സൂപ്പര്‍മാര്‍ക്കറ്റുകളും ചെറുകിട കച്ചവടക്കാരും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പൂട്ടിപ്പോയത് 20 ലേറെ ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം മൂവായിരത്തിലേറെ, ഇത്തരത്തില്‍ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. ദിവസത്തില്‍ ഒരു കട വീതം കേരളത്തില്‍ അടച്ചുപൂട്ടുന്ന സ്ഥിതി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് റീറ്റെയ്ല്‍ രംഗത്തെ സംഘടനകളുടെ ഭാരവാഹികള്‍ തന്നെ പറയുന്നു.

എന്താണ് ഈ പ്രതിസന്ധിക്ക് കാരണം? ഇ കോമേഴ്‌സ് വമ്പന്മാരുടെ കടന്നുവരവും വന്‍കിട മാളുകളുടെ ആധിപത്യവും മുതല്‍ മതിയായ പഠനമില്ലാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതുവരെ നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ സംഘടിത റീറ്റെയ്ല്‍ ശൃംഖലകളും വാള്‍മാര്‍ട്ട് പോലുള്ള വിദേശ ശൃംഖലകളും ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങളുമെല്ലാം രാജ്യത്തെ 13 ദശലക്ഷത്തിലേറെ വരുന്ന ചെറുകിട സ്റ്റോറുകള്‍ക്ക് ഭീഷണിയാണെന്ന് വ്യാപാര മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 2022 അവസാനത്തോടെ രാജ്യത്തെ 90000 ചെറുകിട ഷോപ്പുകള്‍ അടച്ചു പൂട്ടുമെന്ന് ഇപ്പോള്‍ തന്നെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വന്‍കിട മാളുകളുടെയും പ്രഭാവമാകും ആധുനികവത്കരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമാകുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൈറ്റുകളേയും മാളുകളെയും ആശ്രയിക്കുന്നതിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ വിപണി പങ്കാളിത്തം നിലവിലെ 88 ശതമാനത്തില്‍ നിന്ന് 75 ശതമാനത്തിലേക്ക് കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചെറുകിട കച്ചവടക്കാര്‍ തളരുന്നു
വന്‍കിടക്കാരോട് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ചെറുകിട കച്ചവടക്കാര്‍ക്കെന്ന് സാമൂഹ്യ നിരീക്ഷികനും സാമ്പത്തിക വിദഗ്ധനുമായ ജോസ് സെബാസ്റ്റ്യന്‍ വിലയിരുത്തുന്നു. വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങി അത് ഉപഭോക്താക്കളിലെത്തിക്കുന്ന വന്‍കിടക്കാര്‍ക്ക് നല്‍കാനാവുന്നതു പോലെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഴിയില്ല. 10-15 ശതമാനം ലാഭമെടുത്ത് കച്ചവടം നടത്തുന്ന അവര്‍ക്ക് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിക്കുകയെന്നതും പ്രയാസമാണ്. മിക്ക കടകളും ഉടമ തന്നെ നേരിട്ട് നിന്ന് നടത്തിക്കുന്നതാണ്. ജീവനക്കാരെ വെക്കാന്‍ പോലും പണം തികയാത്ത സ്ഥിതിയില്‍ ഡോര്‍ ഡെലിവറി നടത്താന്‍ അവര്‍ക്ക് ആകുന്നുമില്ല, ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.
നഗരങ്ങളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവുകളിലാണ് ഏറ്റവും കൂടുതല്‍ പ്രയാസം ചെറുകിട കച്ചവടക്കാര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ കമ്പനികളുടെ സേവനം എളുപ്പത്തില്‍ ലഭിക്കുമെന്നതും വന്‍കിട മാളുകളുടെ സ്വാധീനവുമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഗ്രാമീണ തലത്തില്‍ പോലും ഓണ്‍ലൈന്‍ കമ്പനികളുടെ സേവനം ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡിന് ശേഷം സാധാരണക്കാരന്റെ വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ കൈയില്‍ പണം വന്നു തുടങ്ങിയിട്ടില്ല. ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും കൈയില്‍ മാത്രമാണ് പണമുള്ളത്. അവര്‍ ചെറുകിടക്കാരേക്കാള്‍ മാളുകളിലും ഓണ്‍ലൈനിലും വാങ്ങലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണെന്ന് അദ്ദേഹം പറയുന്നു. ക്ഷേമ പെന്‍ഷന്‍ 1800 രൂപയില്‍ നിന്ന് 2500 എങ്കിലുമാക്കിയാല്‍ വലിയ മാറ്റമാകും വിപണിയില്‍ ഉണ്ടാവുകയെന്നും ജോസ് സെബാസ്റ്റ്യന്‍ വിലയിരുത്തുന്നു.

