പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഫോറം മാള്‍ അവസാനഘട്ട മിനുക്കുപണികളില്‍; പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ ഇനിയും മാസങ്ങള്‍
ലുലു മാളിന് ശേഷം എറണാകുളത്തേക്ക് മറ്റൊരു കിടിലന്‍ ഷോപ്പിംഗ് അനുഭവം കൂടി എത്തുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന് കീഴിലുള്ള ഫോറം മാള്‍ ആണ് അതിന്റെ അവസാനഘട്ട മിനുക്കുപണികള്‍ നടത്തുന്നത്. കൊച്ചിയിലെ മരടില്‍ തുറക്കുന്ന മാള്‍ എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കും.
ഷോപ്പിംഗ്, ഭക്ഷണം, വിനോദം, സിനിമ എന്നിവ സംയോജിക്കുന്ന മാളില്‍ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലേറെ ലീസബ്ള്‍ ഏരിയയുണ്ടെന്നാണ് വിവരം. കൊച്ചിയിലെ കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം, വൈറ്റില - അരൂര്‍ ബൈപാസ്, NH47 ന് സമീപമാണ് പുതിയ ഫോറം മാള്‍ പണികഴിഞ്ഞിട്ടുള്ളത്.
ഡിസംബര്‍ 21 മുതല്‍ മാളില്‍ വിവിധ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ സജ്ജമായിത്തുടങ്ങും. പിന്നീട് മറ്റ് പണികള്‍ കൂടി കഴിയുമ്പോഴായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുക എന്നാണ് പ്രസ്റ്റീജ് ഓഫീസില്‍ നിന്നുള്ള വിവരം.
പൊതുജനങ്ങള്‍ക്കായി മാള്‍ തുറന്നു നല്‍കുക 2023 പകുതിയോടെയായിരിക്കുമെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, PVR, H&M, Lifestyle, Shoppers Stop, Marks & Spencer തുടങ്ങിയ ബ്രാന്‍ഡുകള്‍ കൂടാതെ 200 പ്രമുഖ ബ്രാന്‍ഡുകളും മാളില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴ, തൂപ്പൂണിത്തുറ, വൈക്കം, കോട്ടയം ഭാഗത്തു നിന്നുള്ളവര്‍ക്ക് ഈ മാള്‍ എളുപ്പത്തിലെത്താവുന്ന ഷോപ്പിംഗ് അനുഭവം ആയിരിക്കും. കൊച്ചിയിലെ മാളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി എറണാകുളം നഗരത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള ട്രാഫിക് ബ്ലോക്കാണ്. ഈ സാഹചര്യത്തില്‍ ഫോറം മാളിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്. പ്രാരംഭമെന്നോണം വന്‍ ഓഫറുകളും മാളിലുണ്ടായിരിക്കും എന്നാണ് അറിയുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബില്‍ഡര്‍ കമ്പനിയായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭാഗമാണ് 2004 മുതല്‍ ഫോറം. ഫോറം നെക്സ്റ്റിനു കീഴില്‍ പുതു തലമുറ മാളുകളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
കൊച്ചിയില്‍ രണ്ട് ഫോറം മാളുകള്‍
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭാഗമായ ഫോറം മാളുകള്‍ കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാട്ടില്‍ രണ്ടാമത്തെ മാള്‍ വികസിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോറം കാക്കനാട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വരും വര്‍ഷങ്ങളില്‍ സജ്ജമാകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍വ്യക്തമാക്കുന്നത്. 1986 ല്‍ റസാഖ് സത്താറാണ് പ്രസ്റ്റീജ് ഗ്രൂപ്പ് ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ മുതല്‍ റീറ്റെയില്‍, വാണിജ്യം മുതല്‍ വിനോദം വരെയുള്ള മേഖലകളില്‍ വരുന്ന വിവിധ നിര്‍മ്മാണ പദ്ധതികളില്‍ സജീവമായ ഗ്രൂപ്പാണ് പ്രസ്റ്റീജ്.