Begin typing your search above and press return to search.
ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു; കൊറോണ ഭയം വാങ്ങല്‍ സ്വഭാവത്തെ ബാധിച്ചോ? പരിശോധിക്കാം
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കച്ചവടം ഉയര്‍ന്നതായി വ്യാപാരികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മരുന്നും അവശ്യ സാധനങ്ങളും വില്‍ക്കുന്ന കടകളില്‍ ആണ് ഏറ്റവും തിരക്കനുഭവപ്പെടുന്നത്. വര്‍ധിച്ച് വരുന്ന കോവിഡ് കേസുകള്‍ ലോക്ഡൗണിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ഇതാണ് ഈ പെട്ടെന്നുള്ള തിരക്കിനും കാരണമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
രാത്രി 9 മണിവരെ പ്രവര്‍ത്തനം നിയന്ത്രിച്ചതും വ്യാപാര സ്ഥാപനങ്ങളിലെ തിരക്കിന് വഴിയൊരുക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്നത് രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ ദിനങ്ങളാണെന്നുള്ള വിദഗ്ധരുടെ വിലയിരുത്തലും ആശങ്കയോടെയുള്ള വാങ്ങലിന് വഴിയൊരുക്കിയിരിക്കുകയാണ്. സാനിറ്റൈസറുകളും മാസ്‌കുകളും വീണ്ടും സ്‌റ്റോക്ക് തീരുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിനു സമീപമുള്ള ഒരു മരുന്നു വ്യാപാരസ്ഥാപനത്തിന്റെ ഉടമ വ്യക്തമാക്കി. ഒരു മാസത്തേക്ക് ഒന്നിച്ച് മരുന്നുകള്‍ വാങ്ങി നിറയക്കുന്ന പ്രവണത വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. പെട്ടെന്നൊരു അടച്ചിടല്‍ വേണ്ടി വന്നാല്‍ ജനങ്ങള്‍ സ്വയം സജ്ജമായിട്ടുള്ളതായും ചിലര്‍ അഭിപ്രായപ്പെട്ടു. സമൂഹ വ്യാപനം വര്‍ധിക്കുന്നതിനാല്‍ പുറത്തിറങ്ങുന്നത് കുറയ്ക്കാനുള്ള നടപടികള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കച്ചവടത്തില്‍ ഇപ്പോള്‍ ഉള്ള വര്‍ധന ബിസിനസിന് ഗുണം ചെയ്യുന്നതല്ല, ഇപ്പോള്‍ ഉളളത് ആശങ്ക മുന്നില്‍ കണ്ടുകൊണ്ടുള്ള വാങ്ങല്‍ പ്രവണത മാത്രമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കച്ചവടം ഏറെ മുകളിലെത്തുന്നത് ഏറെ താഴേക്ക് പതിക്കാനുള്ള സാഹചര്യത്തിന് വഴി വയ്ക്കുമെന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോഴുള്ള
സമയക്രമീകരണം പുനപരിശോധിക്കാനും അധികാരികള്‍ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെറീഫ് അഭിപ്രായപ്പെട്ടു.
പലചരക്ക് വാങ്ങലും കൂടി
പലചരക്കും പച്ചക്കറിയും വാങ്ങി നിറയ്ക്കുന്ന പ്രവണത വര്‍ധിച്ചതായും എറണാകുളത്തെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കിലെ സെയ്ല്‍സ് വിഭാഗം പറയുന്നു. പലചരക്കും മറ്റും വിലകൂടുമോ എന്ന ആശങ്കയും ഇതിന് കാരണമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതല ലോക്ഡൗണ്‍ ഉണ്ടാകുമോ എന്ന ഭയവും നിലനില്‍ക്കുന്നു. ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ ഇനി വരാനിരിക്കുന്നത് ക്ഷാമത്തിന്റെ ദിനങ്ങളായിരിക്കുമെന്നും പൊതുജനം ആശങ്കാകുലരാണ്.
പച്ചക്കറിവില ഉയര്‍ന്നിട്ടില്ല. എന്നാല്‍ അന്യസംസ്ഥാനത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം വന്നാല്‍ ഇതായിരിക്കില്ല സ്ഥിതി. പഴങ്ങളും മറ്റും സീസണ്‍ ആണെങ്കിലും ജനങ്ങള്‍ വളരെ കുറച്ചുമാത്രമാണ് വഴിയോരക്കടകളില്‍ നിന്നും ഇപ്പോള്‍ വാങ്ങുന്നത്. പെട്ടെന്നുള്ള കോവിഡ് നിരക്ക് വര്‍ധനവ് ഇതിന് കാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍.
Next Story
Videos