ഡെലിവറിക്ക് ആളെ കിട്ടാനില്ല; ഫുഡ്-ഗ്രോസറി ഡെലിവറി കമ്പനികള്‍ പ്രതിസന്ധിയില്‍

ഡെലിവറി ചെയ്യാന്‍ ആളുകളെ കിട്ടാനില്ലാത്തത് ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി കമ്പനികള്‍ക്ക് മുന്നില്‍ പുതിയ വെല്ലുവിളി. ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഡെലിവറി കമ്പനികളെ ആശ്രയിച്ചു തുടങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നം കമ്പനികള്‍ നേരിടുന്നത്. സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഈ മേഖലയിലെ കമ്പനികളെല്ലാം ഗിഗ് വര്‍ക്കേഴ്‌സ് എന്നറിയപ്പെടുന്ന ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെയാണ് ഡെലിവറി രംഗത്ത് കൂടുതലായും നിയമിച്ചിരുന്നത്. സ്ഥിര ജോലിക്കാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് തൊഴിലാളികളുടേതായ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും മൂലം ഡെലിവറി ചെയ്യല്‍ ജോലിക്കാരെ സംബന്ധിച്ച് നഷ്ടക്കച്ചവടമായി. പലരും ജോലി ഉപേക്ഷിച്ചു. മറ്റു ചിലര്‍ കോവിഡ് പടരുന്നതിന് മുമ്പുള്ള തങ്ങളുടെ ജോലികളിലേക്ക് മടങ്ങിയതും ആള്‍ക്ഷാമത്തിന് കാരണമായി.

ഡെലിവറിക്ക് ആളെ കിട്ടാത്തതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളെല്ലാം സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫുഡ് ഡെലിവറി ചെയ്യുന്ന സ്വിഗ്ഗി മുംബൈ, ഹൈദരാബാദ്, ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെല്ലാം പിക്ക് അപ്പ്് - ഡ്രോപ്പ് ഓഫ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്നാണ് വിവരം.
കഴിഞ്ഞ 6-8 മാസങ്ങളിലായി റൈഡര്‍ ക്ഷാമം നേരിടുന്നുണ്ടെന്നാണ് കമ്പനികള്‍ തന്നെ സമ്മതിക്കുന്നു. അള്‍ട്രാ ഫാസ്റ്റ് ഗ്രോസറി, ഫുഡ് ഡെലിവറി സ്ഥാപനങ്ങളെയാണ് ഇത് ഏറെ ബാധിച്ചത്. പ്രമുഖ കമ്പനികളുടെ ഡെലിവറി ജീവനക്കാരില്‍ 40 ശതമാനത്തിലേറെയും അവധിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഡെലിവറി വൈകുന്നു.
ഡെലിവറി കമ്പനികള്‍ക്ക് ജീവനക്കാരെ വിതരണം ചെയ്യുന്ന ഗ്രാബ് ഡോട്ട് ഇന്‍ എന്ന സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏപ്രില്‍ മാസത്തില്‍ 10 ശതമാനം ഇടിവ് സംഭവിച്ചതായാണ് കണക്ക്.
ഹോട്ടലുകൡലെ വില്‍പ്പനയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. പല ഹോട്ടലുകളും സ്വന്തം നിലയില്‍ ഡെലിവറി നടത്താനുള്ള ശ്രമവും നടത്തി വരുന്നു.
ഗ്രോസറി, ഫുഡ് ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകള്‍ മറ്റു മേഖലകളിലേക്ക് തിരിയുന്നു. ബൈക്ക് ടാക്‌സി, ഇ കൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും കുടിയേറുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it