരാകുന്നത് എങ്ങനെ?

മനുഷ്യനും മെഷീനും ഒരുമിച്ച് കൈകോര്‍ത്ത് നൃത്തം ചെയ്യും കാലം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ടെക്നോളജി ഇടപെടല്‍ നടത്തുമ്പോള്‍ ഡിജിറ്റല്‍ രംഗത്തെ റീറ്റെയ്ല്‍ ഷോറൂമുകളുടെ ഭാവിയെന്താകും?

ജീവിതത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കും അവ അധിഷ്ഠിതമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സ്വാധീനം കൂടിവരുമ്പോള്‍ ഇവയെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന റീറ്റെയ്ല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പട്ടുവിരിച്ച പാതയല്ല ഉള്ളത്. പരമ്പരാഗത രീതികളെ കാറ്റില്‍ പറത്തി ഓഫ്ലൈനും ഓണ്‍ലൈനും ഒരുമിച്ചുകൊണ്ടുള്ള കച്ചവട രീതികള്‍ കാലുറപ്പിച്ചിരിക്കുന്നു. കമ്പനികള്‍ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ, ഉപഭോക്താക്കളെ വലിച്ചടുപ്പിക്കുന്ന വിലയില്‍ ഫ്ളാഷ് സെയ്ല്‍ നടത്തി കച്ചവടം തൂത്തുവാരാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നു. യുവജനങ്ങള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളെ ആശ്രയിക്കുമ്പോള്‍, ഓഫ്ലൈന്‍ റീറ്റെയ്ല്‍ രംഗത്ത് പ്രാദേശിക - ദേശീയ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ അതിവേഗ വിപുലീകരണവുമായി പരമാവധി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മുന്നോട്ടുപോവുകയും ചെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതിരൂക്ഷമായ മത്സരം!
അതിനിടയില്‍ 2025ഓടെ 1000 കോടി വിറ്റുവരവുള്ള, സംസ്ഥാനമെമ്പാടും പടര്‍ന്നുകിടക്കുന്ന റീറ്റെയ്ല്‍ ബ്രാന്‍ഡാകാന്‍ സുചിന്തിതമായ പദ്ധതികളോടെ മുന്നോട്ട് പോവുകയാണ് ഓക്സിജന്‍. 1999 മുതല്‍ കേരളത്തിലെ ഡിജിറ്റല്‍ ഉല്‍പ്പന്ന വിപണിയോടൊപ്പം സഞ്ചരിച്ച് നേടിയ അനുഭവ സമ്പത്തിന്റെയും അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ചടുല സ്വഭാവമുള്ള ഈ രംഗത്ത് കോവിഡ് പോലൊരു മഹാമാരിക്കാലത്ത് 60 ശതമാനത്തോളം ബിസിനസ് വളര്‍ച്ച നേടിയ പാരമ്പര്യത്തിന്റെയുമെല്ലാം കരുത്തിലാണ് ഓക്സിജന്‍ ഈ ലക്ഷ്യം നേടാനാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നത്. ''ഞങ്ങള്‍ Big ആവാനല്ല മറിച്ച് Better ആകാനാണ് ശ്രമിക്കുന്നത്. ഓരോ ഉപഭോക്താവിന് അധികമായി എന്ത് മൂല്യം നല്‍കാനാകുമെന്ന ചിന്തയാണ് മുന്നോട്ട് നയിക്കുന്നതും. ഞങ്ങളുടെ മത്സരം ഞങ്ങളോട് തന്നെയാണ്'', തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലായി 32 ഷോറൂമുകളും 700 ലേറെ ജീവനക്കാരും 30 ലക്ഷത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുമുള്ള ദി ഡിജിറ്റല്‍ എക്സ്പെര്‍ട്ട് എന്ന ടാഗ്ലൈന്‍ ബ്രാന്‍ഡിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ഓക്സിജന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഷിജോ കെ തോമസ് പറയുന്നു.
