ജാദൂസ്; കശ്മീരില്‍ തീയേറ്റര്‍ തുറന്ന ശോഭനയുടെ സ്റ്റാര്‍ട്ടപ്പ്

30 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും തീയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിച്ച് തുടങ്ങി. അതിന് തുടക്കമിട്ടതാവട്ടെ മലയാളികളുടെ പ്രയിതാരവും നര്‍ത്തകിയുമായ ശോഭനയ്ക്ക് നിക്ഷേപമുള്ള ജാദൂസ് എന്ന സ്റ്റാര്‍ട്ടപ്പും. തിങ്കളാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലായി രണ്ട് മിനി തീയേറ്ററുകളാണ് ജാദൂസ് തുടങ്ങിയത്.

ഭാദെര്‍വായിലുള്‍പ്പടെ കശ്മീരില്‍ ജാദൂസ് ആരംഭിക്കുന്നത് ഇരുപത്തഞ്ചോളം മിനി തീയേറ്ററുകളാണ്. 50-80 സീറ്റ് തീയേറ്ററുകളാണ് ജാദൂസിന്റേത്. തീവ്രവാദികളുടെ ആക്രമണ ഭീക്ഷണിയെ തുടര്‍ന്നാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരിലെ തീയേറ്ററുകള്‍ അടച്ചുപൂട്ടിയത്. ജാദൂസിന്റെ മിനി സ്‌ക്രീനുകള്‍ കൂടാതെ കശ്മീരിലെ ആദ്യ മള്‍ട്ടിപ്ലക്‌സും (ഇനോക്‌സ്) കശ്മീരില്‍ സെപ്റ്റംബര്‍ 20ന് പ്രവര്‍ത്തനം തുടങ്ങി.

ചെറു തീയേറ്ററുകള്‍ക്കായി ഒരു സ്റ്റാര്‍ട്ടപ്പ്

2018ല്‍ ആണ് ട്രിച്ചി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാഹുല്‍ നെഹ്‌റ ജാദൂസ് ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ശോഭനയും ഭോജ്പുരി സൂപ്പര്‍സ്റ്റാറും എംപിയുമായ രവി കിഷനും നിക്ഷേപം നടത്തുന്നത്. രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ മിനി തീയേറ്ററുകള്‍, വിആര്‍ കഫേകള്‍, എഡ്യുടെയിന്‍മെന്റ് പോയിന്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കുകയാണ് ജാദൂസിന്റെ ലക്ഷ്യം.

കശ്മീരിലെ മിനി തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത സമയങ്ങളില്‍ മത്സര പരീക്ഷകള്‍ക്കായുള്ള കോച്ചിംഗ് സെന്ററായും ഉപയോഗിക്കും. ഇന്ത്യക്ക് പുറമെ നേപ്പാളിലും ജാദൂസിന് സാന്നിധ്യമുണ്ട്. നിലവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി ഇരുപതോളം സ്‌ക്രീനുകളാണ് ജാദൂസിന് ഉള്ളത്. കശ്മീരിലെ 25 സ്‌ക്രീനുകള്‍ കൂടാതെ രാജ്യത്തുടനീളം 25 മിനി തീയേറ്ററുകള്‍ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജാദൂസ്. ഒരോ തീയേറ്ററുകള്‍ക്കായും 50 ലക്ഷം മുതല്‍ ഒരു കോടിവരെയാണ് ജാദൂസ് മുടക്കുന്നത്.

Related Articles
Next Story
Videos
Share it