സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കാന്‍ റിലയന്‍സ്; വരുന്നത് 400 എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍

ബ്യൂട്ടി & കോസ്‌മെറ്റിക് (സൗന്ദര്യ വര്‍ധക) ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍(reliance retail). എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്‌റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 400 എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

റിലയന്‍സ് (Reliance) 4,000-5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ക്കായി ഡല്‍ഹിയിലെയും മുംബൈയിലെയും മാളുകളില്‍ റിലയന്‍സ് അന്വേഷണം നടത്തിയതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഷോറൂം മൂംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം.

നൈകയുടെ (Nykaa) വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരില്‍ ഒരു ബ്യൂട്ടി പ്ലാറ്റ്‌ഫോം റിലയന്‍സ് അവതരിപ്പിക്കുമെന്ന് 2022 ജനുവരിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫിന്‍ഡിനെയും (fynd.com) ഇ-ഫാര്‍മ പോര്‍ട്ടലായ നെറ്റ്‌മെഡ്‌സിനെയും (netmeds) റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഈ രണ്ട് സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നാണ് റിലയന്‍സ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്.

2025 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ പേഴ്‌സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി മാര്‍ക്കറ്റ് 4.4 ബില്യണ്‍ ഡോളറിന്റേത് ആകുമെന്നാണ് വിലയിരുത്തല്‍. ഈ വിപണി ലക്ഷ്യമിട്ട് ടാറ്റ ഉള്‍പ്പടെയുള്ള വമ്പന്മാര്‍ ബ്യൂട്ടി ആന്‍ഡ് കോസ്‌മെറ്റിക് രംഗത്തേക്ക് എത്തുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it