Begin typing your search above and press return to search.
കുതിച്ചു കയറി പേയ്ടിഎം, കാരണങ്ങള്‍ പലത്; ഓഹരിക്ക് ബ്രോക്കറേജുകളുടെ റേറ്റിംഗ് ഇങ്ങനെ
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി ഇന്ന് 10 ശതമാനത്തിലധികം കയറി. ഓഹരി വില 720 രൂപയില്‍ നിന്ന് 761 രൂപ വരെ എത്തി. ഇന്നലെയും മികച്ച മുന്നേറ്റമാണ് പേയ്ടിഎം കാഴ്ചവച്ചത്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) പേയ്ടിഎം പ്ലാറ്റ്‌ഫോമിലേക്ക് പുതിയ യു.പി.ഐ ഉപയോക്താക്കളെ അനുവദിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഒപ്പം കമ്പനിയുടെ രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങളും പുറത്തുവന്നതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.
ആശ്വാസ നീക്കം
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പേയ്ടിം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് (PPBL) പുതിയ യു.പി.ഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് വലിയ തിരിച്ചടിയാണ് കമ്പനിക്ക് നല്‍കിയത്. എന്നാല്‍ എന്‍.പി.സി.ഐയുടെ പുതിയ തീരുമാനം കമ്പനിക്ക് ആശ്വാസം പകരും.
തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആയി നിന്നുകൊണ്ട് യു.പി.ഐയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.പി.സി.ഐ അനുമതി നല്‍കിയിരുന്നു. എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക് എന്നീ നാല് ബാങ്കുകള്‍ വഴിയായിരുന്നു യു.പി.ഐ ഇടപാടുകള്‍ നടത്താനാകുക.
എന്‍.പി.സി.ഐയുമായും പേയ്‌മെന്റ് സേവനദാതാക്കളുമായുള്ള തേഡ്പാര്‍ട്ടി എഗ്രിമെന്റ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് യു.പി.ഐ ഇടപാടുകാരെ ചേര്‍ക്കാമെന്നാണ് ഇപ്പോൾ എന്‍.പി.സി.ഐ വ്യക്തമാക്കിയിരിക്കുന്നത്.
അനലിസ്റ്റുകളുടെ പ്രവചനമിങ്ങനെ
കമ്പനിയെ ട്രാക്ക് ചെയ്യുന്ന 18 അനലിസ്റ്റുകളില്‍ ആറ്‌പേര്‍ 'ബൈ' സ്റ്റാറ്റസ് നിലനിറുത്തിയപ്പോള്‍ ആറുപേര്‍ വില്‍ക്കാന്‍ നിര്‍ദേശിച്ചതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
ബിസിനസ് ഗുണമേന്മ മെച്ചപ്പെടുത്തികൊണ്ട് കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ എന്‍.പി.സി.ഐയുടെ നീക്കം സഹായിക്കുമെന്നാണ് എംകെ ഗ്ലോബല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്. ഓഹരി കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശവും ബ്രോക്കറേജ് നല്‍കിയിരുന്നു. ഇന്നലത്തെ വിലയില്‍ നിന്ന് 10 ശതമാനം ഉയര്‍ച്ചയായിരുന്നു ബ്രോക്കറേജ് പ്രവചിച്ചത്.
അതേസമയം മറ്റൊരു ബ്രോക്കറേജായ ബേണ്‍സ്റ്റെയിന്‍ ഓഹരി വിലയില്‍ 12 ശതമാനം ഇടിവാണ് പ്രവചിച്ചത്. 600 രൂപയായാണ് ഓഹരിയുടെ ലക്ഷ്യ വില നിശ്ചയിച്ചത്.
2027 സാമ്പത്തിക വര്‍ഷത്തോടെ എബിറ്റ്ഡ(നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം) പോസിറ്റീവാകുമെന്നാണ് മോത്തിലാല്‍ ഓസ്‌വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കണക്കുകൂട്ടുന്നത്. വരുമാനവളര്‍ച്ച 2025-27സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനമാകുമെന്നും കരുതുന്നു. ന്യൂട്രല്‍ എന്ന സ്റ്റാറ്റസാണ് മോത്തിലാല്‍ നല്‍കിയിരിക്കുന്നത്. 700 രൂപയാണ് ലക്ഷ്യവിലയിട്ടത്.
കണക്കുകള്‍ മെച്ചപ്പെട്ടു
ബിസിനസ് പതുക്കെ തിരിച്ചു വരവിന്‌റെ പാതയിലേക്കെത്തുന്നത് അധികം വൈകാതെ ലാഭക്ഷമതയിലേക്ക് എത്തുമെന്ന സൂചന നല്‍കുന്നതായാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ജൂലൈ-സെപ്റ്റംബറില്‍ കണക്കുകളെല്ലാം തന്നെ മുന്‍ പാദത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. വരുമാനം 10.5 ശതമാനം ഉയര്‍ന്ന് 1,660 കോടിയായി. മുന്‍പാദത്തിലെ 840 കോടി രൂപ നഷ്ടത്തില്‍ നിന്ന് 930 കോടി രൂപ ലാഭവും രേഖപ്പെടുത്തി. എബിറ്റ്ഡ നഷ്ടം 792 കോടി രൂപയില്‍ നിന്ന് 403 കോടി രൂപയായി കുറഞ്ഞു.
ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കപ്പുറം ഇ കൊമേഴ്‌സ് പോലുള്ള രംഗങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കുന്നത് വരുമാനം കൂട്ടാന്‍ സാധിക്കും. പേയ്ടിഎം ഓഹരികളില്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിന്റെ നിക്ഷേപം ഉയരുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങളില്‍ 3.95 ശതമാനത്തില്‍ നിന്ന് 7.04 ശതമാനമായി വര്‍ധിച്ചു. ദീര്‍ഘകാലത്തില്‍ ഓഹരിക്ക് മികച്ച പ്രതീക്ഷ നല്‍കുന്നതാണിത്.
ഈ വര്‍ഷം ഇതുവരെ 17.61 ശതമാനം നേട്ടം പേയ്ടിഎം ഓഹരികള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പക്ഷെ 17 ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos