Begin typing your search above and press return to search.
7-ഇലവന്‍ ഇനി റിലയന്‍സിന്; കരാര്‍ ഫ്യൂച്ചര്‍ പിന്മാറിയതിന് പിന്നാലെ
യുഎസിലെ ടെക്‌സാസ് ആസ്ഥാനമായ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഇന്ത്യന്‍ ഫ്രൈഞ്ചൈസി സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍സ്. 7- ഇലവന്റെ ഇന്ത്യയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് റിലയന്‍സ് ഒക്ടോബര്‍ 9ന് മുംബൈയില്‍ ആരംഭിക്കും. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഒരു ദിവസത്തിനുള്ളിലാണ് 7 ഇലവന്റെ പുതിയ നീക്കം. 18 രാജ്യങ്ങലില്‍ സാന്നിധ്യമുള്ള കമ്പനിയാണ് 7-ഇലവന്‍.
ഇന്നലെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പും 7 -ഇലവനുമായുള്ള കരാര്‍ പരസ്പര ധാരണ പ്രകാരം ഇരു കമ്പനികളും ചേര്‍ന്ന് റദ്ദ് ചെയ്തത്.
പറഞ്ഞ സമയത്തിനുള്ളില്‍ 7 ഇലവന്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ സാധിക്കാത്തതും ഫ്രാഞ്ചെയ്‌സി ഫീസിനത്തില്‍ നല്‍കേണ്ട തുക കണ്ടെത്താനാവാത്തതും ആയിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പിന്മാറ്റത്തിനുള്ള കാരണം. 2019ല്‍ ആയിരുന്നു ഇരു കമ്പനികളും കരാറിലെത്തിയത്.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍1147.13 കോടി രൂപയുടെ നഷ്ടമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് രേഖപ്പെടുത്തിയത്. 7- ഇലവനുമായുള്ള കരാറില്‍ നിന്നുള്ള പിന്മാറ്റം കമ്പനിയെ യാതൊരു വിധത്തിലും ബാധിക്കില്ലെ്ന്ന് ഫ്യുച്ചര്‍ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ , ഹോള്‍സെയില്‍ വ്യവസായങ്ങള്‍ റിലയന്‍സിന് വില്‍ക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഗ്രൂപ്പിന്റെ ഹോള്‍സെയില്‍, റീട്ടെയില്‍, വെയര്‍ഹൗസ്, ലോജിസ്റ്റിക് ആസ്തികള്‍ 24,713 കോടി രൂപയ്ക്ക് എറ്റെടുക്കാനായിരുന്നു റിലയന്‍സിന്റെ പദ്ധതി. എന്നാല്‍ ഇതിനതിരെ ആമസോണ്‍, ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഈ വിധി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഫ്യൂച്ചറില്‍ 49 ശതമാനം നിക്ഷേപം ഉള്ള കമ്പനിയാണ് ആമസോണ്‍. മൂന്ന് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ ഓഹരികള്‍ മുഴുവന്‍ ആമസോണ്‍ വാങ്ങുമെന്നായിരുന്നു നിക്ഷേപം നടത്തിയ സമയത്തെ കരാര്‍. ബിഗ് ബസാര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉള്‍പ്പടെയുള്ളതാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ്.
Next Story
Videos