കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിൽ 89 ശതമാനം പുരുഷ മേധാവിത്വം
കേരളത്തിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ 89 ശതമാനം പുരുഷന്‍മാരുടെ നിയന്ത്രണത്തിലാണെന്ന് കണക്കുകള്‍. കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയ 'സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്' ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 11 ശതമാനത്തില്‍ മാത്രമാണ് വനിതാ സ്റ്റാര്‍ട്ടപ്പുകളെ നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വനിതാ സംരംഭകര്‍ക്ക് അനുകൂലാവസരങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഇതുവരെ എത്തിയത് 55.1 കോടി ഡോളറിന്റെ (ഏതാണ്ട് 4500 കോടി രൂപയിലധികം) നിക്ഷേപമാണ്. ഫിന്‍ടെക്, സാസ് സ്റ്റാര്‍ട്ടപ്പുകളാണ് ഇതില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലഭ്യമാക്കുന്നതില്‍ മുന്‍നിരയിലെത്തിയത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് എത്തിയ മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും സ്വരൂപിക്കാന്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇത് 36.4 കോടി ഡോളര്‍ വരും. ഇതില്‍ 97 ശതമാനവും 2015-നു ശേഷം ലഭിച്ചതാണെന്ന് 'സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്' വ്യക്തമാക്കുന്നു. 2019-ല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2,200 മാത്രമായിരുന്നു. 8.9 കോടി ഡോളര്‍ നിക്ഷേപമായിരുന്നു അന്ന് ലഭിച്ചത്. ഇത് 4000 സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നാണ് ഇത്രയധികം നിക്ഷേപത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലകളില്‍ മുന്നില്‍ എറണാകുളം
വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപത്തില്‍ വലിയ നേട്ടമുണ്ടാക്കിയത് കൊച്ചിയില്‍നിന്നുള്ള കമ്പനികളാണ്. മൊത്തം ഇടപാടുകളില്‍ 74 ശതമാനവും കൊച്ചിയിലും 14 ശതമാനം തിരുവനന്തപുരത്തും 12 ശതമാനം മറ്റിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളിലുമാണ്.
ഹാര്‍ഡ്‌വേര്‍ കമ്പനികളില്‍ മുന്നേറ്റം
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഹാര്‍ഡ്‌വേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നുണ്ട്. 0.6 ശതമാനമാണ് അഖിലേന്ത്യാ ശരാശരിയെങ്കില്‍ കേരളത്തിലേത് മൊത്തം നിക്ഷേപത്തിന്റെ ആറ് ശതമാനവുമാണ്. മുംബൈ കേന്ദ്രമായുള്ള കമ്പനികളില്‍ ഇത് ഒരു ശതമാനവും ഡല്‍ഹിയില്‍ 0.92 ശതമാനവുമാണ്. ബെംഗളൂരുവില്‍ 0.03 ശതമാനത്തിന്റെയും നിക്ഷേപമാണ് ഈ മേഖലയിലുണ്ടായത്.
4000 സ്റ്റാര്‍ട്ടപ് 40,000 ജോലി
നാലായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളിലൂടെ 40,000-ല്‍ അധികം പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതുവഴി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10.1 കോടി ഡോളര്‍ ഫണ്ട് ഒഫ് ഫണ്ടായും ലഭിച്ചു. 0.28 കോടി ഡോളര്‍ ഇന്നൊവേഷന്‍ ഗ്രാന്റായും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. 63 ആക്ടീവ് ഇന്‍കുബേറ്ററുകളും 375 മിനി ഇന്‍കുബേറ്ററുകളുമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.