ഫൂഡ് ബിസിനസ് രുചി സോയക്ക് കൈമാറി പതഞ്ജലി

ബാബാ രാംദേവിന്റെ പതഞ്ജലി (patanjali) ആയുര്‍വേദ സഹസ്ഥാപനമായ രുചി സോയക്ക് (ruchi soya) ഫുഡ് റീട്ടെയില്‍ ബിസിനസ് കൈമാറി. 690 കോടി രൂപ മുല്യമുള്ളതാണ് ഇടപാട്‌. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ രുചി സോയയെ 2019ലാണ് പതഞ്ജലി സ്വന്തമാക്കിയത്. പാപ്പരത്വ നടപടികളിലൂടെ 4,350 കോടി രൂപയ്ക്കായിരുന്നു പതഞ്ജലിയുടെ ഏറ്റെടുക്കല്‍.

ആയുര്‍വേദം, വെല്‍നസ് ബിസിനസ്സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പതഞ്ജലി ഫുഡ് റീട്ടെയില്‍ ബിസിനസിന്റെ കൈമാറ്റം. നെയ്യ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജ്യൂസ്, ധാന്യപ്പൊടികള്‍ എന്നിവ അടയ്ക്കം ഇരുപത്തിയൊന്നോളം ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്നത്. ജൂലൈ 15-നകം ഇടപാട് പൂര്‍ത്തിയാക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ഇടപാടിന്റെ ഭാഗമായി രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫൂഡ്‌സ് ലിമിറ്റഡ് എന്നാക്കും.

പതഞ്ജലിയുടെ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഫാക്ടറികള്‍ രുചി സോയയ്ക്ക് കൈമാറും. മെയ് 9ന് ആണ് രുചി സോയ ബോര്‍ഡ് ഇടപാടിന് അംഗീകാരം നല്‍കിയത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ രുചി സോയയുടെ ആകെ വരുമാനത്തില്‍ 18 ശതമാനവും ഫൂഡ് റീട്ടെയില്‍ ബിസിനസില്‍ നിന്നാവും. കഴിഞ്ഞ മാര്‍ച്ചില്‍ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ 4,300 കോടി രൂപ രുചി സോയ സമാഹരിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  
Next Story
Share it