മത്സരം കടുപ്പിക്കാന്‍ റിലയന്‍സ്; പ്രീമിയം ഷോറൂം ശൃംഖല അവതരിപ്പിച്ചു
ഫാഷന്‍, ലൈഫ് സ്റ്റൈല്‍ മേഖലയില്‍ മത്സരം ശക്തമാക്കാന്‍ റിലയന്‍സ് റീട്ടെയില്‍. പ്രീമിയം ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ രംഗത്ത് അസോര്‍ട്ടെ (Azorte) എന്ന പേരില്‍ ആദ്യ ഇന്‍-ഹൗസ് ഷോറും ബ്രാന്‍ഡ് അവതരിപ്പിച്ചു. ബംഗളൂരുവിലാണ് ആദ്യ ഷോറും പ്രവര്‍ത്തനം തുടങ്ങിയത്.
രണ്ടാമത്തെ ഷോറും ഹൈദരബാദിലായിരിക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ അറിയിച്ചു. 9 മാസംകൊണ്ട് രാജ്യത്തെ 16 നഗരങ്ങളിലായി 35-40 ഷോറൂമുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. മെട്രോ, തലസ്ഥാന നഗരങ്ങളിലായിരിക്കും ഷോറൂമുകള്‍. സാറ (Zara), മാംഗോ (Mango) തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളുടെ വിപണിയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. അസോര്‍ട്ടയിലെ 70-80 ശതമാനം ഉല്‍പ്പന്നങ്ങളും റിലയന്‍സിന്റെ ഇന്‍ഹൗസ് ബ്രാന്‍ഡുകളായിരിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച റിലയന്‍സ് സെന്‍ട്രോ എന്ന പേരില്‍ ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിലയന്‍സ് റീട്ടെയില്‍ അരംഭിച്ചിരുന്നു. ന്യൂഡല്‍ഹിയിലാണ് റിലയന്‍സ് സെന്‍ട്രോയുടെ ആദ്യ ഷോറൂം തുറന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സെന്‍ട്രോ ഷോറൂമുകള്‍ പ്രഖ്യാപിച്ചത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സെന്‍ട്രല്‍ ബ്രാന്‍ഡിന്റെ പകരക്കാരനാണ് റിലയന്‍സ് സെന്‍ട്രോ്.