പുതുതായി 100 സ്റ്റോറുകള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് 'പോപ്പീസ്'

റീറ്റെയ്ല്‍ രംഗത്തെ സാന്നിധ്യം വന്‍തോതില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ ചില്‍ഡ്രന്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ്. സ്വന്തം ഔട്ട്ലെറ്റുകളോടൊപ്പം ഫ്രാഞ്ചൈസി മാതൃകയിലുമുള്ള എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റുകളുടെ എണ്ണവും നടപ്പുവര്‍ഷം 100 കടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റസ് എംഡി ഷാജു തോമസ് പറഞ്ഞു. ആദ്യ വിദേശ ഔട്ട്ലെറ്റുകള്‍ യുകെയിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയ്യാറെടുക്കുകയാണ്.

മലപ്പുറം ജില്ലയിലെ തിരുവാലി, ബംഗളൂരു, തിരുപ്പൂര്‍ എന്നീ മൂന്നിടങ്ങളിലായി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയ്ക്ക് നിലവില്‍ 32 എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുണ്ട്. ഇതില്‍ 25 എണ്ണവും കോവിഡ് കാലത്ത് ആരംഭിച്ചതാണ്. 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആക്കാന്‍ ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5-8% മാത്രമാണ് കയറ്റുമതിയുടെ വിഹിതം. ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്. ഈ വര്‍ഷം 200 കോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം. ഇ-കോമേഴ്സ് രംഗത്തെ സാന്നിധ്യവും വിപൂലീകരിക്കും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, അജിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ബ്രാന്‍ഡിന് നിലവില്‍ സാന്നിധ്യമുണ്ട്. ഇതിനു പുറമെ പുതുതായി വരുന്ന ഒമ്നിചാനല്‍ പുതിയ ഒരു ഉപഭോക്തൃ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഷാജു തോമസ് പറഞ്ഞു.
മൂന്ന് പ്ലാന്റുകളിലായി 2000-ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ചില്‍ഡ്രന്‍ ക്ലോത്തിംഗിനു പുറമെ ഡെനിം ഗാര്‍മെന്റ്സ്, വൂവന്‍ ഫേബ്രിക്സ് ഗാര്‍മെന്റ്സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. വികസനത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ഡയപ്പറുകള്‍, ആക്സസറികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉല്‍പ്പന്നനിര വിപുലീകരിക്കാനും പദ്ധതിയുണ്ട്.


Related Articles
Next Story
Videos
Share it