സൗന്ദര്യ വര്‍ധക ബിസിനസിലേക്ക് റിലയന്‍സ്

2023 ല്‍ മറ്റൊരു പുതിയ മേഖലയില്‍ കൂടി കാല്‍ വയ്ക്കാനൊരുങ്ങി റിലയന്‍സ്. റ്റിറ (Tira)എന്ന പേരില്‍ ലക്ഷ്വറി ബ്യൂട്ടി ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്. ഈ മാസം തുടക്കം തന്നെ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ജീനോം ടെസ്റ്റിംഗ് രംഗത്തും ഗ്രൂപ്പ് ശക്തമായ കടന്നുവരവ് നടത്തി. ഇപ്പോള്‍, റിലയന്‍സ് റീറ്റെയ്‌ലിന് കീഴില്‍ 'റ്റിറ' എന്ന പേരില്‍ ഉടന്‍ ഇ-കൊമേഴ്സ് ബ്യൂട്ടി പ്ലാറ്റ്ഫോം കൂടി തുറക്കുകയാണ് കമ്പനി.

തിരയായി 'റ്റിറ'

ലക്ഷ്വറി ബ്യൂട്ടി സെഗ്മെന്റിലേക്കാണ് 'റ്റിറ' എന്ന ബ്രാന്‍ഡിലൂടെ റിലയന്‍സിന്റെ ശക്തമായ പ്രവേശനം. ഓൺലൈൻ ആയും മൊബൈൽ ആപ്പ് ആയും റ്റിറ (Tira)ലഭ്യമാകും. നിലവില്‍ ആഗോള ബ്രാന്‍ഡുകള്‍ക്കൊപ്പം ഫാല്‍ഗുനി നയ്യാറിന്റെ നേതൃത്വത്തിലുള്ള നൈകയുടെ 'നൈക ലക്‌സ്' (Nyka Luxe) എന്ന ബ്രാന്‍ഡ് ആണ് ഈ മേഖലയിൽ മുൻ നിരയിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡ്. 'റ്റിറ' വരുന്നതോടുകൂടി നൈക ലക്‌സിന് അത് കടുത്ത വെല്ലുവിളി തന്നെയായിരിക്കും.

നിലവിൽ റീലിൻസ് ജീവനക്കാർക്ക് മാത്രമായി തുറന്നിരിക്കുന്ന ഈ പോർട്ടൽ ഉടൻ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്ന് FICCI സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കവെ റിലയൻസ് റീറ്റെയ്ൽ ഡയറക്ടർ വി സുബ്രഹ്മണ്യം അറിയിച്ചു.

കടയ്ക്കകത്ത് കട

ഓണ്‍ലൈന്‍ സ്‌റ്റോറിനൊപ്പം ഈ ബ്യൂട്ടി ബ്രാന്‍ഡിന് കീഴില്‍ ഓഫ്ലൈന്‍ സ്റ്റോറുകളും തുറക്കാന്‍ പദ്ധതിയിടുകയാണ് റിലയന്‍സ്. ആദ്യത്തെ സ്റ്റോര്‍ അടുത്തമാസം മുംബൈയിലായിരിക്കും തുറക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

'ഷോപ്പ്-ഇന്‍-ഷോപ്പ്' ഫോര്‍മാറ്റിലും ഒറ്റപ്പെട്ട സ്റ്റോറുകളിലും രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു.

വലിയ കടകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്കകത്ത് ഷോപ്പ് പോലെ ട്രയല്‍ ചെയ്ത് വാങ്ങാവുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതാണ് ഇത്. നിലവില്‍ നൈക, ലാക്‌മെ, ലോറിയല്‍, മേബലെയ്ന്‍ എന്നിവരെല്ലാം ഈ സൗകര്യം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബ്യൂട്ടി ബ്രാന്‍ഡ് ആയ നാച്ചുറല്‍സ് സലോണിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ റിലയന്‍സ് സൗന്ദര്യ വര്‍ധക രംഗത്തേക്ക് വളരെ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

Related Articles
Next Story
Videos
Share it