ചെറുകിട കച്ചവടക്കാരുടെ കാര്യം ഏറെ കഷ്ടത്തിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പറയുന്നു. സംഘടനയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ പോലും കുറവു വരുന്ന രീതിയില്‍ കടകള്‍ പൂട്ടിപ്പോകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പലരും അഭിമാനപ്രശ്നമായി കണ്ടു മാത്രമാണ് കച്ചവടത്തില്‍ തുടരുന്നത്. സ്ഥാപനം ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് കടം പോലും ലഭിക്കുന്നത്.
ഉല്‍പ്പാദകര്‍ ആറു മാസം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബള്‍ക്ക് ആയി വാങ്ങി വിപണിയിലെത്തിക്കാന്‍ ശേഷിയുള്ള വന്‍കിടക്കാരോട് മത്സരിക്കാന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഴിയുന്നില്ല. പലരും പൂട്ടിപ്പോകുന്നു. ആ സ്ഥാനത്ത് വേറൊരാള്‍ തുടങ്ങുന്നു. അതും പൂട്ടുന്നു എന്ന സ്ഥിതിയാണ് എല്ലായിടത്തുമെന്ന് അഷ്റഫ് ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം എല്ലായിടത്തുമുണ്ട്
എന്നാല്‍ ചെറുകിടക്കാര്‍ മാത്രമല്ല, വന്‍കിട കമ്പനികളുടെ ഷോപ്പുകളും പൂട്ടിപ്പോകുന്നുണ്ടെന്ന്, കേരളത്തില്‍ നൈബര്‍ഹുഡ് ഷോപ്പിംഗ് സെന്ററുകള്‍ ഒരുക്കുന്ന സെക്യൂറ ഡെവലപ്പേഴ്സിന്റെ എം എ മെഹബൂബ് പറയുന്നു. രാജ്യത്ത് 500 ലേറെ റെയ്മണ്ട് ഷോറൂമുകളാണ് പൂട്ടിപ്പോയിരിക്കുന്നത്. സംഘടിത മേഖലയാണ് ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോകാന്‍ കാരണമെന്ന് കാട്ടുന്ന സ്ഥിതിവിവര കണക്കുകളൊന്നും പുറത്തു വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കോവിഡ് പ്രത്യാഘാതമാണ് ഈ സ്ഥിതിക്ക് കാരണം. അത് സംഘടിത-അസംഘടിത മേഖലകളെ ഒന്നാകെ ബാധിച്ചിട്ടുമുണ്ട്. സംഘടിത മേഖലയിലും 20 ശതമാനം ഷോപ്പുകള്‍ പൂട്ടിപ്പോയതായി മെഹബൂബ് പറയുന്നു.

ചെറുകിട കച്ചവടക്കാര്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഡോര്‍ ഡെലിവറി നടത്തണമെങ്കില്‍ ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും വേണ്ടി വരും. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ പരിസരത്തുള്ള വീടുകളിലേക്ക് സാധനമെത്തിക്കാന്‍ കൂടിപ്പോയാല്‍ 15 മിനുട്ട് മതിയാകും. എല്ലാവര്‍ക്കും അവരവരുടേതായ ഇടമുണ്ട്. പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിച്ചാല്‍ വളര്‍ച്ച നേടാന്‍ ചെറുകിടക്കാര്‍ക്കും കഴിയുമെന്നാണ് മെഹബൂബ് പറയുന്നത്.

