Begin typing your search above and press return to search.
വയനാടിലെത്താന്‍ ഇപ്പോഴും മടിച്ച് ടൂറിസ്റ്റുകള്‍, സുരക്ഷിതമെന്ന് അധികൃതര്‍, ഓണത്തില്‍ നേട്ടം കൊയ്തത് അയല്‍ സംസ്ഥാനങ്ങള്‍
കേരളത്തിലെ വരുമാന സ്രോതസുകളില്‍ ഗണ്യമായ പങ്കാണ് ടൂറിസം രംഗം വഹിക്കുന്നത്. ടൂറിസത്തില്‍ നിന്ന് വലിയ നേട്ടങ്ങള്‍ കൊയ്യുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടമല നിരകള്‍ കൊണ്ടും പ്രകൃതിയുടെ അഭൗമമായ സൗന്ദര്യം കൊണ്ടും വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്ന പ്രദേശമാണ് വയനാട്.
ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയില്ല
എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് സംഭവിച്ച മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടല്‍ ജില്ലയിലെ ടൂറിസത്തെ ഗണ്യമായി പുറകോട്ടടിച്ചിരിക്കുകയാണ്. വയനാട് സന്ദര്‍ശിക്കാന്‍ സുരക്ഷിതമാണെന്നും ടൂറിസ്റ്റുകള്‍ക്ക് യാതൊരു വിധത്തിലുളള അസൗകര്യങ്ങളും ഉണ്ടാകില്ലെന്നും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും വിനോദ സഞ്ചാരികള്‍ ജില്ലയിലേക്ക് എത്താന്‍ വിമുഖത കാണിക്കുകയാണ്.
ഓണം അവധിക്കാല സീസണില്‍ ടൂറിസത്തില്‍ നിന്ന് വലിയ വരുമാനമാണ് കഴിഞ്ഞ കൊല്ലങ്ങളില്‍ ജില്ലയ്ക്ക് ലഭിച്ചിരുന്നത്. ഉത്രാടം, തിരുവോണം, നബിദിനം, വിശ്വകര്‍മ ദിനം തുടങ്ങിയ അവധി ദിനങ്ങള്‍ ഉളള സെപ്റ്റംബര്‍ 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ വലിയ വരവാണ് വയനാട് പ്രതീക്ഷിച്ചിരുന്നത്.
ജില്ലയിലെ പ്രധാന ഡി.ടി.പി.സി കേന്ദ്രങ്ങളില്‍ ഇക്കാലയളവില്‍ ഏകദേശം 37,226 പേര്‍ സന്ദര്‍ശിച്ചതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം പൂജാ അവധിയുടെ നാലു ദിവസങ്ങളില്‍ ഒന്നേകാല്‍ ലക്ഷം പേരാണ് ജില്ലയിലെത്തിയത്. 2023 ഓണം സീസണില്‍ 1.11 ലക്ഷം ആളുകളാണ് ജില്ലയുടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തിയത്. ടൂറിസ്റ്റുകളുടെ ഈ കുറവു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ജില്ലയ്ക്ക് ഉണ്ടായിരിക്കുന്നത്.
ബുദ്ധിമുട്ടിലായി നാട്ടുകാരും തൊഴിലാളികളും
വയനാട്ടിലേക്ക് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വടക്കന്‍ജില്ലകളില്‍ നിന്നുമാണ് ഓണം അവധി ദിനങ്ങളില്‍ പ്രധാനമായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്നത്. കേരളത്തിന്റെ സമീപ പ്രദേശങ്ങളായ ഗുണ്ടല്‍പേട്ട്, കുടക്, മൈസൂരൂ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആഭ്യന്തര സഞ്ചാരികള്‍ പ്രധാനമായും പോയത്.
ഹോംസ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട് നടത്തിപ്പുകാര്‍, അവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുളള കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് പേരാണ് ടൂറിസം വരുമാനത്തിലുളള ഇടിവു മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്നത്.
അതേസമയം വയനാടിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വം നല്‍കുന്നത്. സമീപ മാസങ്ങളില്‍ ജില്ലയിലെ ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Next Story