മെട്രോ നഗരങ്ങളെ "ഇടിച്ചിടാനൊരുങ്ങി' മധ്യനിര നഗരങ്ങൾ

വർഷങ്ങളായി സമ്പദ് വ്യവസ്ഥയിലും ഉപഭോഗത്തിലും മുന്നിലുള്ള വൻ മെട്രോ നഗരങ്ങളെ പിന്തള്ളി മധ്യനിര നഗരങ്ങൾ വികസന കുതിപ്പിൽ. വർദ്ധിച്ചു വരുന്ന വരുമാന സ്രോതസ്സുകളും സാമ്പത്തിക മേഖലയിലെ മികച്ച നേട്ടങ്ങളും മധ്യനിര നഗരങ്ങളെ (ടയർ-II നഗരങ്ങൾ) അതിവേഗ വളർച്ചയിലേക്ക് നയിക്കുന്നുവെന്ന് ആംബിറ്റ് ക്യാപിറ്റലിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മധ്യനിര നഗരങ്ങളിൽ ഉപഭോഗ വളർച്ചയെ രണ്ടാം ഘട്ടത്തിലേക്ക് നയിക്കുന്നതിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നു റിപ്പോർട്ട്, ചൂണ്ടിക്കാട്ടുന്നു.

മധ്യനിര നഗരങ്ങളിലെ വരുമാനം മെട്രോ നഗരങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വളരാൻ സാധ്യതയുണ്ടെന്നും, മറ്റു ചെറിയ നഗരങ്ങളെക്കാൾ ഇരട്ടി വളർച്ച കൈവരിക്കുമെന്നും ആംബിറ്റ് ക്യാപിറ്റലിൻ്റെ 'ഇന്ത്യയിലെ മധ്യ നഗരങ്ങളുടെ വളർച്ച' എന്ന പഠന റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു- ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു അഹമ്മദാബാദ്, പൂനെ എന്നിവയാണ് ഇന്ത്യയിലെ എട്ട് മികച്ച മെട്രോ നഗരങ്ങൾ. നാസിക്, ഗുവഹത്തി, ഇൻഡോർ, ചണ്ഡിഗഡ്, ലക്‌നൗ, റായ്പൂർ, നാഗ്പുർ തുടങ്ങിയ 15 നഗരങ്ങളാണ് രാജ്യത്തെ മധ്യനിര നഗരങ്ങളുടെ പട്ടികയിലുള്ളത്.

വിവിധ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങളിൽ മധ്യനിര നഗരങ്ങൾ മറ്റുള്ളവരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വ്യത്യസ്ത മേഖലകളിലുള്ള അതിവേഗ മുന്നേറ്റത്തിലും ഈ നഗരങ്ങൾ ഉന്നത വളർച്ചാനിരക്ക് കാണിക്കുന്നുണ്ട്. ഈ നഗരങ്ങളിലെ വ്യോമഗതാഗതത്തിലുണ്ടായ കുതിപ്പ്‌ ഇത് വ്യക്തമാക്കുന്നു. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലെ വ്യോമഗതാഗത വളർച്ചാനിരക്ക് 13 മുതൽ 19 ശതമാനം വരെയാണ്. എന്നാൽ മധ്യനിര നഗങ്ങളിൽ ഇത് 21 ശതമാനമാണ്. കിഴക്കൻ നഗരങ്ങളായ റാഞ്ചി, പാറ്റ്ന, ബാഗ്ഡോഗ്ര, സിലിഗുരി, ഗുവഹത്തി എന്നീ നഗരങ്ങളാണ് വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.

വളർച്ചാനിരക്ക് നിർണയിക്കുന്ന മറ്റു സൂചകങ്ങളായ തൊഴിൽ, പണപ്പെരുപ്പം,ഭവനവില തുടങ്ങിയവയിലും മറ്റു നഗരങ്ങളെ അപേക്ഷിച്ച് മധ്യനിര നഗരങ്ങളിൽ അതിവേഗ വളർച്ചയുണ്ടാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. മധ്യനിര നഗരങ്ങളിൽ ഉയർന്ന പണപ്പെരുപ്പം തുടരുന്നത് വിതരണത്തിൽ കവിഞ്ഞ് ഡിമാൻഡ് ഉണ്ടെന്നുള്ളതിന്റെ വിലയിരുത്തുന്നത്സൂചനയാണ്.

"ഞങ്ങളുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മധ്യനിര നഗരങ്ങളിൽ ഒരു വ്യക്തിയുടെ വരുമാനം ഏകദേശം 6000 ഡോളർ ആകാൻ സാധ്യതയുണ്ട്. ഇത് മറ്റു ചെറിയ നഗരങ്ങളിലെ വരുമാനത്തേക്കാൾ ഇരട്ടിയാണ്. രാജ്യത്തെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം വരെ കുറവാണിത്," ആംബിറ്റ് ക്യാപിറ്റൽ വ്യക്തമാക്കുന്നു. ഈ ഘടകങ്ങളെല്ലാം ഉപഭോഗ വളർച്ചയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it