നാനോ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആയിരം വനിതകള്‍ക്ക് വിദഗ്ധപരിശീലനം

നാനോ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ 1000 വനിതകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പരിശീലനം നല്‍കും. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കെഎസ് യുഎമ്മിന്റെ കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം (കെവിന്‍സ്) എന്ന പദ്ധതിയിലൂടെയാണ് പരിശീലനപരിപാടി നടപ്പാക്കുന്നത്.

പ്രാഥമികമായ സാങ്കേതിക പരിജ്ഞാനമുള്ള വനിതകള്‍ക്ക് തങ്ങളുടെ നൈപുണ്യവികസനത്തിന് ഏറ്റവും മുതല്‍ക്കൂട്ടാവുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ജോലി, പുതിയ സംരംഭം, ഉദ്യോഗക്കയറ്റം, വര്‍ക്ക് ഫ്രം ഹോം സാധ്യതകള്‍ മുതലായവ സ്ത്രീകള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
പരിശീലനത്തിനു ശേഷം വീട്ടിലിരുന്ന് സൗകര്യപ്രദമായ സമയക്രമത്തില്‍ ജോലി ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാത്തവര്‍ക്ക് രണ്ട് ഇന്‍കുബേറ്ററുകള്‍ അല്ലെങ്കില്‍ സൗകര്യങ്ങളോടെയുള്ള ജോലിയിടങ്ങള്‍ ഒരുക്കും. ഇത്തരം തൊഴിലവസരങ്ങള്‍ പരിശീലനം ലഭിച്ച വനിതകള്‍ക്ക് ലഭിക്കുന്നതിനുള്ള പൊതു സംവിധാനം സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഭാവിയില്‍ 10,000 വനിതകള്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ഒരു വര്‍ഷം കൊണ്ടാണ് ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍, എന്‍ജിഒകള്‍ തുടങ്ങിയവ വഴിയാണ് ഇതിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ് യുഎമ്മിന്റെ കാമ്പസുകളിലാകും പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ഹ്രസ്വകാല ദൈര്‍ഘ്യമുള്ള താത്കാലിക ജോലി അടിസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ജിഗ് എക്കോണമിയാണ് ഈ പരിശീലന പരിപാടി ഉന്നംവയ്ക്കുന്ന പ്രധാന മേഖല. ഇതിനുതകുന്ന പരിശീലന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതു കൂടാതെ കോഡിംഗ്, ടെക്‌നിക്കല്‍ റൈറ്റിംഗ്, സോഫ്റ്റ് വെയറുകളുടെ ക്വാളിറ്റി അഷ്വറന്‍സ്, ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉള്ളടക്കങ്ങള്‍, മുതലയാവയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it