Begin typing your search above and press return to search.
കൊക്ക കോളയേയും പെപ്‌സിയേയും 'തറ പറ്റിക്കാന്‍' അംബാനി, വിപണി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് റിലയന്‍സിന്റെ കാമ്പ കോള
ശീതള പാനീയ വിപണിയില്‍ മത്സരം കടുക്കുകയാണ്. കൊക്ക കോള, പെപ്‌സി, തംസ് അപ്പ് തുടങ്ങിയവയ്ക്ക് ആധിപത്യമുള്ള മേഖലയില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂടി ശക്തമായി ഇറങ്ങുന്നതോടെ വിപണി വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക.
റിലയന്‍സിന്റെ കാമ്പ കോള നാലാമത്തെ വലിയ ബ്രാന്‍ഡാകാനുളള ശ്രമങ്ങൾ ഊര്‍ജിതമാക്കിയതോടെ ശീതള പാനീയ വിപണിയില്‍ കോള യുദ്ധങ്ങൾ ചൂടുപിടിക്കുകയാണ്.
വിപണി വിപുലീകരണം ലക്ഷ്യം
ഇന്ത്യയില്‍ ഉത്സവ സീസൺ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി കാമ്പ കോള ലഭ്യമാക്കാനുളള ശ്രമങ്ങളിലാണ് റിലയന്‍സ്. കാമ്പ ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിനായി കുറച്ച് മാസങ്ങൾക്ക് മുമ്പ് ബീഹാറിലും പശ്ചിമ ബംഗാളിലുമുളള വഴിയോര കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി പാനീയം നല്‍കിയിരുന്നു. വഴിയോര കച്ചവടക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ക്കും ഒരു ഗ്ലാസ് കാമ്പ കോള നല്‍കുക എന്ന തന്ത്രമാണ് റിലയന്‍സ് പയറ്റിയത്.
2022 ൽ റിലയൻസ് കൺസ്യൂമർ കമ്പനി ആദ്യമായി കാമ്പ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയിലെ കാർബണേറ്റഡ് പാനീയങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകമായി വില്‍പ്പനയ്ക്ക് എത്തിച്ചത്. കൊക്കകോള ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ കൂടിയാണിത്.
വില കുറവ്
കൂടാതെ പ്രമുഖ ശീതള പാനീയ കമ്പനികള്‍ നല്‍കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കാമ്പ കോള ലഭ്യമാക്കുന്നത്. ജിയോ മാർട്ടിൽ, 200 മില്ലി കാമ്പയുടെ കുപ്പി 10 രൂപയ്ക്കും പെപ്‌സി, കൊക്ക കോള എന്നിവയുടെ 250 മില്ലി കുപ്പിയ്ക്ക് 20 രൂപയ്ക്കുമാണ് വിൽക്കുന്നത്.
കാമ്പയുടെ 500 മില്ലിയുടെ കുപ്പി കൊക്കകോള, പെപ്സി ബ്രാൻഡുകളേക്കാൾ 10 മുതല്‍ 20 രൂപ വരെ കുറവിലാണ് വില്‍ക്കുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കിരാന സ്റ്റോറുകളിലൂടെയും ഇത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.
കാമ്പ കോളയുടെ ഡിസ്ട്രിബ്യൂഷനും സപ്ലൈയും കൂടുതല്‍ വ്യാപകമാക്കാനുളള ഊര്‍ജിത ശ്രമങ്ങളിലാണ് കമ്പനി. ഓരോ സംസ്ഥാനങ്ങളിലും സ്വന്തമായി കൂടുതല്‍ ബോട്ടിലിംഗ് യൂണിറ്റുകൾ സ്ഥാപിച്ച് വില്‍പ്പന, വിതരണ മേഖല ശക്തിപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
Next Story
Videos