തനിഷ്‌കിന്റെ വിജയം പ്രീമിയം ബാഗുകളിലും ആവര്‍ത്തിക്കാന്‍ ടൈറ്റന്‍, ആദ്യ റീറ്റെയ്ല്‍ ഷോപ്പ് മുംബൈയില്‍

സ്വര്‍ണാഭരണങ്ങള്‍ക്ക് ബ്രാന്‍ഡഡ് പരിവേഷം നല്‍കിയ തനിഷ്‌ക്‌ ഷോറൂമുകളുടെ വിജയത്തിനു ശേഷം പ്രീമിയം ബാഗുകളില്‍ പരീക്ഷണവുമായി എത്തുകയാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്‍. ബാഗ് ആന്‍ഡ് ആക്‌സസറി ബ്രാന്‍ഡായ ഐ.ആര്‍.ടി.എച്ചിന്റെ ആദ്യ റീറ്റെയില്‍ ഷോറൂം മുംബൈയില്‍ തുറന്നു. 2027 സാമ്പത്തിക വര്‍ഷത്തിനകം 100 സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. നിലവില്‍ ഓണ്‍ലൈൻ വഴിയും മറ്റ് ഷോപ്പുകള്‍ വഴിയും വില്‍പ്പന നടത്തുന്നുണ്ട്.

ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം 10 സ്റ്റോറുകള്‍ തുറക്കും. മുംബൈ, പൂനൈ എന്നിവിടങ്ങളില്‍ രണ്ട് വീതവും, ഡല്‍ഹി, കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകള്‍ വീതവും ഉണ്ടാകും. 2025 മാര്‍ച്ചോടെ ഐ.ആര്‍.ടി.എച്ചിന്റെ മൊത്തം വില്‍പ്പനയുടെ 15-20 ശതമാനവും എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലറ്റുകള്‍ (EBOs) വഴി നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

600 കോടി വരുമാനം ലക്ഷ്യം

ഷോപ്പേഴ്‌സ് സ്‌റ്റോപ്പ്, ലൈഫ്‌സ്റ്റൈല്‍ എന്നിവ ഉള്‍പ്പെടെയുള്ള 130 ഓളം നിലവില്‍ ലാര്‍ജ് ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ വഴി 50 ഓളം നഗരങ്ങളില്‍ ബ്രാന്‍ഡിന് സ്വാധീനമുണ്ട്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി 90,000ത്തിലധികം ഉപയോക്താക്കളെയും കമ്പനി നേടിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഐ.ആര്‍.ടി.എച്ച് 600 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ആക്‌സസറീസ് ഡിവിഷന്‍ സംയോജിതമായി ലക്ഷ്യമിടുന്നത് 1,000 കോടി രൂപയാണ്. ബാഗ് ബ്രാന്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് ഷോപ്പുകളില്‍ വിവിധ വിഭാഗത്തിലായി 90 ഓളം ഉത്പന്നങ്ങളാണുള്ളത്.

Related Articles

Next Story

Videos

Share it