100 ചതുരശ്രയടിയില്‍ നിന്ന് തുടക്കം
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷിജോ കെ തോമസിന് ബിസിനസ് കുടുംബ പശ്ചാത്തലമൊന്നും അവകാശപ്പെടാനില്ല. കംപ്യൂട്ടര്‍ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാഭ്യാസം. ജോലിയില്‍ കയറിയപ്പോള്‍ വീട്ടിലെ ചില ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ കൊണ്ട് അതുവിട്ടു. അന്നേ സ്വന്തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കലശലായുണ്ടായിരുന്നുവെന്ന് ഷിജോ. താല്‍പ്പര്യമുള്ള മേഖല കംപ്യൂട്ടറായതുകൊണ്ട് ആ രംഗത്തേക്ക് തന്നെ ഇറങ്ങി. വര്‍ഷം 1999. അന്ന് കംപ്യൂട്ടര്‍ വില്‍പ്പനയ്ക്ക് റീറ്റെയ്ല്‍ സ്റ്റോറുകളില്ല. ക്വട്ടേഷനെടുത്ത് കോണ്‍ഫിഗറേഷന്‍ അനുസരിച്ച് കംപ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്തു നല്‍കും. കംപ്യൂട്ടര്‍ രംഗത്താണ് സ്ഥാപനമെങ്കിലും അതിന് പേരിട്ടപ്പോള്‍ ഷിജോ ഒന്നു വഴി മാറ്റിപ്പിടിച്ചു. ഓസോണ്‍.
100 ചതുരശ്രയടിയേക്കാള്‍ കുറവുള്ള കുഞ്ഞൊരു ഓഫീസ് സ്പേസില്‍ തനിച്ചും, പിന്നീട് ജോലി കൂടിയപ്പോള്‍ ഒരാളെ കൂടി നിയമിച്ചും, ജോലി ചെയ്തു തളരുമ്പോള്‍ മദര്‍ ബോര്‍ഡില്‍ തലവെച്ചുറങ്ങിയും ബിസിനസ് മുന്നോട്ട് കൊണ്ടുപോയ കാലം. ഒരു കംപ്യൂട്ടര്‍ വാങ്ങുന്ന ആള്‍ അത് അസംബ്ള്‍ ചെയ്ത് നല്‍കുമ്പോഴല്ല, മറിച്ച് വാങ്ങാന്‍ തീരുമാനിക്കുന്ന നിമിഷം തന്നെ തൊട്ട് അറിഞ്ഞ് വാങ്ങാനുള്ള സൗകര്യം നല്‍കണമെന്ന ചിന്ത അപ്പോഴേക്കും ഷിജോയില്‍ വേരുറപ്പിച്ചു. അത് കസ്റ്റമറുടെ അവകാശമാണ്. അവര്‍ പണം നല്‍കി സ്വന്തമാക്കുന്ന ഉല്‍പ്പന്നം തൊട്ടറിഞ്ഞ് വാങ്ങാനുള്ള അവസരം നല്‍കണം. 2005ല്‍ കാഞ്ഞിരപ്പള്ളിയില്‍ കംപ്യൂട്ടറും ലാപ്ടോപ്പുമെല്ലാം വില്‍ക്കാന്‍ റീറ്റെയ്ല്‍ സ്റ്റോര്‍ തുടങ്ങി. അപ്പോഴും ബ്രാന്‍ഡ് നാമത്തിലെ വേറിട്ട സഞ്ചാരം തുടര്‍ന്നു. സ്റ്റോറിന്റെ പേര്: ഓക്സിജന്‍. പോസിറ്റീവായൊരു പേരായിരിക്കണം. വില്‍ക്കുന്ന ഉല്‍പ്പന്നത്തിന്റെ സ്വഭാവവുമായി നേരിട്ട് ബന്ധം പാടില്ല. ഓക്സിജന്‍ എന്ന നാമം തെരഞ്ഞെടുത്തത് ഇതുകൊണ്ടു കൂടിയാണെന്ന് ഷിജോ പറയുന്നു. കാലം പിന്നിട്ടപ്പോള്‍ കംപ്യൂട്ടറും ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും എന്നുവേണ്ട, ഓക്സിജന്‍ ഷോറൂമില്‍ ഇന്ന് ഷിജോ വില്‍ക്കുന്ന എല്ലാം മനുഷ്യന്റെ ജീവവായുവിന് സമാനമായെന്നത് മറ്റൊരു കാര്യം!
പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന ലാപ്ടോപ്പുകള്‍ വരെ ഓക്സിജന്‍ ഷോറൂമില്‍ തുറന്നുവെച്ച് ഉപഭോക്താവിന് തൊട്ടു നോക്കി, പ്രവര്‍ത്തിപ്പിച്ച് നോക്കി വാങ്ങാനുള്ള അവസരമൊരുക്കി. അന്ന് പലരും അതൊരു തലതിരിഞ്ഞ ഏര്‍പ്പാടെന്ന് പറയാനുമുണ്ടായി. ഇത്രയും വിലയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇതുപോലെ തുറന്നുവെച്ച് വില്‍പ്പന നടത്തിയാല്‍ വില്‍പ്പന നടക്കാതെ വന്നാല്‍ കെട്ടികിടക്കുന്ന ചരക്കായി മാറില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ''പക്ഷേ, അതില്‍ ഞാന്‍ വിശ്വസിച്ചില്ല. ജനങ്ങള്‍ കണ്ടറിഞ്ഞ് വാങ്ങട്ടെ. ഇതുപോലെ ആദ്യകാലം മുതലുള്ള വേറിട്ട ചിന്തകളാണ് ഓക്സിജന്‍ എന്ന ബ്രാന്‍ഡിന്റെ ആത്മാവ്'', ഷിജോ പറയുന്നു.
ഓക്സിജന്റെ പഞ്ചതന്ത്രം!
ജനങ്ങള്‍ കയറിയിറങ്ങുന്ന റീറ്റെയ്ല്‍ സ്റ്റോറെന്ന മുഖത്തിനപ്പുറം സുസജ്ജവും സുസംഘടിതവുമായ അടിത്തറയിലാണ് ഓക്സിജന്‍ എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയിരിക്കുന്നത്. 23 വര്‍ഷം കൊണ്ട് എങ്ങനെയാണ് ഓക്സിജന്‍ ഇതുവരെ സഞ്ചരിച്ചെത്തിയതെന്ന് നോക്കുമ്പോള്‍ കാണാം അഞ്ച് സുപ്രധാനകാര്യങ്ങള്‍.
സുതാര്യത
ഉപഭോക്താവിനോട് മാത്രമല്ല ജീവനക്കാരോടും പുലര്‍ത്തുന്ന സുതാര്യതയാണ് ഓക്സിജന്റെ ഒരു ഘടകം. ''പണ്ട് കാലത്ത് ബില്ലിംഗ് നടത്താത്ത ഗ്രേ മാര്‍ക്കറ്റ് സജീവമായിരുന്നു. നികുതി വെട്ടിച്ച് സമാന്തര ചാനലിലൂടെ വിപണിയിലെത്തുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക,് അതിന് കേടുപാടുകള്‍ പറ്റുമ്പോള്‍ കമ്പനികളില്‍ നിന്ന് സപ്പോര്‍ട്ട് കിട്ടാതെ വരുമ്പോഴാണ് ശരിയായ രീതിയില്‍ വിപണിയിലെത്തിയ ഉപകരണമല്ല അതെന്ന് അറിയുന്നത്. അക്കാലത്തും ഞങ്ങള്‍ അത്തരം ഉല്‍പ്പന്നം വിറ്റിരുന്നില്ല. ബില്ലെഴുതാതെ ഒരു വില്‍പ്പനയും നടത്തിയിരുന്നില്ല. ഇന്നും അതാണ് മുറുകെ പിടിക്കുന്നത്. ഓക്സിജനില്‍ എന്ത് നടക്കുന്നുവെന്ന് എല്ലാ ജീവനക്കാര്‍ക്കും അറിയാം'', ഷിജോ പറയുന്നു.
