Begin typing your search above and press return to search.
ഇന്ധനവില കുറഞ്ഞിട്ടും രക്ഷയില്ലാതെ മലയാളികളും ആന്ധ്രാക്കാരും; പൊള്ളുന്ന പെട്രോള്‍വിലയില്‍ കേരളം രണ്ടാമത്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് (മാര്‍ച്ച് 15) രാജ്യത്ത് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലിറ്ററിന് രണ്ടുരൂപ കുറച്ചുകൊണ്ട് ഇന്ധനവില പരിഷ്‌കരിച്ചത്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറഞ്ഞു.
എന്നിട്ടും പക്ഷേ ഈ വിലക്കുറവുകൊണ്ട് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും ജനങ്ങള്‍ക്ക് കാര്യമായ നേട്ടമില്ല. കാരണം, ഇന്ത്യയില്‍ തന്നെ പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.
കേരളം രണ്ടാംസ്ഥാനത്ത്
വൈസ്.എസ്.ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശിലാണ് പെട്രോളിന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളത്; ലിറ്ററിന് 109.87 രൂപ. സി.പി.എം നേതൃത്വം കൊടുക്കുന്ന എല്‍.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ (തിരുവനന്തപുരം) വില 107.54 രൂപ. കോണ്‍ഗ്രസ് ഭരണമുള്ള തെലങ്കാനയാണ് മൂന്നാമത്, വില 107.39 രൂപ.
ബി.ജെ.പിയുടെ സംസ്ഥാനങ്ങളും പിന്നിലല്ല
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പെട്രോളിന് ഉയര്‍ന്ന വിലയുണ്ട്. മദ്ധ്യപ്രദേശില്‍ (ഭോപാല്‍) വില 106.45 രൂപയും ബി.ജെ.പി-ജനതാദള്‍ (യു) സഖ്യംഭരിക്കുന്ന ബിഹാറില്‍ (പാട്‌ന) 105.16 രൂപയും രാജസ്ഥാനില്‍ (ജയ്പൂര്‍) 104.19 രൂപയുമാണ് വില.
ബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പെട്രോളിന് 100 രൂപയിലധികം വിലയുണ്ട്.
ഏറ്റവും കുറഞ്ഞവില ആന്‍ഡമാനില്‍
ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കുറഞ്ഞവില ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലാണ്. വില 82 രൂപ മാത്രം. ദാമന്‍-ദിയുവില്‍ വില 92.49 രൂപയാണ്. ഡല്‍ഹി (94.76 രൂപ), മിസോറം (93.68 രൂപ), അസം (96.12 രൂപ) എന്നിവിടങ്ങളിലും വില 100 രൂപയ്ക്ക് താഴെയാണ്.
ഡീസലിലും കഥ ഇതുതന്നെ
ആന്ധ്രയില്‍ തന്നെയാണ് ഇന്ത്യയില്‍ ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയുള്ളത്; ലിറ്ററിന് 97.6 രൂപ. കേരളത്തിന്റ തലസ്ഥാന നഗരിയാണ് രണ്ടാമത്. 96.41 രൂപയാണ് തിരുവനന്തപുരത്തെ വില. തെലങ്കാനയിലെ ഹൈദരാബാദ് 95.63 രൂപയും ഛത്തീസ്ഗഢിലെ റായ്പൂര്‍ 93.31 രൂപയുമായി യഥാക്രമം തൊട്ടുപിന്നിലുണ്ട്.
മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വില 92-93 രൂപനിരക്കിലാണ്. ആന്‍ഡമാനിലാണ് വില ഏറ്റവും കുറവ്; 78 രൂപയേയുള്ളൂ.
കേരളത്തിന് വമ്പന്‍ നേട്ടം
പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസ് നികുതി. പെട്രോളിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിനിത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്.
കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലിറ്ററിന് രണ്ടുരൂപ സെസ് പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയത്. ഇതൊഴിവാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ രണ്ടുരൂപ കൂടി കുറയുമായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിവരുമാനമായി നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-സെപ്റ്റംബറില്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ 5,219 കോടി രൂപ നേടിയിട്ടുണ്ട്. 2022-23ലെ സമാനകാലത്ത് വരുമാനം 5,137 കോടി രൂപയായിരുന്നു.
Next Story
Videos