കേരളത്തിലെ കാപ്പി, ഏലം, റബ്ബർ കര്‍ഷകര്‍ക്ക് സഹായവുമായി ലോകബാങ്ക്, 4 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം

കേരളത്തിലെ കര്‍ഷകര്‍ക്ക് ലോകബാങ്കിന്റെ കൈത്താങ്ങ്. കർഷകരെ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും കാർഷിക സംരംഭകരെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതിക്ക് ലോകബാങ്കിൻ്റെ അംഗീകാരം.
അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ കൾ), പ്രത്യേകിച്ച് വനിതാ സംരഭകര്‍ക്ക് 9 മില്യൺ ഡോളർ (75.72 കോടി രൂപ) ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി.

കാലാവസ്ഥാ വ്യതിയാനം പ്രധാന വെല്ലുവിളി

ഏലം, വാനില, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മുൻനിര ഉത്പാദകരാണ് കേരളം. ഇന്ത്യയുടെ കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനവും കേരളത്തിൻ്റെ സംഭാവനയാണ്.
പക്ഷെ, കാലാവസ്ഥാ വ്യതിയാനം ഈ നേട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും വിശാലമായ വിപണികളില്‍ പ്രവേശിക്കാനുളള വെല്ലുവിളികളും സംസ്ഥാനത്തെ കർഷക കുടുംബങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.
200 മില്യൺ ഡോളറിൻ്റെ (1682 കോടി രൂപ) കേരള ക്ലൈമറ്റ് റെസിലൻ്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ (കെ.ഇ.ആർ.എ) പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപം നല്‍കിയിരിക്കുന്നത്. 4 ലക്ഷം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മൂല്യവർധിത ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം

കാപ്പി, ഏലം, റബ്ബർ എന്നിവയുടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ “ഫുഡ് പാർക്കുകൾ” ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഭക്ഷ്യ സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങള്‍ തുടങ്ങിയ കാർഷിക ബിസിനസുകളുടെ വികസനത്തിന് ആവശ്യമായ വെള്ളം, വൈദ്യുതി, മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഈ പാർക്കുകളിൽ സജ്ജമാക്കുന്നതാണ്.
കർഷകരും കാർഷിക ബിസിനസുകളും തമ്മിൽ കൂടുതല്‍ ഉത്പാദനപരമായ കൂട്ടുകെട്ടുകള്‍ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
നെല്ല് പോലുള്ള പ്രധാന ഭക്ഷ്യവിളകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും. ഉത്പാദനക്ഷമതയിലെ വർദ്ധന, കൃഷി ഉത്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ കേരളത്തിൻ്റെ കാർഷിക മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
ഇൻ്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (IBRD) നല്‍കുന്ന 200 മില്യൺ ഡോളർ വായ്പയ്ക്ക് 6 വർഷത്തെ ഗ്രേസ് പിരീഡ് അടക്കം ഇരുപത്തി മൂന്നര വർഷത്തെ കാലാവധിയാണ് ഉളളത്.
Related Articles
Next Story
Videos
Share it