ഡിജിറ്റല്‍-ഇലക്ട്രോണിക്സ് ഉപകരണം വാങ്ങാനെത്തുന്നവരുടെ ആവശ്യമറിഞ്ഞ്, അവര്‍ക്ക് ഏറ്റവും അനുയോജ്യമായവ മാത്രം തെരഞ്ഞെടുത്ത് നല്‍കണമെന്നതാണ് ഓക്സിജന്റെ ഷോറൂം ടീമിന് എന്നുമുള്ള കര്‍ശന നിര്‍ദേശം. ഓക്സിജന്‍ ഷോറൂമില്‍ എന്തുവാങ്ങാനെത്തുവരെയും തൃപ്തിപ്പെടുത്താന്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ഇവര്‍ ഉറപ്പാക്കിയിരിക്കുന്നത്.
  • ഉപഭോക്താവിന്റെ ആവശ്യം ശരിയായി ചോദിച്ചറിയുക. അതിന് ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നം പരിചയപ്പെടുത്തി കൊടുക്കുക. അത് അവരുടെ ആവശ്യം എങ്ങനെ നിറവേറ്റുമെന്നും അതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടാവുകയെന്നും പറഞ്ഞ് ബോധ്യപ്പെടുത്തുക.
  • വാങ്ങാനെത്തുന്നവര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പരിപൂര്‍ണമായും പാലിക്കുക.
  • വിപണിയില്‍ പെട്ടെന്ന് വന്ന് പെട്ടെന്ന് പോകുന്ന അടിത്തറയില്ലാത്ത ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്താതിരിക്കുക. ഇത്തരം ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തിയാല്‍ കൂടുതല്‍ ലാഭം കിട്ടുമെങ്കിലും ആ ലാഭം വേണ്ട. വിപണിയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗുണമേന്മ ഉറപ്പാക്കിയ ബ്രാന്‍ഡുകളല്ലാതെ താല്‍ക്കാലിക ലാഭത്തിനായി മറ്റൊന്നും വില്‍പ്പന നടത്താന്‍ തയ്യാറല്ല.
  • സ്മാര്‍ട്ട് ഫോണാകട്ടെ, ഹൈ എന്‍ഡ് ഇലക്ട്രോണിക്സ് ഉപകരണമാകട്ടെ വാങ്ങുന്നവരുടെ എക്കാലത്തെയും ആശങ്കയാണ് അതിനെന്തെങ്കിലും തകരാന്‍ സംഭവിച്ചാല്‍ എന്തുചെയ്യും എന്നത്. ഈ ആശങ്കയ്ക്ക് പരിഹാരമായി ഓക്സിജന്റെ ഓരോ ഷോപ്പിലും ഓക്സിജന്‍ കെയര്‍ എന്ന വില്‍പ്പനാനന്തര സേവന വിഭാഗം പ്രത്യേകമായി തന്നെ പ്രവര്‍ത്തിക്കുന്നു. തകരാര്‍ പരിഹരിക്കാന്‍ ഇവിടെ ഏല്‍പ്പിക്കുന്ന സ്മാര്‍ട്ട് ഫോണോ ലാപ്ടോപ്പോ റെഡിയായി വരും വരെ താല്‍ക്കാലിക ഉപയോഗത്തിന് സ്റ്റാന്‍ഡ്‌ബൈയായി സമാനമായ ഉപകരണങ്ങളും ഇവിടെ നിന്ന് നല്‍കും.
സുസജ്ജമായ സിസ്റ്റം
ഓക്സിജന്റെ തുടക്കകാലം മുതലേ പ്രവര്‍ത്തനത്തിന് കൃത്യമായ ചട്ടക്കൂടുണ്ട്. ''ബിസിനസ് തുടങ്ങിയ കാലത്ത് മേജറായൊരു ആക്സിഡന്റ് സംഭവിച്ചു എനിക്ക്. മാസങ്ങളോളം കിടന്ന കിടപ്പ് വേണ്ടിവന്നു. ആ കിടപ്പില്‍ ഞാന്‍ ചിന്തിച്ചത് വ്യക്തിയെ ആശ്രയിക്കാതെ സിസ്റ്റത്താല്‍ മുന്നോട്ട് പോകുന്ന ഒരു ബിസിനസ് എങ്ങനെ കെട്ടിപ്പടുക്കാമെന്നാണ്. രോഗകാലത്ത് ഞാന്‍ ചെയ്ത ഗൃഹപാഠമാണ് പിന്നീട് ബിസിനസിന് അടിത്തറയായത്'', ഷിജോ പറയുന്നു. ഓക്സിജന്റെ ഒരു ശാഖ എവിടെ സ്ഥാപിക്കണം എന്നുതുടങ്ങി ഒരു ബ്രാഞ്ചില്‍ എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണം, ഓരോ ഉല്‍്പ്പന്നത്തിന്റെയും മൂവിംഗ് ട്രെന്‍ഡ് എന്ത് തുടങ്ങി എല്ലാകാര്യങ്ങളും ഡാറ്റ വിശകലനം ചെയ്ത് കൃത്യമായി ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.
