വൊഡാഫോണ്‍ ഐഡിയ: കേരളത്തില്‍ മുന്നില്‍, മറ്റിടങ്ങളില്‍ ക്ഷീണം

രാജ്യത്തെ ടെലികോം സര്‍ക്കിളുകളില്‍ 17 എണ്ണത്തിലും വൊഡാഫോണ്‍ ഐഡിയക്ക് (വീ) മൊബൈല്‍ വരിക്കാരെ നഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ മാത്രം ഭേദപ്പെട്ട തലത്തില്‍ തുടരുന്നു. 2023 ജനുവരിയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കുപ്രകാരം വൊഡാഫോണ്‍ ഐഡിയക്ക് കേരളത്തില്‍ 34.4% വിപണി വിഹിതമുണ്ട്. വരിക്കാര്‍ 146 കോടി.

തൊട്ടുപിന്നില്‍ റിലയന്‍സ് ജിയോയാണ്, വരിക്കാര്‍ ഒരു കോടി. ബി.എസ്.എന്‍.എല്‍ (99.28 ലക്ഷം) ഭാരതി എയര്‍ടെല്‍ (79.67 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്ക്.
വരിക്കാര്‍ കുറഞ്ഞു
കേരളത്തില്‍ വീ, ബി.എസ്.എന്‍.എല്‍ എന്നിവയുടെ വരിക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഇത് നേട്ടമായത് റിലയന്‍സ് ജിയോ, ഭാരതി എയെര്‍ടെല്‍ എന്നിവയ്ക്കാണ്. 2022 ജനുവരിയില്‍ മൊത്തം മൊബൈല്‍ വരിക്കാരില്‍ 37% വൊഡാഫോണ്‍ ഐഡിയയുടേതായിരുന്നു. 2023 ജനുവരിയില്‍ വിഹിതം 34.4 ശതമാനമായി കുറഞ്ഞു.
കടുത്ത മത്സരം, 5ജിയുമില്ല
വൊഡാഫോണ്‍ ദേശീയതലത്തില്‍ എല്ലാ സര്‍ക്കിളുകളിലും കടുത്ത മത്സരം നേരിടുകയാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം മൂലധന ചെലവ് ഉയര്‍ത്താന്‍ കഴിയുന്നില്ല. 5ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള കാലതാമസവും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
എയര്‍ടെല്‍, ജിയോ എന്നിവ 5ജി സേവനങ്ങള്‍ 400 പട്ടണങ്ങളില്‍ വ്യാപിപ്പിച്ചപ്പോള്‍ വൊഡാഫോണ്‍ ഭീമമായ കടം വീട്ടാനുള്ള പ്രയത്‌നത്തിലാണ്. അതിനാല്‍, 5ജി ആരംഭിക്കാനുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ 10 മാസമായി തുടര്‍ച്ചയായി വൊഡാഫോണ്‍ വരിക്കാരുടെ എണ്ണം ഇടിയുകയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it