സൂഡിയോയോട് മത്സരിക്കാൻ റിലയന്‍സിന്റെ 'യൂസ്റ്റ'; ₹999ൽ താഴെയുള്ള വസ്ത്രങ്ങളുമായി കേരളത്തില്‍ 4 സ്റ്റോറുകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ലഭ്യമാക്കി 'റിലയന്‍സ് ട്രെന്‍ഡ്‌സ്' കേരളത്തിലും സജീവമാണ്. ഇഷ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് റീറ്റെയ്‌ലിനു കീഴിലുള്ള ട്രെന്‍ഡ്‌സ് നിരവധി ഓഫറുകളുമായി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരമാണ്. എന്നാല്‍ ടാറ്റയുടെ സൂഡിയോ 99 രൂപ മുതലുള്ള വസ്ത്രങ്ങളുമായി എത്തിയത് ട്രെന്‍ഡ്‌സിന് കനത്ത വെല്ലുവിളിയായി. ഇത് മറികടക്കാൻ 'യൂസ്റ്റ' ബ്രാൻഡുമായി എത്തിയിരിക്കുകയാണ് റിലയന്‍സ്.
കേരളത്തില്‍ വിവിധ ജില്ലകളില്‍ 35 സ്റ്റോറുകളാണ് സൂഡിയോയ്ക്ക് ഉള്ളത്. വിലക്കുറവില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ നല്‍കി സൂഡിയോ കേരളത്തിലെ ടീനേജ്കാര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. വസ്ത്രങ്ങള്‍ക്ക് പുറമെ 199 രൂപയ്ക്ക് പോലും പെര്‍ഫ്യൂമുകളും ചെരുപ്പും ഫാഷന്‍ ആക്‌സസറികളും വാങ്ങാമെന്നതിനാല്‍ സൂഡിയോയെ ബജറ്റ് ഷോപ്പിംഗ് കേന്ദ്രമായിട്ടാണ് യുവ ജനത കാണുന്നത്. കേരളത്തില്‍ നാല് പുതിയ സ്റ്റോറുകളുടെ ഉദ്ഘാടനത്തോടെ ഈ സെഗ്മെന്റിലേക്കാണ് റിലയന്‍സ് യൂസ്റ്റ പ്രവേശിക്കുന്നത്.
പാലക്കാട്, എടപ്പാള്‍, ആലത്തിയൂര്‍, വേങ്ങര എന്നിവിടങ്ങളില്‍ ''യൂസ്റ്റ'' സ്റ്റോറുകള്‍ തുറക്കും. 999 രൂപയ്ക്ക് താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന സ്റ്റോർ എന്ന നിലയിലാകും യൂസ്റ്റ എത്തുക എങ്കിലും 499 രൂപയ്ക്ക് താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗമുണ്ടായിരിക്കും. ഫാഷന്‍ വസ്ത്രങ്ങള്‍ക്കൊപ്പം മെര്‍ക്കന്‍ഡൈസ്ഡ് ആക്‌സസറീസും ഇവിടെ ലഭ്യമായിരിക്കും.
ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ പോലെ കേരളത്തിലെ സ്റ്റോറുകളും യുവാക്കളുടെ ഫാഷന്‍ ഡെസ്റ്റിനേഷനുകളാക്കാനാണ് റിലയന്‍സ് റീറ്റെയിലിന്റെ പദ്ധതി. അതിനായി എല്ലാ സ്റ്റോറുകളിലും പുതു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സൗകര്യങ്ങളൊരുക്കും.
ഉല്‍പ്പന്നങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യു.ആര്‍ കോഡുകള്‍, വേഗത്തിലുള്ള ഇടപാടുകള്‍ക്കുള്ള സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, സൗകര്യപ്രദമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ടെക് ടച്ച് പോയിന്റുകള്‍ സ്റ്റോറുകളിലുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.