സ്വന്തം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ട സോഫ്റ്റ്‌വെയര്‍, ടെക്നോളജി സപ്പോര്‍ട്ട് എന്താണെന്ന് കൃത്യമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മനസിലാക്കി ഏറ്റവും അനുയോജ്യരായ സോഫ്റ്റ്‌വെയര്‍ കമ്പനികളെ കണ്ടെത്തി സൊലൂഷന്‍ വികസിപ്പിച്ചെടുക്കുന്ന ശൈലിയാണ് ഓക്സിജന്റേത്. ഓക്സിജന്‍ ടീമിലെ ഓരോരുത്തര്‍ക്കും അവരവരുടെ ജോലി കൃത്യമായും റിസള്‍ട്ട് ഓറിയന്റഡുമായി ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന മൊബീല്‍ ആപ്പ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
ടീം വര്‍ക്ക്
''എന്റെ കൈയില്‍ യഥേഷ്ടം പണമില്ല, മറിച്ച് മികവുറ്റ ടീമുണ്ട്. അതില്‍ വിശ്വസിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നത്'', ഷിജോ പറയുന്നു. ഓക്സിജന്റെ മൂലധനം തന്നെ ടീമാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അതിജീവിച്ച് നിന്നത് തന്നെ ടീമിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണ്.
ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഓക്സിജന്‍ ടീമംഗങ്ങള്‍ ഹോം ഡെലിവറി ചെയ്തത്. അതുപോലെ തന്നെ കടകളില്‍ വരാതെ ഉപഭോക്താവിന് ഓരോ ഉല്‍പ്പന്നത്തെ കുറിച്ചും ശരിയായി അറിഞ്ഞ് വാങ്ങാന്‍ വെര്‍ച്വല്‍ ഷോപ്പിംഗ് ഗ്യാലറിയും അതിവേഗം സജ്ജമാക്കി. ഇതെല്ലാം ടീം വര്‍ക്കിന്റെ ഫലമായിരുന്നു. ''ലോക്ക്ഡൗണ്‍ കാലത്ത് പഠനം, വീട്ടിലിരുന്ന് ജോലി എന്നിവയ്ക്കെല്ലാമായി സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പുകളും ഡെസ്‌ക് ടോപ്പുകളുമെല്ലാം അധികമായി വേണ്ടിവരുമെന്നും മനസിലായി. അന്ന് കേരളത്തിലാണ് കോവിഡ് രൂക്ഷം. ഉത്തരേന്ത്യയില്‍ നിന്ന് ലോഡുകള്‍ വരുന്നില്ല. അപ്പോള്‍ ഇവിടെ നിന്ന് കണ്ടെയ്നറുകള്‍ അയച്ച് അവിടെ നിന്ന് ബള്‍ക്കായി പര്‍ച്ചേസ് ചെയ്തു ഉപകരണങ്ങള്‍ കൊണ്ടുവന്നു. വലിയൊരു റിസ്‌കാണെടുത്തത്. പക്ഷേ, ഞങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഡോര്‍ ഡെലിവറിയും വെര്‍ച്വല്‍ ഷോപ്പിംഗുമെല്ലാം ക്ലിക്കായി. വില്‍പ്പന കൂടി. വിറ്റുവരവും'', ഷിജോ വിശദീകരിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 60 ശതമാനത്തിലേറെ ബിസിനസ് വളര്‍ച്ചയാണ് ഓക്സിജന്‍ നേടിയത്.
നൂതനമായ ആശയങ്ങള്‍
ലോക്ക്ഡൗണില്‍ ഇളവ് നല്‍കി ആഴ്ചയില്‍ മൂന്ന് ദിവസം ഇലക്ട്രോണിക്സ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച നാളുകളില്‍ ഓക്സിജന്‍ പുതുതായി മൂന്ന് സ്റ്റോറുകള്‍ തുറന്നു. മാത്രമല്ല ഇവയില്‍ റെക്കോര്‍ഡ് വില്‍പ്പനയും നേടിയെടുക്കാന്‍ പറ്റി. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വിഭിന്നമായ മാര്‍ക്കറ്റിംഗ് രീതികള്‍ കൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഷോറൂമുകള്‍ തുറക്കുന്ന വിവരങ്ങള്‍ മാത്രമല്ല സ്റ്റോറില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍, അവയുടെ വില, ഓഫറുകള്‍ എന്നിവയെല്ലാം വീട്ടിലിരുന്ന് നോക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും അവ കടകളിലെത്തി വാങ്ങാന്‍ മുന്‍കൂട്ടി സമയം ഫിക്സ് ചെയ്യാനുമുള്ള സൗകര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചു.
പുത്തന്‍ സാങ്കേതികവിദ്യയ്ക്കൊപ്പം സഞ്ചരിക്കുന്ന ഓക്സിജന്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്രലോകത്തെ യൂത്ത് ഐക്കണും ടെക് കാര്യങ്ങളില്‍ ഏറ്റവും പുതിയ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന താരവുമായ ദുല്‍ഖര്‍ സല്‍മാനെയാണ്.
ഒന്നാമതും രണ്ടാമതും മൂന്നാമതും കസ്റ്റമര്‍ തന്നെ!
''ഞാനിപ്പോഴും വിജയിയായ സംരംഭകനാണെന്ന തോന്നല്‍ എനിക്കില്ല. ഇനിയും എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു. കൂടുതല്‍ കൂടുതല്‍ വലുതാകുക എന്നതിനേക്കാള്‍, കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുക എന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്'', ഷിജോ പറയുന്നു.
ഓക്‌സിജനില്‍ നിന്ന് എന്തു വാങ്ങിയാലും മനഃസമാധാനത്തോടെ കസ്റ്റമര്‍ക്ക് ഇരിക്കാം. കാരണം, തകരാറുകള്‍ സംഭവിച്ചാല്‍ കമ്പനി സര്‍വീസ് കേന്ദ്രങ്ങള്‍ തപ്പി ഇവര്‍ നടക്കേണ്ട. എല്ലാം ഓക്സിജന്‍ നോക്കും. ''ഓരോ ഉപഭോക്താവിനും ഡിസ്‌കൗണ്ട്, ഓഫര്‍ എന്നിവ എല്ലാത്തിനുമുപരിയായി എന്ത് അധിക മൂല്യം നല്‍കാനാവുമെന്നാണ് ഞങ്ങള്‍ ഓരോ ദിവസവും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഒരിക്കലും നിലയ്ക്കില്ല. കാരണം ഞങ്ങള്‍ക്കെന്നും ഒന്നാമത് നില്‍ക്കുന്നത് കസ്റ്റമര്‍ തന്നെയാണ്. 30 ലക്ഷം പേര്‍ ഞങ്ങളെ വിശ്വസിക്കുന്നതും അതുകൊണ്ടാണ്'', ഷിജോ പറയുന്നു.
എന്നെന്നും മാറ്റങ്ങള്‍ക്കൊപ്പം
ഐടി രംഗത്തെ ബ്രാന്‍ഡ് എന്ന നിലയില്‍ ഡിജിറ്റല്‍ ടെക്നോളജിയിലെ എന്ത് മാറ്റവും കാലാനുസൃതമായി പ്രതിഫലിപ്പിക്കുന്ന, ജനങ്ങളിലേക്ക് അവയെത്തിക്കുന്ന പാലമായി നിലകൊള്ളുകയെന്ന വലിയ ലക്ഷ്യമാണ് ഓക്സിജന്‍ മുന്നില്‍ വെക്കുന്നത്. നാളെ ഹ്യൂമനോയ്ഡുകള്‍ വിപണിയിലിറങ്ങിയാല്‍, അതുപോലെ ടെക്നോളജി - ഡിജിറ്റല്‍ - ഇലക്ട്രോണിക്സ് രംഗത്തെ എന്ത് പുതുമ അവതരിപ്പിക്കപ്പെട്ടാലും അതിനെ ഏറ്റവുമാദ്യം ജനങ്ങളിലെത്തിക്കാന്‍ തങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് ഷിജോ കെ തോമസ് പറയുന്നു.