വളരെ പെട്ടെന്ന് തുടങ്ങാന്‍ സാധിക്കുന്ന ബിസിനസ് എന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ പലരും പരിഗണിക്കുന്നത് ഈ രംഗത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ അവര്‍ നാട്ടില്‍ പണിതീര്‍ത്തതോ അല്ലെങ്കില്‍ വാടകയ്ക്ക് എടുത്തതോ ആയ കെട്ടിടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും. അവിടെ അത്തരമൊരു സൂപ്പര്‍മാര്‍ക്കറ്റിന്റെ ആവശ്യമുണ്ടോ? ആ നാട്ടിലെ ആളുകളുടെ വാങ്ങല്‍ ശേഷിയും താല്‍പ്പര്യങ്ങളും എന്താണ്? എന്നിങ്ങനെയുള്ള ഒരു പഠനവും നടത്താതെ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നത് വിപണിയില്‍ മത്സരം ശക്തമാക്കുന്നു. നിലവിലുള്ളവയ്ക്കും പുതുതായി വന്നവയ്ക്കും മതിയായ കച്ചവടം കിട്ടാത്തതുകൊണ്ട് രണ്ടും പൂട്ടിപോകേണ്ട സ്ഥിതി വരും. ഇതാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

1990ല്‍ നടപ്പാക്കിയ എംആര്‍പി ചട്ടം ഇപ്പോള്‍ കാലഹരണപ്പെട്ടുവെന്നും നിലവില്‍ റീറ്റെയ്‌ലേഴ്‌സിനും ഉപഭോക്താക്കളും ഇത് ദോഷകരമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തുള്ള സംഘടനകളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലും കാലോചിതമായ അഴിച്ചുപണിയുണ്ടായില്ലെങ്കില്‍ കച്ചവട രംഗത്തുള്ളവരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്നും ഇവര്‍ പറയുന്നു.
ചെറുകിടക്കാര്‍ എന്തു ചെയ്യണം?
വന്‍കിട മാളുകളുടെയും ഓണ്‍ലൈന്‍ കമ്പനികളുടെയും കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ കാലത്തിനനുസരിച്ച് മാറുകയേ നിവൃത്തിയുള്ളൂ. ആധുനികവത്കരണമാണ് വേണ്ടത്. അതിനുള്ള തുടക്കം ആയിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
ആക്സഞ്ചര്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ ചെറുകിട ഷോപ്പുകളുടെ ആധുനികവ്തകരണത്തിന് വേഗത കൂടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. 2020 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 9 ശതമാനം ഷോപ്പുകള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടായിരുന്നത്. ഡിജിറ്റലൈസേഷനും വളരെ കുറവായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ മാറ്റിമറിക്കുകയും ഡിജിറ്റലൈസേഷന് ആക്കം കൂടുകയും ചെയ്തു. വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഡിജിറ്റല്‍ പേമെന്റ് സംവിധാനം എ്ന്നിവ ഏര്‍പ്പെടുത്തിയ ഷോപ്പുകളുടെ എണ്ണം കൂടി. ഇപ്പോള്‍ രാജ്യത്തെ 20 ശതമാനം ചെറുകിട സ്ഥാപനങ്ങളും ഡിജിറ്റലൈസ്ഡ് ആണെന്ന് പഠനം വ്യക്തമാക്കുന്നു.
ആധുനികവ്തകരിക്കാന്‍ തയാറായ ഷോപ്പുകളുടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനത്തില്‍ 20 മുതല്‍ 300 ശതമാനം വരെ വര്‍ധനവ് ഉണ്ടായെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ലാഭത്തില്‍ 30 മുതല്‍ 400 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായത്.
വ്യത്യസ്തത കൊണ്ടു വരുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പറ്റുമെന്നാണ് ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്സ് പറയുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക എന്നത് പ്രധാനമാണ്. കടയില്‍ എത്തുന്ന പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ഉണ്ടാകണം. ഇന്ന് ഒരുല്‍പ്പന്നത്തെ കുറിച്ച് പഠിച്ച ശേഷമാണ് ഉപഭോക്താവ് കടയില്‍ വാങ്ങാനെത്തുന്നത്. അപ്പോള്‍ അവരുടെ മറ്റു സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ പ്രാപ്തനായിരിക്കണം സെയ്ല്‍മാന്‍. പുതിയ അറിവ് നല്‍കുന്നവരെ തേടി പിന്നെയും അവര്‍ വരുമെന്നതില്‍ സംശയമില്ല. പണമില്ല എന്നതില്‍ കാര്യമില്ല. ജീവനക്കാരെ തൃപ്തിയോടെ കൂടെ നിര്‍ത്താനുമാകണം.
ഷോപ്പിംഗിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അനുയോജ്യമായ തീമുകള്‍ സെറ്റ് ചെയ്ത് അതിനനുസരിച്ച ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഏത് തീമിനും ഇണങ്ങുന്നവ പരിചയപ്പെടുത്താന്‍ കച്ചവടക്കാര്‍ക്ക് കഴിയണം. മുമ്പ് ഒരു ടെക്സറ്റൈല്‍സില്‍ എത്തിയാല്‍ പ്രത്യേക വസ്ത്രം ഏത് നിലയില്‍ കിട്ടുമെന്ന് പറഞ്ഞു കൊടുത്താല്‍ മതിയെങ്കില്‍ ഇന്ന് ആ വസ്ത്രം ഉപയോഗിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കി അതിനിണങ്ങുന്ന വസ്ത്രം നിര്‍ദ്ദേശിക്കുന്നവര്‍ക്കാണ് ഡിമാന്‍ഡ്.
ടെക്നോളജി പ്രയോജനപ്പെടുത്തണം
എല്ലാം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ടെക്നോളജി അപ്ഡേറ്റ് ചെയ്യാതെ മാറിനില്‍ക്കാനാവില്ലെന്ന് ഷിബു ഫിലിപ്സ് പറയുന്നു. ടെക്നോളജിയുടെ സഹായത്തോടെ ഇന്ന് ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാണ്. എന്നാല്‍ ആ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. റീറ്റെയ്ല്‍ മേഖലയില്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് അസ്വാനി ലച്ചമന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ദീപക് എല്‍ അസ്വാനി പറയുന്നത്. പുതിയ തലമുറ ഷോപ്പുകളിലെത്തി വസ്ത്രം ഇട്ട് പാകം നോക്കി മടങ്ങുകയും വീട്ടിലിരുന്ന് അതേ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ സൗകര്യങ്ങളോടെ ഒമ്നിചാനല്‍ ഷോപ്പുകള്‍ക്ക് വലിയ സാധ്യതയുണ്ട്.

