സോളാര്‍ പദ്ധതികള്‍ക്ക് ചെലവേറുമെന്ന് ആശങ്ക, ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടി മൊഡ്യൂള്‍ വില ഉയര്‍ത്തും

സോളാർ ഗ്ലാസിന് ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയത് കഴിഞ്ഞ മാസമാണ്. സോളാർ ഫോട്ടോവോൾട്ടെയ്‌ക് (പി.വി) മൊഡ്യൂളുകളുടെ വിലയിൽ 10-12 ശതമാനം വർദ്ധനവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. സോളാര്‍ പദ്ധതികളുടെ ചെലവ് വർദ്ധനയ്ക്കും കാലതാമസത്തിനും ഇത് കാരണമാകുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമാണ് ധനമന്ത്രാലയം താൽക്കാലിക ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയത്. ടെക്സ്ചർഡ്, ടെമ്പർഡ്, കോട്ടഡ്, അൺകോട്ടഡ് സോളാർ ഗ്ലാസ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ടണ്ണിന് 673-677 ഡോളറും വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ടണ്ണിന് 565 ഡോളറും എന്ന നിരക്കിലാണ് തീരുവ കൂട്ടിയത്.

ഇറക്കുമതിയെ ആശ്രയിക്കുന്നു

സോളാര്‍ പദ്ധതിച്ചെലവിൻ്റെ 60 ശതമാനം സോളാർ പി.വി മൊഡ്യൂളുകളാണ്. ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടി കാരണം മൊത്തത്തിലുള്ള സോളാർ പദ്ധതിച്ചെലവ് 7-8 ശതമാനം വർദ്ധിക്കുന്നതിന് കാരണമാകുന്നു.
ജൂണ്‍ 30 വരെയുളള കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തത്തിലുളള സോളാർ ഫോട്ടോവോൾട്ടെയ്ക് (പി.വി) മൊഡ്യൂൾ നിർമ്മാണ ശേഷി 85.47 ജിഗാവാട്ട് ആണെന്ന് പുനരുപയോഗ ഊര്‍ജ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തിന് കാര്യമായ സോളാർ ഗ്ലാസ് ഉൽപാദന ശേഷി ഇല്ല എന്നതിനാല്‍ ഇറക്കുമതിയെയാണ് കാര്യമായി ആശ്രയിക്കുന്നത്.
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിച്ചതെങ്കിലും ഇതിന് പ്രായോഗിക വെല്ലുവിളികളുളളതായി ഈ രംഗത്തുളളവര്‍ പറയുന്നു. ആഭ്യന്തര വ്യവസായത്തെ വളരാന്‍ അനുവദിച്ച ശേഷമാണ് നികുതി ചുമത്തേണ്ടിയിരുന്നത്.
2030 ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര വൈദ്യുതോൽപ്പാദന ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് തടസമാകുന്ന രീതിയില്‍ സോളാര്‍ പദ്ധതികൾ വൈകുന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.
Related Articles
Next Story
Videos
Share it