മാറ്റങ്ങളെ കുറിച്ച് സംസാരിക്കുക

പ്രവീണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍, ഓപ്പറേഷന്‍സ്


എന്നും മാറ്റങ്ങളെ കുറിച്ച് സംസാരിക്കുക. ടീമംഗങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കുക. പ്രസ്ഥാനത്തെ മാറ്റങ്ങള്‍ക്കൊപ്പമോ അതിന് മുമ്പേയോ മുന്നില്‍ നയിച്ച് കൊണ്ടുപോവുക ഇതാണ് ഓക്‌സിജന്റെ സാരഥിയുടെയും കമ്പനിയുടെയും അടിസ്ഥാന തത്വം തന്നെ. 23 വര്‍ഷമായി ഞാനിവിടെയുണ്ട്. തികച്ചും സാധാരണ കുടുംബ, വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ നിന്നുവന്ന ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മാറ്റങ്ങള്‍ക്കൊപ്പം നടക്കാനുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെയും അതിന്റെ സാരഥിയുടെയും ഫിലോസഫി തന്നെയാണ്.

ടീം വര്‍ക്കിന് പ്രാധാന്യം

സുനില്‍ വര്‍ഗീസ്, ജനറല്‍ മാനേജര്‍, ഫിനാന്‍സ്ഒന്നിച്ചിരുന്ന് കൂട്ടായി തീരുമാനങ്ങളെടുക്കുകയും ഒറ്റക്കെട്ടായി നിന്ന് ആ തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി. 23 വര്‍ഷമായി ഞാനിവിടെ. വന്ന നാള്‍ മുതല്‍ ഇന്നുവരെ ഓക്‌സിജന്റെ വിഷന്‍ വളരെ വ്യക്തമാണ്. ആ വിഷനിലേക്ക് എത്താന്‍ വേണ്ട ദൗത്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ടീമംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ ഉത്തരവാദിത്തത്തെ കുറിച്ചറിയാം.

ഓക്‌സിജന്റെ സ്വന്തം ബ്രാന്‍ഡ്

ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് നിന്ന് റീറ്റെയ്ല്‍ രംഗത്തേക്ക്, അവിടെ നിന്ന് സ്വന്തം ബ്രാന്‍ഡിലുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ രംഗത്തേക്ക് ചുവടുവെക്കുകയാണ് ഓക്‌സിജന്‍ ഇപ്പോള്‍. താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള എല്‍ഇഡി, സ്മാര്‍ട്ട് ടിവികളാണ് 'ഓക്‌സ്വ്യു' എന്ന ബ്രാന്‍ഡില്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.

ഓക്‌സിജന്‍ ഷോറൂമുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മൊബീല്‍ ആക്‌സസറീസ് ഉല്‍പ്പന്നങ്ങള്‍ അധികം വൈകാതെ ഓക്‌സിജന്‍ അവതരിപ്പിക്കും. ഇതോടൊപ്പം സോഫ്റ്റ്വെയര്‍ രംഗത്തേക്കും ബിസിനസ് വിപുലീകരണത്തിന് പദ്ധതിയുണ്ട്. ബിസിനസുകള്‍ക്കുവേണ്ട സോഫ്റ്റ്വെയറുകള്‍, ടൂളുകള്‍ എന്നിവയാണ് ഡെവലപ് ചെയ്യുക. ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കൊപ്പം ചേര്‍ന്നാണ് സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ വിപണിയിലെത്തിക്കുക.

(From Dhanam Magazine Onam Special 2022 Issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it