സ്റ്റീലിൻ്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കണമെന്ന് സ്റ്റീൽ മന്ത്രാലയം, നീക്കം വിലകുറഞ്ഞ ചൈനീസ് സ്റ്റീലിന് തടയിടാന്‍

ഇറക്കുമതി ചെയ്യുന്ന ഫിനിഷ്ഡ് സ്റ്റീൽ ഉൽപന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തണമെന്ന ആവശ്യവുമായി കേന്ദ്ര സ്റ്റീൽ മന്ത്രാലയം. ചൈനയിൽ നിന്ന് കുറഞ്ഞ വിലയുള്ള സ്റ്റീലിൻ്റെ ഇറക്കുമതിയിൽ വലിയ വർധനവുണ്ടായതിനെ തുടർന്നാണ് ഉയർന്ന ഇറക്കുമതി തീരുവകൾക്കുള്ള ആവശ്യം.
2025–26 ലെ കേന്ദ്ര ബജറ്റിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് ധനമന്ത്രാലയത്തിന് ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുക എന്നതാണ് നിര്‍ദേശത്തിന്റെ ഉദ്ദേശം. ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം സ്റ്റീൽ ഇറക്കുമതിയുടെ 32 ശതമാനവും ചൈനീസ് സ്റ്റീൽ ആണ്.
ഇറക്കുമതി തീരുവ ഇരട്ടിയാക്കുന്നത് ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ക്ക് ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് പ്രദാനം ചെയ്യുമെന്നാണ് കരുതുന്നത്. തീരുവ ഉയര്‍ത്തുന്നത് സ്റ്റീൽ ഇറക്കുമതി ഉയർത്തുന്ന ഭീഷണികൾ ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് സ്റ്റീൽ മന്ത്രാലയത്തിന്റെ നിലപാട്. ആഗോള വിപണിയിൽ ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കളുടെ മത്സരക്ഷമതയും ലാഭക്ഷമതയും നിലനിർത്തുന്നതിന് ഈ നടപടി സഹായകരമാകുമെന്നാണ് കരുതുന്നത്. സ്റ്റീൽ മന്ത്രാലയത്തിൻ്റെ നിർദേശം ധനമന്ത്രാലയം നിലവില്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.
സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ നടപടികള്‍ വേണമെന്ന ചർച്ചകൾ വ്യാപകമാകുന്നതിനിടെയാണ് ഈ ശുപാർശ എന്നത് ശ്രദ്ധേയമാണ്. സ്റ്റീല്‍ ഇറക്കുമതിയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഇത്തരം നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന 2025–26 ലെ കേന്ദ്ര ബജറ്റിൻ്റെ ഭാഗമായി ധനമന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ പുതുക്കിയ കസ്റ്റംസ് തീരുവ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നത്.
Related Articles
Next Story
Videos
Share it