10 രൂപയ്ക്ക് പുതിയ പാനീയവുമായി റിലയന്‍സ്, ലക്ഷ്യം ഹൈഡ്രേഷന്‍ പാനീയ വിപണിയിലെ ആധിപത്യം

കാർബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്പ കോളയ്ക്ക് ശേഷമാണ് കമ്പനി പുതിയ ഉല്‍പ്പന്നവുമായി എത്തുന്നത്

ഇന്ത്യയിൽ വില കുറഞ്ഞ ഹൈഡ്രേഷന്‍ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർ.സി.പി.എൽ). റാസ്‌കിക്ക് ഗ്ലൂക്കോ എനർജി എന്ന ഉല്‍പ്പന്നവുമായാണ് റീഹൈഡ്രേഷൻ വിഭാഗത്തിലേക്ക് കമ്പനി ചുവടു വെച്ചിരിക്കുന്നത്.
കാർബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്പ കോള ബ്രാൻഡ് റിലയൻസ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്‌കിക്ക്. 10 രൂപയാണ് ഇതിന്റെ വില.
ഊർജവും ജലാംശവും ആവശ്യമുള്ള ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കോ ഉയർന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ അനുയോജ്യമാണ് ഈ പാനീയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിയർപ്പിലൂടെ നഷ്‌ടപ്പെടുന്ന ധാതുക്കൾ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തില്‍ അടങ്ങിയിരിക്കുന്നു.

മാമ്പഴം, ആപ്പിള്‍, പഴ മിശ്രിതം, ഇളനീര്, ചെറുനാരങ്ങ തുടങ്ങിയ രുചിഭേദങ്ങളിലാണ് റാസ്‌കിക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 750 മില്ലിഗ്രാം ഗാർഹിക ഉപഭോഗ പായ്ക്കും കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

Related Articles
Next Story
Videos
Share it