ഷോപ്പിംഗ് അനുഭവമാക്കി മാറ്റാന്‍ ചെറുകിടക്കാര്‍ക്കും കഴിയണമെന്ന് ഷിബു ഫിലിപ്സ് പറയുന്നു. കടയിലുള്ളവരുടെ പെരുമാറ്റം മുതല്‍ അവര്‍ നല്‍കുന്ന അനുഭവങ്ങള്‍ നന്നായിരിക്കണം. ഷോപ്പിംഗിന് പുറമേ കുട്ടികള്‍ക്കുള്ള കളിയിടങ്ങള്‍ അടക്കമുള്ളവ തയാറാക്കാം. ഓണ്‍ലൈനില്‍ നിന്ന് ലഭ്യമാകാത്ത ഇത്തരം അനുഭവങ്ങള്‍ക്കായി പുതിയ തലമുറ ഷോപ്പുകളില്‍ എത്തുന്നത് കാണാം.

എന്തൊക്കെയായാലും ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല വലിയ തോതില്‍ വളരുകയാണ്. അതിന്റെ ഗുണം അനുഭവിക്കാന്‍ കാലത്തിനൊത്ത് മാറുന്ന ചെറുകിട കച്ചവടക്കാര്‍ക്കുമാകും. 2032 ഓടെ ഇന്ത്യന്‍ റീറ്റെയ്ല്‍ വിപണി 2 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
kearney റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 2019-2030 കാലയളവില്‍ 9 ശതമാനം വളര്‍ച്ച റീറ്റെയ്ല്‍ മേഖല നേടും. 2019 ല്‍ 779 ശതകോടി ഡോളറിന്റെ വിപണിയായിരുന്നുവെങ്കില്‍ 2026 ഓടെ അത് 1407 ശതകോടി ഡോളറിന്റേതാകും. 2030 ഓടെ 1.8 ലക്ഷം കോടി ഡോളറിന്റേതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it